തോപ്പുംപടി : ചെല്ലാനത്ത് രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണ ജോലികൾ ഈ മാസം തുടങ്ങും. നിർമാണ ജോലികളുടെ ഉദ്ഘാടനം 31-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുമെന്ന് മുഹമ്മദ് ഷിയാസ് എം.എൽ.എ. പറഞ്ഞു.

To advertise here,

ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നിർമാണച്ചുമതല. പുത്തൻതോട് മുതൽ മാനാശ്ശേരി വരെയുള്ള 6.1 കിലോമീറ്റർ നീളത്തിലാണ് രണ്ടാം ഘട്ടത്തിൽ ഭിത്തി നിർമിക്കുക. ഇതിനായി 404 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്‌മെന്റ് കോർപ്പറേഷനാണ് നിർവഹണ ഏജൻസി.

ചെല്ലാനം മുതൽ പുത്തൻതോട് വരെയുള്ള ഒന്നാം ഘട്ടത്തിൽ 7.35 കിലോമീറ്റർ നീളത്തിലാണ് ടെട്രാപോഡ് ഭിത്തി നിർമിച്ചത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു നിർമാണം. നിർമാണ ജോലികൾ വേഗത്തിൽ തുടങ്ങാൻ സർക്കാർ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്‌മെന്റ് കോർപ്പറേഷന് നിർദേശം നൽകിയതായി എം.എൽ.എ. പറഞ്ഞു.

ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ പ്രാഥമിക ജോലികൾ ആരംഭിച്ചിട്ടുണ്ട്. കടൽഭിത്തിയുടെ പുനരുദ്ധാരണം, നടപ്പാത നിർമാണം, പെയിന്റിങ്, ഒന്നാംഘട്ടത്തിലെ ബസാർ ഗ്രോയിനുകളുടെ ഉയരം വർധിപ്പിക്കൽ തുടങ്ങിയവ രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രണ്ടാംഘട്ട ഭിത്തി നിർമാണത്തിനായി മുൻ സർക്കാർ 404 കോടി രൂപ അനുവദിച്ചതാണ്. എന്നാൽ സാങ്കേതികാനുമതി വൈകിയതിനാൽ, ജോലികൾ തുടങ്ങാനായില്ല. ഊരാളുങ്കൽ സൊസൈറ്റിക്ക് ജോലി കരാർ നൽകാനുള്ള തീരുമാനം നേരത്തേ എടുത്തതാണ്. അത് തുടരാൻ സർക്കാർ തീരുമാനിക്കുകയായിരുന്നുവെന്ന് ചോദ്യത്തിന് ഉത്തരമായി മുഹമ്മദ് ഷിയാസ് എം.എൽ.എ. പറഞ്ഞു.

ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സർക്കാർ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.

കിഫ്ബി പദ്ധതിയിൽപ്പെടുത്തിയാണ് ചെല്ലാനത്ത് ഒന്നാം ഘട്ട ടെട്രാപോഡ് ഭിത്തി നിർമാണം നടന്നത്. കിഫ്ബിയുടെ നിലനിൽപ്പ് തന്നെ അനിശ്ചിതത്വത്തിലായതിനാൽ, രണ്ടാം ഘട്ട പദ്ധതിയിലും ആശങ്കയുണ്ടായിരുന്നു. എന്നാൽ കിഫ്ബി സംവിധാനത്തിൽ തന്നെ രണ്ടാം ഘട്ട പദ്ധതി പൂർത്തിയാക്കാനാണ് ഇപ്പോൾ സർക്കാരിന്റെ തീരുമാനം.