ബെംഗളൂരു : എസ്.ഐ.ആറിൽ, ജീവിച്ചിരിക്കുന്നയാളുടെ പേര് വോട്ടർപട്ടികയിൽനിന്ന്‌ നീക്കാൻ വ്യാജ മരണസർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് കർണാടക എം.എൽ.എ. ബസനഗൗഡ പാട്ടീൽ യത്നലിന്റെപേരിൽ പോലീസ് കേസെടുത്തു.

To advertise here,

മുൻ ബി.ജെ.പി. നേതാവുകൂടിയായ അദ്ദേഹത്തിന്റെ പേരിൽ വിജയപുര സിറ്റി നിയോജക മണ്ഡലത്തിലെ അബ്ദുൽ റസാഖ് മൗലാ സാബ് ബഗവാൻ(50) എന്നയാളാണ് പരാതി നൽകിയത്.

ഈ മണ്ഡലത്തിലെ എം.എൽ.എ.യാണ് ബസനഗൗഡ പാട്ടീൽ യത്നൽ. താൻ ജീവിച്ചിരുന്നിട്ടും എസ്.ഐ.ആറിൽ തന്റെ പേര് നീക്കംചെയ്യപ്പെട്ടതായി അബ്ദുൽറസാഖിന്റെ പരാതിയിൽ പറയുന്നു. വ്യാജമരണസർട്ടിഫിക്കറ്റും എം.എൽ.എ.യുടെ ഔദ്യോഗിക ലെറ്റർ ഹെഡ്ഡിലുള്ള കത്തും സെപ്റ്റംബർ മൂന്നിന് വിജയപുര സിറ്റി കോർപ്പറേഷൻ കമ്മിഷണർക്ക് യത്നൽ സമർപ്പിച്ചതായും പരാതിയിൽ പറഞ്ഞു. വഞ്ചനയ്ക്കും വ്യാജരേഖ ചമയ്ക്കലിനുമുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് വിജയപുരയിലെ ജലനഗർ പോലീസ് യത്‌നലിന്റെ പേരിൽ കേസെടുത്തത്. പാർട്ടി നേതൃത്വത്തോട്‌ ഇടഞ്ഞുനിന്ന യത്നലിനെ കഴിഞ്ഞ വർഷം മാർച്ചിൽ ബി.ജെ.പി. പുറത്താക്കിയതാണ്. പല വിഷയങ്ങളിലും തീവ്രഹിന്ദുത്വനിലപാട് സ്വീകരിക്കുന്ന യത്നൽ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.

തങ്ങളുടെ വോട്ടുകൾ നീക്കാൻ വ്യാജ മരണസർട്ടിഫിക്കറ്റുകൾ സമർപ്പിച്ചെന്ന് വിജയപുര സിറ്റി മണ്ഡലത്തിൽനിന്നുള്ള എട്ടുസ്ത്രീകൾ കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു.

വ്യാജ മരണസർഫിക്കറ്റുകളുടെ പകർപ്പ് അവർ മാധ്യമപ്രവർത്തകരുടെമുന്നിൽ പ്രർശിപ്പിച്ചിരുന്നു. യത്നലിന്റെ പേരിൽ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് യത്നലിന്റെപേരിൽ പോലീസിൽ പരാതിയും കേസും വന്നത്.