മഞ്ഞാടിയിലേക്ക് എന്നുമാറ്റും
തിരുവല്ല : ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ഇനി എത്രനാൾ നഗരസഭയുടെ കൃഷിഭവൻ പ്രവർത്തിക്കും. പുതിയകെട്ടിടം പണി വാഗ്ദാനത്തിൽ ഒതുങ്ങുമ്പോൾ കെട്ടുറപ്പുളള കെട്ടിടത്തിലേക്കെങ്കിലും പ്രവർത്തനം മാറ്റണമെന്ന് ജീവനക്കാരടക്കം ആവശ്യപ്പെടുന്നു. മഞ്ഞാടിയിൽ നഗരസഭാ കോപ്ലക്‌സിനോട് ചേർന്ന് മുറികൾ ഒഴിവുണ്ടെങ്കിലും ഇവിടേക്ക് കൃഷിഭവൻ മാറ്റാൻ അന്തിമതീരുമാനമായിട്ടില്ല. കാവുംഭാഗത്ത് മുത്തൂർ റോഡിന് അരികിൽ വാടകകെട്ടിടത്തിലാണ് കൃഷിഭവൻ പ്രവർത്തിക്കുന്നത്.
പലഭാഗത്തും പൊട്ടിയ മേൽക്കൂരയും തകർന്ന മച്ചും വിണ്ടുകീറിയ ഭിത്തികളുമാണ് കെട്ടിടത്തിനുളളത്. മഴപെയ്യുമ്പോൾ ഫയലുകൾ നനയാതിരിക്കാൻ ഉദ്യോഗസ്ഥർപെടുന്ന പാട് ചില്ലറയല്ല. 5250 രൂപയാണ് മാസവാടക. നഗരസഭയാണ് ഈ തുക നൽകുന്നത്. എല്ലാമുറികളിലും പലഭാഗത്തായി ചോർച്ചയുണ്ട്. നടുവിലെ മുറിയുടെ മച്ച് താഴേക്ക് വളഞ്ഞ് നിൽക്കുന്നു. 18 വർഷം മുമ്പാണ് കാവുംഭാഗത്തേക്ക് കൃഷിഭവൻ മാറ്റിയത്. മുൻപും വാടകക്കെട്ടിടത്തിലായിരുന്നു പ്രവർത്തനം. സ്ഥലം കിട്ടിയാൽ സ്വന്തം കെട്ടിടം പണിയാൻ കൃഷി വകുപ്പിന് ഫണ്ടുണ്ട്. നഗരസഭ സ്ഥലം കണ്ടെത്തി നൽകിയിട്ടില്ല. കുറ്റപ്പുഴ, തിരുവല്ല, കാവുംഭാഗം എന്നീ മൂന്ന് വില്ലേജുകളുടെ പരിധി ഉൾപ്പെടുന്നതാണ് കൃഷിഭവൻ. 39 വാർഡുകളിലെ കാര്യങ്ങൾ ഇവിടെനിന്നുവേണം നോക്കാൻ. പഞ്ചായത്ത് പ്രദേശങ്ങളിൽ ശരാശരി 20 വാർഡുകളിൽ താഴയേ കൃഷിഭവൻ പരിധി വരികയുളളു. പരമാവധി രണ്ട് വില്ലേജ് ഓഫീസുകൾ ഉൽപ്പെടുന്നയിടം. ജോലിഭാരം കൂടിയ കൃഷിഭവനായിട്ടും ജീവനക്കാരെ അധികം നിയോഗിച്ചിട്ടില്ല. അതിനുപുറമേയാണ് ജീവഭയത്തിൽ ഓഫീസിൽ എത്തുന്നവരടക്കം കഴിച്ചുകൂട്ടേണ്ടത്. മഞ്ഞാടിയിലെ നഗരസഭാ കെട്ടിടത്തിൽ അഞ്ച് മുറികളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇവിടേക്ക് കൃഷിഭവൻ മാറ്റാമെന്ന് അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ, നിലവിലെ കെട്ടിടത്തിന് 80,000 രൂപ വാടക കുടിശ്ശികയുണ്ട്. ഈ തുക നഗരസഭ അടയ്ക്കണം. കൗൺസിൽ തീരുമാനം ഉണ്ടെങ്കിലേ കെട്ടിടം മാറുന്നതടക്കമുള്ള കാര്യങ്ങൾ നടക്കൂ.
Published: 09 Oct 2026, 12:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented