റിയാദിൽനിന്ന് ദുബായിലേക്ക് വിമാനത്തിൽ രണ്ടു മണിക്കൂർ തികച്ചുവേണ്ട. റിയാദ് വിമാനത്താവളം അടഞ്ഞപ്പോൾ അതേ ദൂരം താണ്ടാൻ വേണ്ടിവന്നത് പന്ത്രണ്ടു മണിക്കൂർ. മിസൈൽ ഭീതിക്കിടയിൽ സൗദി തലസ്ഥാനത്തുനിന്ന് റോഡ് മാർഗം യുഎഇയിലേക്കു മടങ്ങിയ യാത്രയുടെ നേർക്കാഴ്ച.

To advertise here,

സൗദി അതിർത്തിയിൽ ഉദ്യോഗസ്ഥൻ വിരലടയാളയന്ത്രം വാഹനത്തിനകത്തേക്കു നീട്ടി. സാധാരണ വിമാനത്താവളത്തിലെ കൗണ്ടറിനു മുന്നിൽനിന്നാണ് വിരൽ പതിക്കാറുള്ളത്. ഇത്തവണ അത് വാഹനത്തിൽ ഇരുന്നുകൊണ്ടായിരുന്നു. പിന്നിൽ റിയാദ്. മുന്നിൽ യുഎഇ അതിർത്തിയും; അതിനപ്പുറം ഷാർജ വരെ നീളുന്ന രാത്രിപ്പാതയും.

ദുബായിൽനിന്ന് റിയാദിലേക്കു പറക്കുമ്പോൾതന്നെ മടക്കയാത്രയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. പക്ഷേ, അത് ഇത്ര ദൂരം നീളുമെന്ന് കരുതിയില്ല.

ഇറങ്ങിയ ദിവസം തന്നെ...

ഒക്ടോബർ 8-ന് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം രണ്ടുതവണ ആക്രമിക്കപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസം, ഒക്ടോബർ 9-ന് രാത്രി, വൈകിയാണ് റിയാദ് എയർ വിമാനം ദുബായിൽനിന്ന് പുറപ്പെട്ടത്. പത്താം തീയതി പുലർച്ചെ റിയാദിൽ ഇറങ്ങി. അതേദിവസംതന്നെ വിമാനത്താവളത്തിനു നേരെ വീണ്ടും മിസൈൽ ആക്രമണമുണ്ടായി. 12 പേർ മരിച്ചു, 309 പേർക്ക് പരിക്കേറ്റു. പ്രവർത്തനം നിർത്തിവെച്ച വിമാനത്താവളം ഒക്ടോബർ 17 വരെ അടച്ചിടുമെന്ന് സൗദി അധികൃതർ അറിയിച്ചു.

ഒക്ടോബർ 11 മുതൽ 15 വരെ റിയാദിൽ നടക്കുന്ന 25-ാമത് ഡബ്ല്യുപിസി എനർജി കോൺഗ്രസിൽ പങ്കെടുക്കാനായിരുന്നു യാത്ര. 93 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഈ സമ്മേളനം സൗദിയിൽ നടക്കുന്നത്.

ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും ചില ഔദ്യോഗിക നടപടികളും തീർക്കാനാണ് പ്രതിസന്ധികൾ വകവെക്കാതെ സമ്മേളനത്തിനു തലേന്നുതന്നെ റിയാദിലെത്തിയത്. വിമാനത്താവളം അടഞ്ഞതോടെ, വലിയ ചോദ്യം എങ്ങനെ മടങ്ങും എന്നതായി.

ഖസീം വഴി, ബഹ്‌റൈൻ വഴി:

റിയാദിലെ വിമാനത്താവളം അടഞ്ഞെങ്കിലും വഴികൾ പൂർണമായി അടഞ്ഞിരുന്നില്ല. കമ്പനിയിലെ ചില മുതിർന്ന ഉദ്യോഗസ്ഥർ ദുബായിൽനിന്ന് ബഹ്‌റൈനിലേക്കു പറന്ന് അവിടെനിന്ന് റോഡ് മാർഗം റിയാദിലെത്തി. കമ്പനി ചെയർമാൻ മുംബൈയിൽനിന്ന് വന്നിറങ്ങിയത് റിയാദിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള അൽ ഖസീം വിമാനത്താവളത്തിലാണ്. പ്രതിസന്ധിക്കിടയിലും സമ്മേളനത്തിനുള്ള ഒരുക്കങ്ങളും ഞങ്ങളുടെ പങ്കാളിത്തവും മുടങ്ങിയില്ല.

