ഏനാത്ത് : ശബരിമല തീർത്ഥാടനകാലത്ത് വാഹനത്തിരക്കേറുന്ന പാതയാണ് ഏഴംകുളം - ഏനാത്ത് മിനി ഹൈവേ. കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിൽനിന്ന് എം.സി. റോഡിൽ എത്തുന്ന തീർത്ഥാടകർക്ക് ഉപകരിക്കുന്ന പാതയാണിത്. തിരക്കുള്ള അടൂർ ടൗൺ ഒഴിവാക്കി ഏഴംകുളം കൈപ്പട്ടൂർ വഴി പത്തനംതിട്ടയിലേക്ക് പോകാം. എന്നാൽ, മണ്ഡലകാലം തുടങ്ങാൻ ഒന്നരമാസം മാത്രമുള്ളപ്പോഴും ഏഴംകുളം-ഏനാത്ത് റോഡിന് വേണ്ട അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. ഏഴ് കിലോമീറ്റർ ദൂരത്തിലുള്ള റോഡിന്റെ ഒട്ടേറെ ഇടങ്ങൾ പൊളിഞ്ഞുകിടക്കുകയാണ്. പലയിടങ്ങളിൽ വ്യാപകമായി ടാറിന് വിള്ളലുണ്ട്. മുൻപ് പലതവണ അടച്ചിട്ടും വീണ്ടും കുഴിയായ ഇടങ്ങളും ഒട്ടേറെയുണ്ട്. ജലജീവൻ പൈപ്പ് ലൈൻ പണികൾ കാരണവും റോഡ് വശങ്ങൾ വ്യാപകമായി തകർന്നിട്ടുണ്ട്. പൈപ്പ് പണിക്കുശേഷം പലയിടങ്ങളിലും പേരിന് മാത്രമാണ് വശങ്ങൾ നന്നാക്കി പോയിട്ടുള്ളത്. കൊടും വളവുകൾ നിറഞ്ഞ പാതയിൽ ഗതാഗതസുരക്ഷാ സംവിധാനങ്ങളുടെയും അപര്യാപ്തതയുണ്ട്. കാര്യമായ സൂചനാ ബോർഡുകളോ, കണ്ണാടികളോ സ്ഥാപിച്ചിട്ടില്ല. പല വളവുകളിലും റോഡിന് ഇരുവശവും കാണാനാവാത്ത തരത്തിൽ കാട് പിടിച്ചിട്ടുണ്ട്. ഏഴംകുളം കൈപ്പട്ടൂർ റോഡ് മികച്ച രീതിയിൽ നവീകരിച്ചിട്ടുണ്ട്. ഏനാത്ത് ഏഴംകുളം റോഡ് കൂടി നവീകരിച്ചാൽ ശബരിമല തീർത്ഥാടകർക്കുൾപ്പെടെ വലിയരീതിയിൽ ഉപകാരപ്പെടും.

To advertise here,

ദിശാബോർഡും വേണം

എം.സി. റോഡിൽ ഏനാത്തുനിന്ന് തിരിഞ്ഞ് ഏഴംകുളം റോഡ് വഴി പത്തനംതിട്ടയ്ക്ക് പോകാമെന്ന് സൂചിപ്പിക്കുന്ന ദിശാ ബോർഡുകളില്ല.

ഇതുകൂടി സ്ഥാപിച്ചാൽ തെക്കൻ ജില്ലകളിൽനിന്നുവരുന്ന തീർത്ഥാടകർക്ക് ഉപകാരപ്പെടും.

ഏനാത്ത് പാലം കഴിഞ്ഞ് ടൗൺ വഴി ഏഴംകുളം റോഡിലേക്ക് പോകാനുള്ള പ്രധാന ഉപറോഡിന് സമീപം ബോർഡ് സ്ഥാപിച്ചാൽ മതിയാവും. നിലവിൽ, ഒരു ബോർഡും ഈ ഭാഗത്തില്ല.

മിസ്പാ ജങ്ഷന് സമീപം ഏനാത്ത് ശബരിമല ഇടത്താവളത്തിന്റെ ബോർഡ് ഉണ്ട്. പക്ഷേ, ഇതും പെട്ടെന്ന് ശ്രദ്ധയിൽപ്പെടണമെന്നില്ല.

താരതമ്യേന തിരക്ക് കുറഞ്ഞ ഏഴംകുളം വഴി പത്തനംതിട്ടയ്ക്ക് പോയാൽ തീർത്ഥാടകർക്ക് രണ്ട് കിലോമീറ്ററിലധികം ലാഭിക്കാം. ഒപ്പം അടൂർ ടൗണിലെ തിരക്ക് ഒഴിവാക്കാനുമാവും.