ജിദ്ദ/കെയ്റോ: മക്ക, മദീന, പരിസര പ്രദേശങ്ങൾ, സൗദി അറേബ്യയിലെ സിവിലിയൻ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണങ്ങളെ ശക്തമായി അപലപിച്ച് അൽ അസ്ഹർ ഗ്രാൻഡ് ഇമാം പ്രൊഫ. ഡോ. അഹ്‌മദ് അൽ ത്വയ്യിബ്. വിശുദ്ധ സ്ഥലങ്ങളുടെ പവിത്രത ലംഘിക്കുന്നതും സൗദി അറേബ്യയുടെ സുരക്ഷയ്ക്കും പൗരന്മാരുടെയും സന്ദർശകരുടെയും സുരക്ഷയ്ക്കും ഭീഷണിയാകുന്നതുമായ ഏത് നടപടിയെയും ശക്തമായി എതിർക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

To advertise here,

വിശുദ്ധ നഗരങ്ങളായ മക്കയ്ക്കും മദീനയ്ക്കും നേരെയായിരുന്നു ഏറ്റവും ഒടുവിൽ ആക്രമണങ്ങൾ ഉണ്ടായതെന്ന് അൽ അസ്ഹർ ചൂണ്ടിക്കാട്ടി. വിശുദ്ധ കേന്ദ്രങ്ങൾക്ക് സമീപം എത്തിയ ആക്രമണങ്ങളെ സൗദി വ്യോമപ്രതിരോധ സേന തടഞ്ഞതായും പ്രസ്താവനയിൽ വ്യക്തമാക്കി.

ഈ ആക്രമണങ്ങൾ 'ഹീനമായ നടപടികളാണെന്നും' ലോകമെമ്പാടുമുള്ള ഏകദേശം 200 കോടി മുസ്ലിംകളുടെ വികാരങ്ങളെ പരസ്യമായി മുറിവേൽപ്പിക്കുന്നതാണെന്നും അൽ അസ്ഹർ പ്രസ്താവനയിൽ പറഞ്ഞു. ഓരോ മുസ്ലിമിന്റെയും ഹൃദയത്തോട് ചേർന്നുനിൽക്കുന്ന വിശുദ്ധ കേന്ദ്രങ്ങളുടെ പരിപാലനച്ചുമതലയുള്ള രാജ്യത്തിനെതിരായ ആക്രമണം കൂടിയാണിതെന്ന് അൽ അസ്ഹർ ചൂണ്ടിക്കാട്ടി.

വിശുദ്ധ ഭൂമിക്കെതിരായ അതിക്രമങ്ങൾ ദൈവം വിലക്കിയിട്ടുണ്ടെന്നും അവിടെ വസിക്കുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും ആക്രമണങ്ങൾക്ക് പിന്നിലുള്ളവരെ അൽ അസ്ഹർ ഓർമിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന അല്ലാഹുവിന്റെ അതിഥികളായ തീർഥാടകരുടെ സുരക്ഷയും ഇതിൽ ഉൾപ്പെടുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

സംഘർഷങ്ങളും പ്രതിസന്ധികളും രൂക്ഷമാകുന്ന സാഹചര്യത്തിൽ, സമാധാനവും സുസ്ഥിരതയും ആഗ്രഹിക്കുന്ന വിവേകശാലികളായ വ്യക്തികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി അടിയന്തര മധ്യസ്ഥ സമിതി രൂപീകരിക്കണമെന്നും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ആവശ്യപ്പെട്ടു.

ഒരേ മതത്തിലും ഒരേ രാഷ്ട്രസമൂഹത്തിലുംപെട്ടവർ തമ്മിലുള്ള തർക്കങ്ങൾ അവസാനിപ്പിക്കാനും പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം കണ്ടെത്താനും സമിതി ഇടപെടണം. അറബ്, മുസ്ലിം രാജ്യങ്ങളുടെ ശക്തിയും പരമാധികാരവും സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ ജീവനും ഭാവിതലമുറയുടെ താൽപര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അൽ അസ്ഹർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.