മുന്നിൽ മൂന്നു വഴികളായിരുന്നു ഉണ്ടായിരുന്നത്. റോഡ് മാർഗം അൽ ഖസീമിലെത്തി അവിടെനിന്ന് ഷാർജയിലേക്ക് വിമാനം പിടിക്കുക. ബഹ്‌റൈൻ അതിർത്തി കടന്ന് അവിടെനിന്ന് ദുബായിലേക്ക് പറക്കുക. അല്ലെങ്കിൽ, നേരെ യുഎഇയിലേക്ക് റോഡ് മാർഗം ഓടിച്ചെത്തുക. ഖസീമിലേക്ക് മണിക്കൂറുകളുടെ യാത്രയുണ്ട്; അവിടെനിന്ന് വിമാനം പറക്കുമെന്ന് ഉറപ്പുമില്ല. ബഹ്‌റൈൻ വഴിയാകുമ്പോൾ ഒരു അതിർത്തി കടക്കണം, പിന്നെ വീണ്ടും വിമാനം കയറണം.

അങ്ങനെയാണ് നേരിട്ടുള്ള റോഡ് യാത്രയ്ക്ക് മുതിർന്നത്. അതിനു വേണ്ടത് ക്ഷമയും മനോധൈര്യവും അതിർത്തിയിലെ കാത്തിരിപ്പ് സഹിക്കാനുള്ള മനസ്സും നല്ലൊരു വാഹനവുമാണ്. വാഹനവും ഡ്രൈവറും കമ്പനി ഏർപ്പാടാക്കി. കൂടെ സമ്മേളനത്തിനെത്തിയ മറ്റു രണ്ടു സഹപ്രവർത്തകരും.

ഉച്ചയ്ക്ക് 12.15

ഒക്ടോബർ 15 വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15. യുഎഇ ലക്ഷ്യമാക്കി ലാൻഡ് ക്രൂയിസർ റിയാദിൽനിന്ന് പുറപ്പെട്ടു. ഭക്ഷണവും വെള്ളവും വാഹനത്തിൽ കരുതിയിരുന്നു. അതുകൊണ്ട് വഴിയിൽ ഹോട്ടൽ തേടി സമയം കളയേണ്ടിവന്നില്ല.

വർഷങ്ങൾക്കു മുമ്പ് ഒമാനിലെ സലാലയിൽനിന്ന് അൽ ഐനിലേക്ക് ഏകദേശം 1,100 കിലോമീറ്റർ ഒറ്റയടിക്ക് ഓടിച്ച ഒരു യാത്ര ഓർമയിലുണ്ട്. കൂടെ യാത്ര ചെയ്തിരുന്ന ഭാര്യയുമായുള്ള ഒരു പന്തയത്തിന്റെ പുറത്തായിരുന്നു ആ സാഹസം. പന്തയത്തിൽ ജയിച്ചെങ്കിലും ഇന്നോർക്കുമ്പോൾ അത് അത്ര ബുദ്ധിപൂർവമായിരുന്നില്ലെന്നു തോന്നുന്നു. അന്ന് സ്റ്റിയറിങ് സ്വന്തം കൈയിലായിരുന്നു. ഇത്തവണ ആ ഭാരമില്ല. വണ്ടിയോടിക്കേണ്ടാത്തയാൾക്ക് പുറത്തേക്കു നോക്കിയിരിക്കാം, വഴി ശ്രദ്ധിക്കാം.

റിയാദിൽനിന്ന് കിഴക്കോട്ടും പിന്നെ തെക്കുകിഴക്കോട്ടും നീളുന്ന ഹൈവേ മരുഭൂമിയുടെ നടുവിലൂടെയാണ്. മാപ്പിൽ കാണിച്ചത് ഏകദേശം ഒമ്പത് മണിക്കൂർ. അതിർത്തിയിലെ നടപടികളും ഇടവേളകളും ആ കണക്കിൽ ഇല്ല.

