മുംബൈ : മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ കോക്രോച്ച് ജനതാപാർട്ടിയുടെ ജന്തർ മന്തർ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് പ്രകടനം നടത്തുന്നതിന് മുന്നോടിയായി മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയെയും അനുയായികളെയും മുംബൈ പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. 'ഹം ഭാരത് കെ ലോഗ്' എന്ന സംഘടനയുടെ തലവനായ തുഷാർ ഗാന്ധി, ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് ശനിയാഴ്ച വൈകുന്നേരം 3.30-ന് നടക്കുന്ന പ്രതിഷേധപരിപാടിയിൽ പങ്കെടുക്കാൻ പൗരന്മാരോട് അഭ്യർഥിച്ചു പോസ്റ്റർ പങ്കിട്ടിരുന്നു.

To advertise here,

ആക്ടിവിസ്റ്റ് ഫിറോസ് മിതിബോർവാലയെയും അദ്ദേഹത്തിന്റെ വസതിയിൽനിന്ന് കസ്റ്റഡിയിലെടുത്തു. അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തതായി മകൾ കസ്തൂരി ഗാന്ധി പറഞ്ഞു.

ശനിയാഴ്ച തുഷാർ ഗാന്ധിയെ പിന്തുടർന്നെത്തിയ പോലീസ് അന്ധേരി വെസ്റ്റിലെ ഡി.എൻ. നഗർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നാണ് മകളുടെ ആരോപണം. പോലീസ് നടപടിക്കു പിന്നാലെ തുഷാർ ഗാന്ധി അയച്ച 'എന്റെ മരുന്ന് കൊണ്ടുവരൂ' എന്ന സന്ദേശവും കസ്തൂരി ഗാന്ധി സാമൂഹികമാധ്യമമായ എക്സിൽ പങ്കുവെച്ചു. തുഷാർ ഗാന്ധിയെ കസ്റ്റഡിയിലെടുക്കുന്നത് നേരിൽക്കണ്ട ഡ്രൈവറുമായുള്ള സംഭാഷണവും അവർ പുറത്തുവിട്ടു.

ഞങ്ങൾ കാറിൽ പോകുമ്പോഴാണ് പെട്ടെന്ന് പോലീസ് എത്തിയത്. അവർ അദ്ദേഹത്തെ കൊണ്ടുപോയി. ആരെങ്കിലും ഓട്ടോറിക്ഷയിൽ ഞങ്ങളെ പിന്തുടരുന്നുണ്ടായിരിക്കാം. ലിങ്ക് റോഡിന് സമീപം ഒട്ടേറെ പോലീസുകാരെ കണ്ടു. അദ്ദേഹത്തോട് കാറിൽനിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ട് കൊണ്ടുപോവുകയായിരുന്നു എന്നാണ്‌ ഡ്രൈവറുടെ വെളിപ്പെടുത്തൽ.