ബെംഗളൂരു : കർണാടകത്തിൽ ബൈക്ക് ടാക്‌സി സർവീസ് നടത്തുന്നതിന് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ സുപ്രീം കോടതി തള്ളി. ബൈക്ക് ടാക്‌സി സർവീസുകൾക്ക് അനുമതി നൽകി ഹൈക്കോടതി ജനുവരിയിൽ പുറപ്പെടുവിച്ച ഉത്തരവിനെതിരേ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. സമ്പൂർണ നിരോധനത്തിന് പകരം നിയന്ത്രണങ്ങളോടെ ടാക്‌സി സർവീസ് നടത്താൻ അനുവദിക്കണമെന്ന് കോടതി വ്യക്തമാക്കി.

To advertise here,

കഴിഞ്ഞവർഷം ഏപ്രിലിലാണ് ഹൈക്കോടതി ഏകാംഗ ബെഞ്ച് കർണാടകത്തിൽ ബൈക്ക് ടാക്‌സി സർവീസ് നിരോധിച്ചത്. ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ വേണം ബൈക്ക് ടാക്‌സി പ്രവർത്തിക്കേണ്ടതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സർക്കാർ ചട്ടരൂപവത്കരണത്തിന് തയ്യാറാകാതെ വന്നതോടെ നിരോധനം ഏർപ്പെടുത്തി കോടതി ഉത്തരവിട്ടു. എന്നാൽ, ഇതിനെതിരേ സമർപ്പിച്ച ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് സർവീസിന് അനുമതി നൽകാൻ ഉത്തരവിടുകയായിരുന്നു. ബൈക്ക് ടാക്‌സിയായി പ്രവർത്തിക്കേണ്ട ഇരുചക്രവാഹനങ്ങൾ ഇതിനായി പ്രത്യേകം രജിസ്റ്റർ ചെയ്യണമെന്നുംഅതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നുമായിരുന്നു കോടതിയുടെ ഉത്തരവിൽ നിർദേശിച്ചിരുന്നത്. എന്നാൽ, ഇതിന് നടപടിയെടുക്കാതെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. രാജ്യത്ത് 25 സംസ്ഥാനങ്ങളിൽ ബൈക്ക് ടാക്‌സി പ്രവർത്തിക്കുന്നുണ്ടെന്നും സ്ത്രീകൾക്ക് സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ ഗതാഗത മാർഗമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. ജി.പി.എസ്. സംവിധാനങ്ങളുള്ളതിനാൽ ബൈക്ക് ടാക്‌സിയിൽ സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിന് സാധിക്കുമെന്നും വ്യക്തമാക്കി. ഗതാഗതക്കുരുക്ക് വലിയ ആശങ്കയായ സംസ്ഥാനത്ത് ബൈക്ക് ടാക്‌സി ഗുണകരമാണെന്നും നിരീക്ഷിച്ചു.