കലഞ്ഞൂർ: മൂന്നര കിലോമീറ്റർ റോഡ് നന്നാക്കിയാൽ പാടം നിവാസികൾക്ക് ഓരോ യാത്രയിലും ലാഭിക്കാനാകുന്നത് കിലോമീറ്ററുകളാണ്. എന്നാൽ വർഷങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്ന പാടം-പുന്നല കടശ്ശേരി റോഡ് യാഥാർഥ്യമാക്കാൻ അധികൃതർ തയ്യാറാകാത്തത് പ്രദേശവാസികളുടെ യാത്രാദുരിതം തുടരാൻ കാരണമാകുന്നു.പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ വനാതിർത്തിയിലുള്ള പാടം പ്രദേശത്തുനിന്ന് കൊല്ലം ജില്ലയിലെ പുന്നല കടശ്ശേരിയിലേക്ക് ബന്ധിപ്പിക്കുന്ന റോഡാണ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്.

To advertise here,

ഈ മൂന്നര കിലോമീറ്റർ ദൂരം സഞ്ചരിച്ച് കടശ്ശേരിയിലെത്താൻ കഴിഞ്ഞാൽ അവിടെനിന്ന് അഞ്ചര കിലോമീറ്റർ മാത്രം യാത്ര ചെയ്താൽ പുനലൂർ-പത്തനംതിട്ട റോഡിലെ അലിമുക്കിലെത്താം. ഇതോടെ പാടത്തുനിന്ന് പുനലൂരിലേക്ക് ആകെ 15 കിലോമീറ്റർ യാത്ര ചെയ്താൽ മതിയാകും.എന്നാൽ നിലവിൽ കലഞ്ഞൂർ വഴിയായാലും പൂങ്കുളഞ്ഞി വഴിയായാലും പുനലൂരിലെത്താൻ ഏകദേശം 30 കിലോമീറ്റർ സഞ്ചരിക്കണം.

വെറും മൂന്നര കിലോമീറ്റർ റോഡ് ഗതാഗതയോഗ്യമാക്കിയാൽ ഓരോ യാത്രയിലും 15 കിലോമീറ്ററോളം ലാഭിക്കാനാകും. സമയവും ഇന്ധനച്ചെലവും കുറയ്ക്കുന്നതിനൊപ്പം യാത്രാക്ലേശത്തിനും വലിയ ആശ്വാസമാകും.പാടം, വെള്ളംതെറ്റി, മാങ്കോട്, തട്ടാക്കുടി, പൂമരുതിക്കുഴി തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഈ റോഡ് വലിയ അനുഗ്രഹമാകും.

പ്രത്യേകിച്ച് അടിയന്തര ചികിത്സ ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ പുനലൂർ താലൂക്ക് ആശുപത്രിയിലെത്താൻ നിലവിലുള്ളതിനേക്കാൾ എളുപ്പവഴി ലഭിക്കും. വിദ്യാർഥികൾക്കും തൊഴിലാളികൾക്കും വ്യാപാര ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും റോഡ് വലിയ പ്രയോജനം ചെയ്യും.

പാടം-കടശ്ശേരി റോഡിനെ പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി മുമ്പ് ശ്രമം നടന്നിരുന്നു. എന്നാൽ പദ്ധതി യാഥാർഥ്യമായില്ല. റോഡിന് ആവശ്യമായ വീതിയുള്ളതിനാൽ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്നതും വികസനത്തിന് അനുകൂല ഘടകമാണ്.രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് യാഥാർഥ്യമായാൽ പത്തനംതിട്ടയിലെയും കൊല്ലത്തിലെയും അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾക്ക് വലിയ യാത്രാസൗകര്യമാണ് ലഭിക്കുക.

അതിനാൽ കലഞ്ഞൂർ ഗ്രാമപഞ്ചായത്തും കൊല്ലം ജില്ലയിലെ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി ഇടപെട്ട് റോഡ് വികസനത്തിന് പദ്ധതി തയ്യാറാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചും പദ്ധതി നടപ്പാക്കാവുന്നതാണ്.

മൂന്നര കിലോമീറ്റർ റോഡ് നന്നാക്കാൻ കഴിയാത്തതിന്റെ പേരിൽ പതിറ്റാണ്ടുകളായി അധികദൂരം യാത്ര ചെയ്യേണ്ടിവരുന്ന ജനങ്ങളുടെ ദുരിതത്തിന് ഇനി എന്നെങ്കിലും പരിഹാരമുണ്ടാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്.മൂന്നര കിലോമീറ്റർ യാത്ര ചെയ്ത് കൊല്ലത്തിന്റെ അതിർത്തിയായ കടശ്ശേരി മുതൽ റോഡ് വ്യത്തിയായി കിടക്കുകയാണ്.