വളവുകളിൽ കാഴ്ച മറച്ച് മരങ്ങളും പുല്ലും

To advertise here,

ചൂരക്കോട് : അടൂർ- വെള്ളക്കുളങ്ങര- ചൂരക്കോട് റോഡിലൂടെ പോകുമ്പോൾ വനംവകുപ്പിന്റെ ചെക്ക്പോസ്റ്റ് വല്ലതുമുണ്ടോ എന്ന് സംശയിച്ചാലും കുറ്റംപറയാൻ പറ്റില്ല. ചൂരക്കോട് വെള്ളക്കുളങ്ങര മുതൽ കളത്തട്ടുവരെയുള്ള പ്രധാന റോഡിന്റെ ഇരുവശവും കാടുപിടിച്ചതോടെ യാത്രക്കാർക്ക് ലഭിക്കുന്നത് ‘വനയാത്ര’യുടെ അനുഭവമാണ്. ഇടതൂർന്ന് വളർന്ന മരങ്ങളും കുറ്റിച്ചെടികളും പുല്ലുകളും റോഡിലേക്കുവരെ പടർന്നിരിക്കുകയാണ്. വളവുകളിൽ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന കാടാണ് യാത്രക്കാരുടെ പ്രധാന തലവേദന.

എതിർദിശയിൽനിന്നെത്തുന്ന വാഹനങ്ങൾ നേരത്തേ കാണാൻ കഴിയാത്തതിനാൽ അപകടസാധ്യതയും വർധിക്കുന്നു. മഴക്കാലത്ത് സ്ഥിതി കൂടുതൽ ഗുരുതരമാണ്. കാഴ്ച മറയ്ക്കുന്നതിനൊപ്പം റോഡിന്റെ വശങ്ങളിലൂടെയുള്ള യാത്രയും ബുദ്ധിമുട്ടിലാകുന്നു.

കനാൽ റോഡിലും കാടിന്റെ കൈയേറ്റം

മണക്കാല വള്ളിവിളപ്പടി- മലമേശ്ശേരിൽപ്പടി റോഡിനോട് ചേർന്ന പുത്തൻവിള ഭാഗത്തെ കനാൽ റോഡിലും പുല്ലും കാടും റോഡിലേക്ക് പടർന്നിട്ടുണ്ട്. ഒരാൾക്ക് നടന്നുപോകാൻപോലും ബുദ്ധിമുട്ടുള്ള തരത്തിലാണ് ഇരുവശവും പുല്ല് വളർന്നിരിക്കുന്നത്. വാഹനങ്ങളുടെ വശങ്ങളിൽ പുല്ലുകൾ ഉരസുന്നതും പതിവായി. രണ്ട് റോഡുകൾ ചേരുന്ന ഭാഗമായതിനാൽ പുല്ലുകളുടെ മറവിൽനിന്ന് എത്തുന്ന വാഹനങ്ങൾ കാണാൻ കഴിയാതെ അപകടത്തിനും സാധ്യതയുണ്ട്. റോഡിന്റെ മറ്റു ഭാഗങ്ങളിലും സമാനസ്ഥിതിയാണ്.

തൊഴിലുറപ്പിന്റെ കനിവും കാത്ത്

മുമ്പ് തൊഴിലുറപ്പ് പദ്ധതിയിൽ കാട് വെട്ടിത്തെളിക്കുന്ന ജോലികൾ ഉണ്ടായിരുന്നെങ്കിലും ആവർത്തനസ്വഭാവമുള്ള പ്രവൃത്തികൾക്ക് നിലവിലെ മാനദണ്ഡങ്ങളിൽ നിയന്ത്രണമുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. കാട് നീക്കം ചെയ്യുന്നതിനുള്ള ഇത്തരം ജോലികൾക്ക് തൊഴിലുറപ്പ് പദ്ധതിയിൽ അനുമതി ലഭിക്കാത്തതാണ് പ്രശ്നം.റോഡരികിലെ കാട് യാത്രയ്ക്ക് തടസ്സമാകുന്നതിനൊപ്പം അപകടസാധ്യതയും വർധിപ്പിക്കുന്ന സാഹചര്യത്തിൽ, തൊഴിലുറപ്പ് മാനദണ്ഡങ്ങളിൽ ആവശ്യമായ മാറ്റം വരുത്തി കാട് വെട്ടിത്തെളിക്കുന്ന ജോലികൾക്ക് അനുമതി നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.