തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിൽ പതിപ്പിച്ച പാളികൾ ഇളക്കിക്കൊണ്ടുപോയി സ്വർണം കവർന്ന കേസിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിട്ട് ഒരു വർഷം. ഹൈക്കോടതിയുടെ നിയന്ത്രണത്തിലുള്ള സംഘം ഈ മാസം 25-നുമുൻപ് ആദ്യകേസിൽ കുറ്റപത്രം സമർപ്പിക്കും.
2019-ൽ ക്ഷേത്രത്തിലെ കട്ടിളപ്പാളികൾ ഇളക്കി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് സ്വർണം ഉരുക്കിമാറ്റിയെന്ന കേസിൽ 292 സാക്ഷിമൊഴികൾ രേഖപ്പെടുത്തി കരട് കുറ്റപത്രം തയ്യാറാക്കി. സ്വർണം വേർതിരിക്കാൻ ഉപയോഗിച്ച രാസവസ്തു ജംഷേദ്‌പുരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഫലം രണ്ടുദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ലഭിച്ചാൽ 25-നുമുൻപ് അന്തിമകുറ്റപത്രം സമർപ്പിക്കാമെന്നാണ് എസ്.ഐ.ടി. ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. കോടതി ഇതിന് സമയം അനുവദിച്ചിട്ടുണ്ട്.
ദ്വാരപാലക സ്വർണക്കൊള്ളക്കേസിൽ 2025-ലെ സംഭവങ്ങൾകൂടി കൂട്ടിച്ചേർത്തതിനാൽ കുറ്റപത്രം സർപ്പിക്കാൻ ഒരു മാസംകൂടി വേണമെന്നും എസ്.ഐ.ടി. അറിയിച്ചിരുന്നു. ഈ കേസിൽ നവംബർ 25-നകം കുറ്റപത്രം സമർപ്പിക്കാനാണ് നിർദേശിച്ചിട്ടുള്ളത്. രണ്ടുകേസുകളിലും സമയപരിധി പാലിക്കണമെന്ന് എസ്.ഐ.ടി.ക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.
എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ എസ്.പി. എസ്. ശശിധരൻ അന്വേഷണ ഉദ്യോഗസ്ഥനായ സംഘത്തെ കോടതി നേരിട്ടാണ് നിയമിച്ചത്. ഹൈക്കോടതിയിലെ പ്രത്യേക ദേവസ്വം ബെഞ്ചാണ് സംഭവത്തിൽ സ്വമേധയാ ഇടപെട്ടതും അന്വേഷണത്തിന് ഉത്തരവിട്ടതും.
ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതിയായ കേസിൽ എ. പത്മകുമാർ, എൻ. വാസു, പി.എസ്. പ്രശാന്ത് എന്നീ മൂന്ന് മുൻ ദേവസ്വം പ്രസിഡന്റുമാരെയും തന്ത്രി കണ്ഠരര് രാജീവരും ഉൾപ്പെടെ 16 പേരെ എസ്.ഐ.ടി. അറസ്റ്റുചെയ്തിരുന്നു. ഇവർക്കെല്ലാം ജാമ്യം ലഭിച്ചു. 2019-ലെ സ്വർണക്കവർച്ച മറയ്ക്കാൻ 2025-ലും തട്ടിപ്പ് നടത്തി എന്നാണ് എസ്.ഐ.ടി.യുടെ കണ്ടെത്തൽ.
Content Highlights: SIT to file the first charge sheet in the Sabarimala gold theft case before November 25., 292 witness statements recorded in the 2019 case involving Smart Creations, Chennai., Chemical analysis report expected from Jamshedpur National Metallurgical Lab., 16 accused arrested including former Devaswom presidents and Thanthri Kandararu Rajeevaru, all currently on bail., Investigation reveals a cover-up scam involving 2025 incidents.
Published: 10 Oct 2026, 08:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented