
ന്യൂഡൽഹി: 'ഞങ്ങൾ അവസാനിപ്പിക്കില്ല, ഗ്യാനേഷ് കുമാർ രാജിവെക്കുംവരെ പ്രതിഷേധം തുടരും. ഈ രാജ്യത്തെ ഏറ്റവും പവിത്രമായ കാര്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്' ഡൽഹി പോലീസ് തുടർച്ചയായ രണ്ടാംദിനത്തിലും അറസ്റ്റ് ചെയ്ത് തൂക്കിയെടുത്ത് കൊണ്ടുപോകുമ്പോൾ രാഹുൽ ഗാന്ധി പറഞ്ഞ വാക്കുകളാണിത്. വോട്ട് കവർച്ചയിൽ പ്രതിഷേധിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ പ്രതിഷേധം വരുംദിനങ്ങളിലും തുടരുമെന്ന സൂചനയാണ് രാഹുൽ നൽകിയത്.
രണ്ടാംദിനത്തിലും അപ്രതീക്ഷിതവും നാടകീയവുമായ നീക്കങ്ങളാണ് ഡൽഹിയിൽ നടന്നത്. ചൊവ്വാഴ്ച രാവിലെ ഇന്ത്യ സഖ്യ എംപിമാർ തിരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് നടത്തിയ മാർച്ചും പ്രതിഷേധച്ചൂടും രാജ്യതലസ്ഥാനത്ത് രാത്രിവൈകിവരെ തുടർന്നിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്ന് ഉച്ചയോടെ ജന്തർ മന്തറിലേക്ക് കുത്തിയിരിപ്പ് സമരത്തിനായി ഇറങ്ങിയ പ്രതിപക്ഷ എംപിമാരെ വഴിയിൽ തടഞ്ഞതോടെ റോഡ് 'ജന്തർ മന്തർ' ആയി മാറി. റോഡിൽ കിടന്നടക്കം പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ളവരെ ബലപ്രയോഗത്തിലൂടെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. 'നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഞങ്ങളെ തടയാൻ കഴിയില്ല' എന്ന് പോലീസ് കസ്റ്റഡിയിലിരിക്കെ രാഹുൽ പറഞ്ഞു.
ചൊവ്വാഴ്ചത്തെ മാർച്ചിനിടെ ആകാശവാണി ഭവനിൽ കയറി കുത്തിയിരിപ്പ് സമരം നടത്തിയ രാഹുൽ പ്രതിഷേധത്തെ അപ്രതീക്ഷിത വഴിത്തിരിവിലെത്തിച്ചിരുന്നു. സമാനമായൊരു നീക്കമായിരുന്നു ഇന്ന് ജന്തർ മന്തറിലേക്കുള്ള യാത്രയും.
ഖാർഗെയുടെ ഉച്ചവിരുന്ന്
ജന്തർ മന്തറിൽ നിന്ന് 1.2 കിലോമീറ്റർ അകലെയുള്ള സാഗർ രത്ന റെസ്റ്റോറന്റിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എംപിമാർക്കായി ഒരുക്കിയ ഉച്ചഭക്ഷണത്തിന് ശേഷമായിരുന്നു ജന്തർ മന്തറിലേക്കുള്ള നീക്കം. ഇവിടെനിന്ന് ബസുകളിലായിരുന്നു എംപിമാരുടെ യാത്ര.
വിട്ടുനിന്ന് എസ്പി
മല്ലികാർജുൻ ഖാർഗെ ബുധനാഴ്ച ആതിഥേയത്വം വഹിച്ച 'ഇന്ത്യാ' മുന്നണി നേതാക്കളുടെ ഉച്ചഭക്ഷണത്തിൽ സമാജ്വാദി പാർട്ടി (എസ്.പി) പങ്കെടുത്തില്ല എന്നത് ശ്രദ്ധേയമായി. പെട്ടെന്ന് തീരുമാനിച്ചതുകൊണ്ടാണ് ചില സഖ്യകക്ഷികൾ വിട്ടുനിന്നതെന്ന് കോൺഗ്രസ് വിശദീകരിച്ചെങ്കിലും, രാഹുൽ ഗാന്ധി ചൊവ്വാഴ്ച നടത്തിയ അപ്രതീക്ഷിത കുത്തിയിരിപ്പ് സമരം മുൻകൂട്ടി അറിയിക്കാത്തതിലെ അതൃപ്തിയാണ് പിന്നിലെന്നാണ് എസ്പി വൃത്തങ്ങൾ പറയുന്നത്.
ചൊവ്വാഴ്ച രാത്രി വൈകിയാണ് ഉച്ചഭക്ഷണത്തിന്റെ കാര്യം തീരുമാനിച്ചതെന്നും എല്ലാ സഖ്യകക്ഷികൾക്കും ക്ഷണക്കത്തയച്ചിരുന്നുവെന്നും കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു. മുൻകൂട്ടി നിശ്ചയിച്ച മറ്റ് പരിപാടികൾ ഉള്ളതുകൊണ്ട് ശിവസേന (യു.ബി.ടി), എൻ.സി.പി-എസ്.പി പ്രതിനിധികൾക്കും പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോൺഗ്രസ് അറിയിച്ചു.
മുമ്പ് നടന്ന പ്രതിഷേധങ്ങളിൽ രാഹുൽ നടത്തുന്ന ഏകപക്ഷീയമായ നീക്കങ്ങളിൽ എസ്പി നേരത്തെയും അതൃപ്തി അറിയിച്ചിരുന്നു. ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് രാഹുൽ ഗാന്ധി നടത്തിയ കുത്തിയിരിപ്പ് സമരത്തെക്കുറിച്ചും അവസാന നിമിഷമാണ് തങ്ങളെ അറിയിച്ചതെന്ന് എസ്പി നേതാക്കൾ പറഞ്ഞിരുന്നു.
അറസ്റ്റ് സംഘർഷം
ചൊവ്വാഴ്ചത്തെ രാഹുലിന്റെ അപ്രതീക്ഷിത നീക്കം പോലീസിനെ പ്രതിസന്ധിയിലാക്കിയിരുന്നെങ്കിലും ബുധനാഴ്ച വൻ തയ്യാറെടുപ്പുകൾ ഉണ്ടായിരുന്നു. ജന്തർ മന്തറിലേക്ക് എംപിമാർ വരുന്നതറിഞ്ഞ് അങ്ങോട്ടേക്കുള്ള വഴികൾ ബാരിക്കേഡ് വെച്ച് അടച്ച് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചു. പ്രതിപക്ഷ എംപിമാർ മൂന്ന് ബസുകളിലായും അവരെ അനുഗമിച്ച് പ്രവർത്തകരും ജന്തർ മന്തറിലേക്ക് വരുന്നതിനിടെ ജന്തർ മന്തറിന് മീറ്ററുകൾ സമീപത്തുവെച്ച് പോലീസ് തടഞ്ഞു. ബലപ്രയോഗത്തിലൂടെ രാഹുലിനെയും പ്രിയങ്കയെയും മറ്റു നിരവധി നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തുനീക്കി. പോലീസ് തടഞ്ഞതോടെ പ്രിയങ്ക റോഡിൽ കിടന്ന് പ്രതിഷേധിക്കുകയും ചെയ്തു.
രാഹുലിനെ ബരാഖാംബ റോഡ് പോലീസ് സ്റ്റേഷനിലേക്കും പ്രിയങ്കയെ ഛത്രസാൽ സ്റ്റേഡിയം സ്റ്റേഷനിലേക്കുമാണ് പോലീസ് വാഹനത്തിൽ കയറ്റി കൊണ്ടുപോയത്. ഇവരെ പിന്നീട് വിട്ടയച്ചു. പോലീസ് നടപടികളിൽ പ്രതിഷേധിച്ച് നാളെ രാജ്യവ്യാപക പ്രതിഷേധത്തിനും കരിദിനമായി ആചരിക്കാനും കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
സമരത്തിൽ പങ്കെടുത്ത് വി.ഡി.സതീശൻ
ഡൽഹിയിൽ സന്ദർശനത്തിലായിരുന്ന വി.ഡി.സതീശൻ വൈകീട്ടോടെ സമരമുഖത്തെത്തി. കേരള ഹൗസിൽനിന്ന് നടന്നുകൊണ്ടാണ് അദ്ദേഹം പ്രതിഷേധം നടക്കുന്നയിടത്തേക്ക് വന്നത്. രാഹുലിനെ പോലീസ് കൊണ്ടുപോയ സ്റ്റേഷനിലേക്കും മറ്റു കോൺഗ്രസ് നേതാക്കൾക്കൊപ്പം സതീശൻ എത്തിയിരുന്നു. ജനാധിപത്യം പോലീസിന്റെ ഔദാര്യമല്ലെന്നും ജനങ്ങളെ നിശബ്ദരാക്കാൻ കഴിയില്ലെന്നും സതീശൻ പറഞ്ഞു.
Content Highlights: Rahul Gandhi declares protests against Chief Election Commissioner Gyanesh Kumar will continue until resignation., Delhi Police forcefully detains Rahul Gandhi, Priyanka Gandhi, and opposition MPs marching towards Jantar Mantar., Congress calls for a nationwide protest and black day following the police crackdown., Samajwadi Party skipped the INDIA bloc lunch meeting convened by Mallikarjun Kharge, highlighting internal friction.
Published: 07 Oct 2026, 09:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented