നിലംപൊത്തിയത് കുലച്ച 2000 ഏത്തവാഴ
അരുവാപ്പുലം : ബാങ്കിൽനിന്ന് വായ്പയെടുത്തും ഭൂമി പാട്ടത്തിനെടുത്തും കൃഷി തുടങ്ങിയവരോട് പ്രകൃതി കനിവ് കാണിച്ചില്ല. ശക്തമായ മഴയിലും കാറ്റിലും മൂന്ന് ഏക്കറിലെ കുലച്ച ഏത്തവാഴകൾ ഒടിഞ്ഞുവീണ് ലക്ഷങ്ങളുടെ നഷ്ടം. ചൊവ്വാഴ്ച വൈകീട്ട് അരുവാപ്പുലത്താണ് വൻകൃഷിനാശമുണ്ടായത്. പഞ്ചായത്ത് ഓഫീസിന് സമീപം കല്ലേലി റോഡരികിലെ ഏത്തവാഴത്തോട്ടമാണ് കാറ്റിൽ നിലംപൊത്തിയത്. ആശാരിപ്പറമ്പിൽ അയൂബ്, രഞ്ജു സദനത്തിൽ എസ്.രാധാകൃഷ്ണൻ, കുളമാംകൂട്ടത്തിൽ കെ.എ. ശശി, രാധവിലാസത്തിൽ എൻ. റെജി എന്നിവർ പാട്ടത്തിനെടുത്ത് നടത്തുന്ന ഏത്തവാഴകൃഷിയാണ് നശിച്ചത്. ആറ് മുതൽ ഏഴ് പടലവരെ കായ്കളുണ്ടായിരുന്ന ഏത്തവാഴകളാണ് നിലംപതിച്ചത്. ഒരുമാസംകൂടി കഴിഞ്ഞാൽ വിളവെടുക്കാൻ പാകപ്പെടുമായിരുന്നു.
ശശിയുടെ 750 വാഴയും അയൂബിന്റെ 320 വാഴയും രാധാകൃഷ്ണന്റെ 400 വാഴയും റെജിയുടെ 450 വാഴയും നശിച്ചു. ഒരു വർഷംമുൻപാണ് ഭൂമി പാട്ടത്തിനെടുത്ത് ഇവർ കൃഷിയിറക്കിയത്. രണ്ടുപേർക്കേ വിള ഇൻഷുറൻസുള്ളൂ. ബാക്കിയുള്ളവർക്ക് അരുവാപ്പുലം വില്ലേജിൽ ഡിജിറ്റൽ സർവേ നടന്നതിനാൽ ഭൂമി സംബന്ധമായ രേഖകൾ ശരിയായിട്ടില്ല. വകയാർ കൊല്ലംപടി കൊച്ചുപ്ലാവിളയിൽ കെ.ആർ. സലീലനാഥിന്റെ 90 വാഴയും കാറ്റത്ത് ഒടിഞ്ഞുവീണു.
നഷ്ടം എങ്ങനെ നികത്തും ?
:ബാങ്കുകളിൽനിന്ന് പണം കടമെടുത്താണ് കൃഷി നടത്തിയത്. വിളവെടുക്കാൻ സമയമായപ്പോഴേക്കും പ്രകൃതിദുരന്തത്തിലൂടെ നഷ്ടം നേരിട്ടത് കർഷകർക്ക് സാമ്പത്തികമായും മാനസികമായും തിരിച്ചടിയായി. വന്യമൃഗശല്യം കാരണം കാർഷികവൃത്തിയിൽനിന്ന് കർഷകർ വിട്ടുനിൽക്കുന്ന സമയത്താണ് നാല് കർഷകർ ചേർന്ന് പാട്ടകൃഷി ആരംഭിച്ചത്. കാറ്റത്ത് കൃഷിനശിച്ചതോടെ സംഭവിച്ച നഷ്ടം എങ്ങനെ നികത്താൻ കഴിയുമെന്ന ആലോചനയിലാണ് ഇവർ. ഒന്നരലക്ഷം രൂപ വീതം ഓരോ കർഷകനും നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്.
Published: 08 Oct 2026, 12:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented