മനാമ: ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ഓണാഘോഷമായ ശ്രാവണ മഹോത്സവം 2026-ന്റെ ഭാഗമായി, സംഘടിപ്പിച്ച ഓണച്ചന്ത വേറിട്ട അനുഭവമായി. ബഹ്‌റൈൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ ഓണചന്ത ജനറൽ കൺവീനർ മുഹമ്മദ് തൻസീറിന്റെ നേതൃത്വത്തിലും ജോയിന്റ് കൺവീനർമാരായ ഷക്കീല മുഹമ്മദലി, മായാ അച്ചു, ഷംല നാസർ എന്നിവരുമാണ് പരിപാടി സംഘടിപ്പിച്ചത്. ബി.എം.സി. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, വിശിഷ്ടാതിഥികളായി പങ്കെടുത്ത അധ്യാപികയും സാമൂഹിക പ്രവർത്തകയുമായ കാത്തു സച്ചിൻ ദേവ്, നിർമാതാവും ജീവകാരുണ്യ പ്രവർത്തകനുമായ ഇടത്തോടി ഭാസ്‌കരൻ, മുഹമ്മദ് തുടങ്ങിയവർ ഏവരും ചേർന്ന് നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

To advertise here,

ഫ്രാൻസിസ് കൈതാരത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ ശ്രാവണ മഹോത്സവം 2026 ജനറൽ കൺവീനർ ബിജു കൂരോപ്പട സ്വാഗതം ആശംസിച്ചു. കാത്തുസച്ചിൻ ദേവ്, ഇടത്തോടി ഭാസ്‌കരൻ, മുഹമ്മദ് തൻസീർ, ശ്രാവണ മഹോത്സവം 2026 ആക്ടിങ് ചെയർമാൻ അജി പി. ജോയ്, സാമൂഹിക പ്രവർത്തകൻ ഇ.വി. രാജീവൻ തുടങ്ങിയവർ ആശംസകൾ നേർന്ന് ചടങ്ങിൽ സംസാരിച്ചു.

ബി.എം.സി. ഓഡിറ്റോറിയത്തിൽ നടന്ന ഓണച്ചന്തയിൽ ഗൃഹാതുരത്വമുണർത്തുന്ന പഴയകാല വസ്ത്രരീതിയും സ്റ്റാളുകളും പാട്ടുകളും ഒരുക്കിയിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളുമായുള്ള തട്ടുകട, കള്ളുഷാപ്പ്, പച്ചക്കറിക്കട, മീൻവിൽപ്പന, ഇറച്ചിക്കട, പഴയ എസ്.ടി.ഡി. ബൂത്ത്, മുച്ചീട്ട് കളിക്കാർ, കള്ളനും പിടിച്ചുപറിക്കാരനും, പോലീസുകാരനും ഗുണ്ടകളും, കൈനോട്ടക്കാരികളും തുടങ്ങി കണ്ണുകൾക്ക് പഴമയുടെ ദൃശ്യശ്രാവ്യ വിരുന്നൊരുക്കിയ ബി.എം.സിയുടെ ഓണച്ചന്തയിൽ തനി നാടൻ കേരളീയ വിഭവങ്ങളും ഓണ പലഹാരങ്ങളുമടക്കമുള്ള വിഭവങ്ങളും ഉണ്ടായിരുന്നു.

ബഹ്റൈനിലെ സാമൂഹിക രംഗത്തെ പ്രമുഖർ ബി.എം.സി. കുടുംബാംഗങ്ങൾ തുടങ്ങി നിരവധി പേർ ഓണച്ചന്ത കാണുവാനും ആസ്വദിക്കുവാനും എത്തിച്ചേർന്നിരുന്നു. പരിപാടിക്ക് മാറ്റുകൂട്ടാൻ നിരവധി കലാപരിപാടികളും വേദിയിൽ ഒരുക്കി. വിശിഷ്ടാതിഥികൾക്ക് ഫ്രാൻസിസ് കൈതാരത്ത് ബി.എം.സിയുടെ ഉപഹാരം സമ്മാനിക്കുകയും കലാപരിപാടികൾ അവതരിപ്പിച്ച ഏവർക്കും സ്‌നേഹ സമ്മാനം നൽകുകയും ചെയ്തു. നിരവധി ഓർമകളിലൂടെ പഴയ കാലത്തിലേക്കുള്ള തിരിച്ചുപോക്കാണ് ബഹ്റൈൻ മീഡിയ സിറ്റി ഒരുക്കിയ ഓണച്ചന്ത സമ്മാനിച്ചത്.