പൊടിക്കാറ്റും ചരക്കുലോറികളും

ഇടയ്ക്കിടെ പൊടിക്കാറ്റ് വീശിയടിച്ചു. മരുഭൂമിയിലെ മണൽ റോഡിലേക്കു പാറുമ്പോൾ മുന്നിലെ കാഴ്ച മങ്ങും. ചരക്കുലോറികൾ നിരനിരയായി ഓടുന്ന ഹൈവേയിൽ അപ്പോൾ വേഗം കുറച്ച്, മുന്നിലെ വണ്ടിയിൽനിന്ന് കൂടുതൽ അകലം പാലിച്ചേ പറ്റൂ. മണിക്കൂറുകളോളം ഒരേ നിറവും ഒരേ കാഴ്ചയും. അത്തരം പാതകളിൽ ഡ്രൈവറുടെ ജാഗ്രത പോലെതന്നെ പ്രധാനമാണ് ഒപ്പമുള്ളവരുടെ ശ്രദ്ധയും. വഴിയിൽ ഒന്നുരണ്ട് അപകടങ്ങളും കണ്ടു.

സൗദിയിൽനിന്ന് പുറത്തുകടക്കൽ പ്രതീക്ഷിച്ചതിലും ലളിതമായിരുന്നു. വാഹനത്തിൽനിന്ന് ഇറങ്ങേണ്ടിവന്നില്ല. ആധുനിക സ്‌കാനറിലൂടെ വാഹനം കടത്തിവിട്ട് പരിശോധിച്ചു. പാസ്‌പോർട്ടുകൾ വാങ്ങിയ ഉദ്യോഗസ്ഥൻ വിരലടയാളയന്ത്രം അകത്തേക്കു തന്നു. നടപടികൾ തീർന്നതോടെ യാത്ര തുടർന്നു. രാത്രി 8.45-ഓടെ യുഎഇ അതിർത്തിയിലെത്തി. നടപടികൾ പൂർത്തിയാക്കി അകത്തുകടന്നു. പക്ഷേ, യാത്ര തീർന്നിട്ടില്ലായിരുന്നു.

അതിർത്തിയിൽ ഡ്രൈവർ മാറുന്നു

ഈ യാത്രയിലെ ഏറ്റവും ബുദ്ധിപൂർവമായ തീരുമാനം നേരത്തേ എടുത്ത ഒന്നായിരുന്നു. റിയാദിൽനിന്ന് ഞങ്ങളെ കൊണ്ടുവന്ന ഡ്രൈവറെ അതിർത്തി കടന്ന ഉടൻ തിരിച്ചയച്ചു. യുഎഇ ഭാഗത്ത് കമ്പനി ഏർപ്പാടാക്കിയ മറ്റൊരു ഡ്രൈവർ കാത്തുനിന്നിരുന്നു.

മണിക്കൂറുകളോളം മരുഭൂമിപ്പാതയിലൂടെ വണ്ടിയോടിച്ച ഒരാളോട് രാത്രിയിൽ വീണ്ടും മണിക്കൂറുകൾ ഓടിക്കാൻ പറയുന്നത് അപകടം ക്ഷണിച്ചുവരുത്തലാണ്. ക്ഷീണവും ഉറക്കവും ആദ്യം കവരുന്നത് ശ്രദ്ധയാണ്. ഡ്രൈവറെ മാറ്റിയ ക്രമീകരണമാണ് യാത്രയുടെ അവസാനഘട്ടം സുരക്ഷിതമാക്കിയത്.

