ബെംഗളൂരു : മൈസൂരു ദസറക്ക് കൊട്ടാരനഗരി ഒരുങ്ങി. ഞായറാഴ്ച ചാമുണ്ഡിമലയിൽ ചാമുണ്ഡേശ്വരീക്ഷേത്രത്തിൽ പൂജയോടെ ആഘോഷത്തിന് ഭക്തിസാന്ദ്രമായ തുടക്കമാകും. കർണാടകത്തിലെ 350 മഠാധിപതികൾ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിക്കും. കൊപ്പാളിലെ ഗവിമഠം മഠാധിപതി അഭിനവ ഗവിസിദ്ധേശ്വര സ്വാമിയാണ് ഉത്സവത്തിന് തിരിതെളിയിക്കുക. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മൈസൂരുവിന്റെ ചുമതലയുള്ള മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ തുടങ്ങിയവർ പങ്കെടുക്കും.

To advertise here,

ഇത്തവണ ദസറക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിച്ചിരുന്നു. വി.ഡി. സതീശനും വിജയ്‌യും ഉൾപ്പെടെ എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മുഖ്യമന്ത്രിമാരുടെ സന്ദർശനം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ദസറ ആഘോഷത്തിൽ ഇത്തവണ മൈസൂരുവിലെ 146 കിലോമീറ്റർ റോഡാണ് വൈദ്യുതിദീപാലങ്കാരത്തിൽ ശോഭിക്കുക. 21 ദിവസം ദീപാലങ്കാരം കൊട്ടാരനഗരത്തിലെത്തുന്നവരെ വരവേൽക്കും.

ചാമുണ്ഡിമലയുൾപ്പെടെ ദീപപ്രഭ ചൊരിയും. 199 റോഡുകളും 123 കവലകളും ദീപാലങ്കാരപ്രഭയിലമരും. ഇതിനുപുറമേ വൈദ്യുതിദീപങ്ങൾ വിന്യസിച്ച 80 നിശ്ചലദൃശ്യങ്ങളും നഗരത്തിന് പ്രൗഢി പകരും.

ആഘോഷത്തിന്റെ ഭാഗമായുള്ള ഡ്രോൺ പ്രദർശനത്തിന് ഇത്തവണ 3,500 എൽ.ഇ.ഡി. ഡ്രോണുകളെത്തും. ഒക്ടോബർ 17 മുതൽ 21 വരെ രാത്രി എട്ടിന് ഡ്രോണുകൾ മിഴിതുറക്കും. ഡ്രോണുകൾക്കൊണ്ട് ആകാശത്ത് മയിലിന്റെ രൂപം രചിച്ച് ഗിന്നസ് റെക്കോഡിൽ ഇടം പിടിക്കാനും ഇത്തവണ ലക്ഷ്യമിടുന്നുണ്ട്. വ്യോമസേനയുടെ അഭ്യാസ പ്രകടനത്തിന്റെ ആകാശക്കാഴ്ചകൾ ഇത്തവണയുമുണ്ട്. കുഞ്ഞു വിമാനങ്ങൾ കരണം മറിഞ്ഞും ചീറിപ്പാഞ്ഞും കാണികളെ കിടിലം കൊള്ളിക്കാൻ വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് ടീം എത്തും. 18 മുതൽ 20 വരെയാണ് ദസറ എയർഷോ ക്രമീകരിച്ചിരിക്കുന്നത്. വിജയദശമിനാളിൽ പതിനായിരങ്ങൾ കാണാനെത്തുന്ന ജംബൂ സവാരിയോടെയാണ് ദസറയ്ക്ക് സമാപനമാകുക.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെത്തുന്ന ദസറ ആഘോഷക്കാലത്ത് സുരക്ഷക്ക് പോലീസ് വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. 8,000 പോലീസുകാരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്.

3000 പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി.

: ദസറ ആഘോഷദിവസങ്ങളിലെ യാത്രക്കാരുടെ തിരക്ക് മുൻനിർത്തി കേരളത്തിലേക്കുൾപ്പെടെ 3000 പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി. ഒക്ടോബർ 16 മുതൽ 20 വരെയായിരിക്കും സർവീസുകൾ. കേരളത്തിൽ എറണാകുളം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസുകളുണ്ടാകും.

ഹൈദരാബാദ്, വിജയവാഡ, നെല്ലൂർ, ചെന്നൈ, ഊട്ടി, കൊടൈക്കനാൽ, സേലം, തിരുച്ചിറപ്പള്ളി, കുംഭകോണം, കോയമ്പത്തൂർ, മധുര, പനജി, പുണെ എന്നിവിടങ്ങളിലേക്കും ബസുകളോടും. രാജഹംസ, സ്ലീപ്പർ ബസുകൾ, ഐരാവത്, ഐരാവത് ക്ലബ് ക്ലാസ്, അംബാരി ഡ്രീം ക്ലാസ്, പല്ലക്കി സ്ലീപ്പർ, അശ്വമേധ, കർണാടക സാരിഗെ ബസുകളാണ് പ്രത്യേക സർവീസുകൾക്കയക്കുക. മൈസൂരു കേന്ദ്രീകരിച്ച് 700 ബസുകൾ അനുവദിച്ചിട്ടുണ്ട്. ഇതിൽ ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് 300 അധിക സർവീസുകളുണ്ടാകും.

400 ബസുകൾ മൈസൂരുവിൽനിന്ന് സമീപത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും. കർണാടകത്തിനുള്ളിൽ മംഗളൂരു,

ഉഡുപ്പി, കുന്ദാപുര, ധർമസ്ഥല, കുക്കെ സുബ്രഹ്മണ്യ, ശൃംഗേരി, ശിവമോഗ, ദാവണഗെരെ, ഗോകർണ, ഹുബ്ബള്ളി, ബെളഗാവി, വിജയപുര, ബല്ലാരി, കാർവാർ, ഹൊസപേട്ട്, കലബുറഗി, റായ് ചൂരു തുടങ്ങിയ കേന്ദ്രങ്ങളിലേക്കും സർവീസുകളുണ്ടാകും.