മനാമ: 'ഇന്റലിജന്റ് ഇൻഫ്രാസ്ട്രക്ചർ യുഗത്തിലെ സാമ്പത്തിക സേവനങ്ങൾ' എന്ന പ്രമേയത്തിൽ 'എക്‌സിബിഷൻ വേൾഡ് ബഹ്റൈനിൽ' ആരംഭിച്ച 'ഫിൻടെക് ഫോർവേഡ് 2026'-ൽ കുവൈറ്റ് ഫിനാൻസ് ഹൗസ് ബഹ്റൈൻ പങ്കെടുത്തു. 'ഡയമണ്ട് സ്‌പോൺസർ' എന്ന നിലയിലാണ് കെ.എഫ്.എച്ച്- ബഹ്റൈൻ ഫോറത്തിൽ പങ്കെടുത്തത്.

To advertise here,

പ്രദർശന വേദിയിൽ ബാങ്കിന്റെ വിവിധ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ പരിചയപ്പെടുത്തുന്നതിനായി പ്രത്യേക സ്റ്റാളും ഒരുക്കിയിരുന്നു. ബാങ്കിങ് സേവനങ്ങൾ വികസിപ്പിക്കുന്നതിലെ ബാങ്കിന്റെ സമീപനത്തെക്കുറിച്ചും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും കൂടുതൽ മനസിലാക്കാൻ സ്റ്റാൾ സന്ദർശകർക്ക് അവസരമൊരുക്കി.

വ്യവസായ പ്രമുഖരുമായും വിദഗ്ധരുമായും ആശയവിനിമയം നടത്താനും, ഏറ്റവും പുതിയ ഫിൻടെക് വികാസങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും അറിവ് നേടാനുമുള്ള സുപ്രധാന അവസരമാണ് 'ഫിൻടെക് ഫോർവേഡ്' നൽകിയതെന്ന് കെ.എഫ്.എച്ച്- ബഹ്റൈൻ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. ഷാദി സഹ്രാൻ പറഞ്ഞു. ഫോറത്തിലെ സാന്നിധ്യത്തിലൂടെ, വൈദഗ്ധ്യവും കാഴ്ചപ്പാടുകളും പങ്കുവെക്കാനും ഉപഭോക്താക്കളുടെയും ബിസിനസ് മേഖലയുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന പ്രായോഗിക ബാങ്കിങ് സേവനങ്ങൾ വികസിപ്പിക്കുന്നതിന് സഹായകമായ സഹകരണ സാധ്യതകൾ ആരായാനും സാധിച്ചു. ബാങ്കിങ് സേവനങ്ങളുടെ ലഭ്യത വർധിപ്പിക്കുന്നതിനും കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമായ അനുഭവം നൽകുന്നതിനുമായി ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ വികസിപ്പിക്കുന്നത് കെ.എഫ്.എച്ച്- ബഹ്റൈൻ തുടരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.