അതിർത്തിക്കടുത്തുള്ള സിലയിൽനിന്ന് അബുദാബി വഴി ഷാർജയിലേക്ക് ഇനിയും മൂന്നു മണിക്കൂറിലേറെ യാത്രയുണ്ടായിരുന്നു. രാത്രിയിലെ ഹൈവേയിൽ വീണ്ടും ചരക്കുലോറികളുടെ നിര. ഷാർജയിലെ വീട്ടിലെത്തുമ്പോൾ യുഎഇ സമയം പുലർച്ചെ ഒരു മണി കഴിഞ്ഞിരുന്നു. സൗദി സമയം ഉച്ചയ്ക്ക് 12.15ന് തുടങ്ങിയ യാത്ര. ഒരു മണിക്കൂർ സമയവ്യത്യാസം കൂടി കണക്കാക്കുമ്പോൾ പന്ത്രണ്ടു മണിക്കൂറിലേറെ.

റോഡ് ഓർമിപ്പിച്ചത്

വിമാനത്തിൽ രണ്ടു മണിക്കൂർ തികയാത്ത ദൂരത്തിന് പന്ത്രണ്ടു മണിക്കൂർ. ക്ഷീണമുണ്ടായിരുന്നു. പക്ഷേ, പലവിധ കാഴ്ചകൾ കണ്ട് സുരക്ഷിതമായി വീടെത്തിയതിന്റെ ആശ്വാസം അതിലും വലുതായിരുന്നു.

ഗൾഫ് രാജ്യങ്ങളെ തമ്മിൽ ചേർത്തുനിർത്തുന്നത് വിമാനസർവീസുകൾ മാത്രമല്ല. ആകാശം അടയുമ്പോൾ തുറന്നിരിക്കുന്നത് ഈ മരുഭൂമിപ്പാതകളും അതിർത്തി കവാടങ്ങളുമാണ്. അവ എത്ര പ്രധാനമാണെന്ന് ഇത്തരമൊരു പ്രതിസന്ധിയിലേ ശരിക്കും ബോധ്യപ്പെടൂ. പക്ഷേ, ആ വഴി തിരഞ്ഞെടുക്കുന്നവർക്ക് നല്ല തയ്യാറെടുപ്പും ക്ഷമയും കൂടിയേ തീരൂ.

റോഡ് മാർഗം പോകുന്നവർ ശ്രദ്ധിക്കാൻ:

  • പാസ്പോർട്ട്, വിസ, വാഹനരേഖകൾ, ഇൻഷുറൻസ് എന്നിവയുടെ കാലാവധി യാത്രയ്ക്കു മുമ്പേ ഉറപ്പാക്കുക.
  • ഭക്ഷണവും ആവശ്യത്തിന് കുടിവെള്ളവും കരുതുക.
  • വിശ്രമകേന്ദ്രങ്ങളും ശുചിമുറികളുമുള്ള ഇടങ്ങൾ കഴിയുന്നത്ര മുൻകൂട്ടി കണ്ടെത്തുക.
  • ഡ്രൈവർക്ക് മതിയായ വിശ്രമം ഉറപ്പാക്കുക. കഴിയുമെങ്കിൽ അതിർത്തിയിൽ ഡ്രൈവറെ മാറ്റുക, അല്ലെങ്കിൽ മാറിമാറി ഡ്രൈവ് ചെയ്യുക.
  • വഴിയിലുടനീളം റോഡരികിലും റോഡിനു മുകളിലുമായി വേഗപരിശോധനാ ക്യാമറകളുണ്ട്. വേഗപരിധി ശ്രദ്ധിച്ചില്ലെങ്കിൽ പിഴ ഉറപ്പ്.
  • മാപ്പിലെ യാത്രാസമയം മാത്രം നോക്കി പദ്ധതിയിടരുത്. അതിർത്തിയിലെ കാത്തിരിപ്പിനും മറ്റു തടസ്സങ്ങൾക്കും അധികസമയം കണക്കാക്കുക.
  • റോഡ് യാത്ര തീരുമാനിക്കുന്നതിനു മുമ്പ് അൽ ഖസീമിൽനിന്നും ബഹ്റൈനിൽനിന്നുമുള്ള വിമാനങ്ങളുടെ ലഭ്യത പരിശോധിക്കുക. ലക്ഷ്യസ്ഥാനം, സുരക്ഷാ സാഹചര്യം, അതിർത്തി നടപടികൾ എന്നിവ പരിഗണിച്ച് യാത്രാമാർഗം തിരഞ്ഞെടുക്കുക.