മല്ലപ്പള്ളി: പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ 1,35,68,000 രൂപയ്ക്ക് പണയംവെച്ചിരുന്ന സ്വർണ ഉരുപ്പടികൾ ലോക്കറിൽനിന്ന് കാണാതായ സംഭവത്തിൽ റിമാൻഡിലായിരുന്ന സെക്രട്ടറി മല്ലപ്പള്ളി പരിയാരം ദേവം വീട്ടിൽ എസ്. രാധാശ്രീ (36), പ്യൂൺ കുന്നന്താനം ജയാ സദനത്തിൽ വിജീഷ് ജയകുമാർ (35) എന്നിവരെ തെളിവെടുപ്പിനായി ശനിയാഴ്ച മല്ലപ്പള്ളിയിലും റാന്നിയിലും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ കൊണ്ടുവന്നു.

To advertise here,

ഇവിടങ്ങളിലായി പണയം വച്ചിരുന്ന 224 ഗ്രാം സ്വർണം കണ്ടെടുത്തു. ഇതോടെ 1054 ഗ്രാം തൊണ്ടിമുതലായി പിടിച്ചെടുത്തു. ഇനി 544 ഗ്രാം കൂടി കിട്ടാനുണ്ട്. അതിനായി നോട്ടീസ് നൽകിയിട്ടുണ്ട്. ഇവർ ജോലിചെയ്തിരുന്ന കാർഷിക ബാങ്കിലും എത്തിച്ചു. പ്രസിഡന്റ് ജി. സതീഷ് ബാബു, മുൻ പ്രസിഡന്റ് സുരേഷ് ബാബു പാലാഴി എന്നിവരുടെ സാന്നിധ്യത്തിൽ ലോക്കറിൽ പരിശോധന നടത്തി. സി.സി.ടി.വി. ക്യാമറകളുടെ ഹാർഡ് ഡിസ്കുകൾ പോലീസ് കസ്റ്റഡിയിലെടുത്തു.

സുഹൃത്തുക്കളുടെ തിരിച്ചറിയൽ രേഖകൾ നൽകി അവരുടെ പേരിലാണ് ഇയാൾ ഇടപാട് നടത്തിയതെന്ന് പോലീസ് കണ്ടെത്തി. പ്രതികളെ തിരികെ കോടതിയിൽ എത്തിച്ച് വീണ്ടും റിമാൻഡ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ മല്ലപ്പള്ളി സർക്കിൾ ഇൻസ്‌പെക്ടർ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ തെളിവെടുപ്പിന് എത്തിച്ചത്. സ്വർണം കണ്ടെത്തുന്നത് പൂർത്തിയാകുന്നതോടെ സംഘത്തിൽ ഉൾപ്പെട്ട കൂടുതൽ പേർ അറസ്റ്റിലായേക്കും.