കലഞ്ഞൂർ-പാടം റോഡിൽ ഡിപ്പോ ജങ്ഷൻ മുതൽ വാഴപ്പാറവരെയുള്ള ഭാഗം ഇങ്ങനെയാണ്‌

To advertise here,

കലഞ്ഞൂർ: കലഞ്ഞൂർ-പാടം റോഡിൽ ഡിപ്പോ ജങ്ഷൻ മുതൽ വാഴപ്പാറവരെയുള്ള ഭാഗം കാടുകയറി അപകടക്കെണിയായി. റോഡിന്റെ ഇരുവശത്തും വലിയതോതിൽ കാട് വളർന്നുനിൽക്കുന്നതിനാൽ എതിർദിശയിൽനിന്ന് എത്തുന്ന വാഹനങ്ങൾ പരസ്പരം കാണാൻ കഴിയാത്ത സ്ഥിതിയാണ്. റോഡിലേക്ക് കാട് പടർന്നുകയറിയതോടെ പാതയുടെ വീതിയും കുറഞ്ഞു. റോഡിന്റെ ഇരുവശത്തുമുള്ള സ്ഥലങ്ങളിൽ ഏറെയും വനംവകുപ്പിന്റെ അധീനതയിലുള്ളതാണെങ്കിലും കാട് വെട്ടിത്തെളിച്ച് ഗതാഗതസുരക്ഷ ഉറപ്പാക്കാൻ അവർക്ക് താത്പര്യമില്ല. വളർന്നുനിൽക്കുന്ന കുറ്റിക്കാടും വള്ളിപ്പടർപ്പുകളും വളവുകളിലും റോഡിനോട് ചേർന്ന ഭാഗങ്ങളിലും കാഴ്ച മറയ്ക്കുന്നു.

കാട് മറയാകുമ്പോൾ മാലിന്യവും

റോഡരികിലെ കാട് മാലിന്യംതള്ളുന്നവർക്കും മറയായി മാറിയിരിക്കുകയാണ്. ഡിപ്പോ ജങ്ഷൻ മുതൽ വാഴപ്പാറവരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശത്തും പ്രത്യേകിച്ച് വനംവകുപ്പിന്റെ അധീനതയിലുള്ള പ്രദേശങ്ങളിൽ, ചാക്കിൽ കെട്ടിയ നിലയിൽ മാലിന്യം കൊണ്ടുവന്ന് തള്ളുന്നത് പതിവാണ്. മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യമാണ് ഇവിടെ തള്ളുന്നത്. ഇവ ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരത്തിയിട്ടും അധികാരികൾക്ക് കുലുക്കമില്ല. മാലിന്യത്തിൽനിന്ന് പുഴുക്കൾ റോഡിലേക്ക്‌ വ്യാപിക്കുന്നതും യാത്രക്കാർക്കും സമീപവാസികൾക്കും ദുരിതമാകുന്നു.

ക്യാമറയുണ്ടെങ്കിലും മാലിന്യംതള്ളൽ

മാലിന്യം തള്ളുന്നത് കണ്ടെത്തുന്നതിനായി കലഞ്ഞൂർ പഞ്ചായത്തും സംസ്ഥാന ഫാമിങ്‌ കോർപ്പറേഷനും ഈ ഭാഗത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നിട്ടും മാലിന്യം തള്ളുന്നതിനൊന്നും കുറവുണ്ടായിട്ടില്ല. ക്യാമറകൾ സ്ഥാപിച്ചിട്ടും രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നു. കാട് വെട്ടിത്തെളിക്കുകയും മാലിന്യം നീക്കംചെയ്യുകയും സ്ഥിരമായ നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്താൽ മാത്രമേ പ്രശ്‌നത്തിന് പരിഹാരമാകൂ.