മനാമ: ബഹ്റൈനിൽ നടന്ന ജി.സി.സി. മന്ത്രിതല സമിതി യോഗങ്ങളോട് അനുബന്ധിച്ച്, ജി.സി.സി. വാണിജ്യ- വ്യവസായ മന്ത്രിമാരും ഗൾഫ് ഫെഡറേഷനുകളുടെയും ചേംബറുകളുടെയും മേധാവികളും പങ്കെടുത്ത 15-ാമത് കൂടിയാലോചനാ യോഗത്തിൽ വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദെൽ ഫഖ്റോ അധ്യക്ഷത വഹിച്ചു. വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന പ്രാദേശികവും അന്താരാഷ്ട്രവുമായ സാഹചര്യങ്ങൾക്കിടയിൽ ഏകോപനവും സംയുക്ത പ്രവർത്തനങ്ങളും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം മന്ത്രി ഊന്നിപ്പറഞ്ഞു. ജി.സി.സിയുടെ സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും, വിതരണ ശൃംഖലയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും, ചരക്കുകളുടെയും സേവനങ്ങളുടെയും സുഗമമായ ഒഴുക്ക് നിലനിർത്തുന്നതിനുമുള്ള കൂട്ടായ്മയുടെ ശേഷി വർധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

To advertise here,

ഗൾഫ് മേഖലയിലെ സംയുക്ത നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുക, വാണിജ്യ- വ്യവസായ പദ്ധതികൾ വിപുലീകരിക്കുക, മൂലധനം, ചരക്കുകൾ, സേവനങ്ങൾ എന്നിവയുടെ നീക്കം സുഗമമാക്കുക, ജി.സി.സി. രാജ്യങ്ങൾക്കിടയിലുള്ള വ്യാപാര തടസ്സങ്ങൾ നീക്കുക എന്നിവയിലൂടെ കേവലം ഏകോപനത്തിൽനിന്ന് കൂടുതൽ ആഴത്തിലുള്ള സാമ്പത്തിക സംയോജനത്തിലേക്ക് നീങ്ങേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു.

ജി.സി.സി. രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനും മേഖലയിലുടനീളം സുസ്ഥിര വികസനത്തിനും സമൃദ്ധിക്കും പിന്തുണയേകുന്ന പൊതു- സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രായോഗിക നിർദ്ദേശങ്ങളും പൊതുവായ കാഴ്ചപ്പാടുകളും യോഗത്തിലൂടെ രൂപപ്പെടുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ജി.സി.സി. രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര- വ്യവസായ, നിക്ഷേപ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.