പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിലെ 10-ാം വാർഡിൽ കുടിവെള്ള പൈപ്പ് പൊട്ടി രണ്ടുമാസത്തോളമായി കുടിവെള്ളം റോഡിലൂടെ പാഴാകുന്നതായി പരാതി. പത്തനംതിട്ട - കടമ്മനിട്ട റോഡിൽ മുൻ ജില്ലാ ലേബർ ഓഫീസിന് എതിർ വശത്തുള്ള മുനിസിപ്പൽ കോൺക്രീറ്റ് റോഡിലാണ് പൈപ്പ് പൊട്ടിക്കിടക്കുന്നത്. കുടിവെള്ളം ഒഴുകിപ്പോകുന്നതിനാൽ ഉയർന്ന പ്രദേശത്തെ വീടുകളിലേക്ക് കുടിവെള്ളം എത്താത്തത് പ്രദേശവാസികളെ കടുത്ത ദുരിതത്തിലാക്കിയിട്ടുണ്ട്.

To advertise here,

രണ്ടുമാസം മുമ്പാണ് ഇവിടെ കുടിവെള്ള പൈപ്പ് പൊട്ടിയത്. തുടർന്ന് കഴിഞ്ഞ മാസം അവസാനത്തോടെ ബന്ധപ്പെട്ടവർ സ്ഥലത്തെത്തി താൽക്കാലിക അറ്റകുറ്റപ്പണി നടത്തി മടങ്ങി. എന്നാൽ, പിന്നീട് ലൈനിലൂടെ വെള്ളം പമ്പ് ചെയ്തപ്പോൾ പൈപ്പ് വീണ്ടും പൊട്ടുകയായിരുന്നു. ഇതോടെ കുടിവെള്ളം റോഡിലൂടെ കുത്തിയൊഴുകുന്ന അവസ്ഥയാണ് നിലവിലുള്ളത്. പൊട്ടിയ പൈപ്പിലൂടെ വെള്ളം ചോർന്നുപോകുന്നതിനാൽ മുകളിലത്തെ ഭാഗത്തെ പത്തോളം കുടുംബങ്ങൾക്ക് പൈപ്പ് വെള്ളം ലഭിക്കുന്നില്ലെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. ദൈനംദിന ആവശ്യങ്ങൾക്കും കുടിക്കുന്നതിനും വെള്ളം കണ്ടെത്താൻ കുടുംബങ്ങൾ ബുദ്ധിമുട്ടുകയാണ്.

അറ്റകുറ്റപ്പണി നടത്തിയ ഭാഗം ശരിയായി ഉറപ്പിക്കാത്തതും തുടർച്ചയായി വെള്ളം ഒഴുകുന്നതും റോഡിന്റെ സുരക്ഷയ്ക്കും ഭീഷണിയായിട്ടുണ്ട്. കോൺക്രീറ്റ് റോഡിന്റെ അടിഭാഗത്തെ മണ്ണ് ഒലിച്ചുപോയി റോഡ് ഇടിഞ്ഞുതാഴാനും വാഹനങ്ങൾ അപകടത്തിൽപ്പെടാനും സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ ആശങ്കപ്പെടുന്നു. ഭാരവാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡ് ഇരുന്നുപോകാൻ ഇടയുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാർഡ് കൗൺസിലറെയും ജല അതോറിറ്റി അധികൃതരെയും പലതവണ സമീപിച്ചെങ്കിലും ശാശ്വത നടപടിയുണ്ടായിട്ടില്ലെന്നാണ് പരാതി. പൊട്ടിയ പൈപ്പ് പൂർണമായി മാറ്റിസ്ഥാപിച്ച് കുടിവെള്ള വിതരണം സുഗമമാക്കണമെന്നും റോഡിന്റെ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.