റിയാദ്: ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റിയാദിൽ അപകടസാധ്യത സംബന്ധിച്ച്, മുന്നറിയിപ്പ് സംവിധാനത്തിലൂടെ സൗദി സിവിൽ ഡിഫൻസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മിനിറ്റുകൾക്കകം അപകടനില അവസാനിച്ചതായും സിവിൽ ഡിഫൻസ് അറിയിച്ചു.

To advertise here,

പൗരന്മാരും പ്രവാസികളും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. മുന്നറിയിപ്പ് നിലനിൽക്കുന്ന സമയത്ത് തുറസ്സായ സ്ഥലങ്ങളിൽനിന്നും ഗ്ലാസ് പ്രതലങ്ങളിൽ നിന്നും അകന്നുനിൽക്കണം. ബാൽക്കണികളിലും കെട്ടിടങ്ങളുടെ മേൽക്കൂരകളിലും നിൽക്കരുതെന്നും നിർദേശിച്ചു.

കെട്ടിടങ്ങൾക്ക് പുറത്തുള്ളവർ സമീപത്തെ സുരക്ഷിതമായ കെട്ടിടത്തിലേക്ക് പ്രവേശിക്കുകയോ ഉറപ്പുള്ള മറവിടങ്ങളിൽ അഭയം തേടുകയോ വേണം. ആളുകൾ കൂട്ടംകൂടുന്നതും സംഭവങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുന്നതും ഒഴിവാക്കണം. സാഹചര്യം പൂർണമായി അവസാനിക്കുന്നതുവരെ അപകടസാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് അകന്നുനിൽക്കണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകളും ദൃശ്യങ്ങളും പ്രചരിപ്പിക്കരുതെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുന്ന നടപടികളുമായി ബന്ധപ്പെട്ട വിവരങ്ങളും അവയുടെ അവശിഷ്ടങ്ങൾ പതിച്ച സ്ഥലങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം നടപടികളിൽ ഏർപ്പെടുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.