ചെന്നൈ : ക്രിസ്മസ് അവധിക്ക് ചെന്നൈയിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിൽ റിസർവേഷൻ ആരംഭിച്ച് മിനിറ്റുകൾക്കകം ടിക്കറ്റ് തീർന്നു. നാട്ടിലെത്താൻ പ്രത്യേക തീവണ്ടികൾ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ.

To advertise here,

ക്രിസ്മസ് ദിനത്തിൽ നാട്ടിലെത്താനുദ്ദേശിക്കുന്നവർക്കായി ഡിസംബർ 24-ന്റെ റിസർവേഷൻ ഞായറാഴ്ച രാവിലെ എട്ടിനാണ് തുടങ്ങിയത്. പ്രധാന വണ്ടികളിലെല്ലാം മിനിറ്റുകൾക്കകം ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റിലേക്കു നീങ്ങി. ചെന്നൈ സെൻട്രലിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള സൂപ്പർ ഫാസ്റ്റിൽ ഒരു ക്ലാസിലും വെയ്റ്റിങ് ലിസ്റ്റിൽപ്പോലും ടിക്കറ്റ് ലഭ്യമല്ല. എല്ലാം റിഗ്രറ്റ് എന്നാണ് കാണിക്കുന്നത്. തിരുവനന്തപുരം മെയിലിലും ആലപ്പുഴ സൂപ്പർ ഫാസ്റ്റിലും ചെന്നൈ എഗ്‌മോറിൽനിന്ന് കൊല്ലത്തേക്കുള്ള അനന്തപുരി എക്സ്‌പ്രസിലും ഗുരുവായൂരേക്കുള്ള എക്സ്‌പ്രസിലും എല്ലാ ടിക്കറ്റും വെയ്റ്റിങ് ലിസ്റ്റിലാണ്.

ചെന്നൈ സെൻട്രലിൽനിന്നുള്ള മംഗളൂരു മെയിലിലും മംഗളൂരു എക്സ്‌പ്രസിലും വെസ്റ്റ് കോസ്റ്റ് എക്സ്‌പ്രസിലും ഡിസംബർ 24-ന്റെസ്ലീപ്പർ, എ.സി. ത്രീടിയർ, ടു. ടയർ, ഫസ്റ്റ് എ.സി. ടിക്കറ്റുകളെല്ലാം വെയിറ്റിങ് ലിസ്റ്റാണ്. എഗ്‌മോറിൽനിന്നുള്ള മംഗളൂരു എക്സ്‌പ്രസിൽ സെക്കൻഡ് സിറ്റിങ് ടിക്കറ്റുപോലും കിട്ടാനില്ല.

ഡിസംബർ 23-ന് തെക്കോട്ടുള്ള എല്ലാ വണ്ടികളിലും നേരത്തേതന്നെ വെയിറ്റിങ് ലിസ്റ്റ് ആയിക്കഴിഞ്ഞു. വടക്കോട്ട് മംഗളൂരു മെയിലിൽ എല്ലാ ക്ലാസിലും വെയിറ്റിങ് ലിസ്റ്റ് ആയി. ചെന്നൈ സെൻട്രൽ-മംഗളുരു എക്സ്‌പ്രസിൽ ചില ക്ലാസുകളിൽ ആർ.എ.സി. ടിക്കറ്റ് ലഭ്യമാണ്. വെസ്റ്റ് വെസ്റ്റ് കോസ്റ്റിലും എഗ്‌മോർ-മംഗളൂരു എക്സ്‌പ്രസിലും ഏതാനും സീറ്റ് ഒഴിവുണ്ട്. അതും ഉടൻ തീരും.

ക്രിസ്മസ് അവധിക്കൊപ്പം ശബരിമല തീർഥാടന കാലംകൂടിയായതുകൊണ്ടാണ് തെക്കോട്ടുള്ള തീവണ്ടികളിൽ വടക്കോട്ടുള്ളതിനെ അപേക്ഷിച്ച് തിരക്കു കൂടുന്നത്. നവംബർ 17-നാണ് മണ്ഡലകാലം തുടങ്ങുന്നത്. ശബരിമല തീർഥാടകർക്കായി തമിഴ്‌നാട് സർക്കാർ ചെന്നൈയിൽനിന്ന് പമ്പയിലേക്ക് ബസ് സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ഇതുവരെ പ്രത്യേക സർവീസൊന്നും പ്രഖ്യാപിച്ചിട്ടില്ല.

ക്രിസ്മസും ശനി, ഞായർ അവധി ദിവസങ്ങളും കഴിഞ്ഞ് ഡിസംബർ 27-നാണ് മടക്കയാത്ര തുടങ്ങുക. അതിന്റെ റിസർവേഷൻ ബുധനാഴ്ച തുടങ്ങും. ശബരിമല തീർഥാടനവും ക്രിസ്മസ് അവധിയും കണക്കിലെടുത്ത് പ്രത്യേക തീവണ്ടികൾ പ്രഖ്യാപിക്കാറുണ്ടെങ്കിലും അതുകൊണ്ട് ഉദ്ദേശിച്ച പ്രയോജനം ലഭിക്കാറില്ല. മിക്കപ്പോഴും പുറപ്പെടുന്നതിന് തൊട്ടു മുൻപാണ് ഇതുസംബന്ധിച്ച അറിയിപ്പുകൾ വരാറ്. പ്രത്യേക തീവണ്ടികൾ മുൻകൂട്ടി പ്രഖ്യാപിച്ച് യാത്രാ ദുരിതം പരിഹരിക്കണമെന്ന് യാത്രക്കാർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും റെയിൽവേ അധികൃതർ അത് ഗൗനിക്കാറില്ല.