വാളക്കുഴി : വാളക്കുഴി-പാറക്കടവ് റോഡിലേക്ക് സമീപപുരയിടത്തിന്റെ മതിൽ തകർന്നുവീണു. കഴിഞ്ഞദിവസം വൈകീട്ട് കനത്തമഴയും ഇടിയും ഉണ്ടായിരുന്നപ്പോഴായിരുന്നു അപകടം. എഴുമറ്റൂർ ഗ്രാമപ്പഞ്ചായത്ത് പന്ത്രണ്ടാംവാർഡിൽ വാളക്കുഴി വെടികാട്ടിൽ സ്റ്റാൻലിയുടെ വീടിനുമുൻപിലെ കൽക്കെട്ടാണ്, കൊരുപ്പുകട്ട പാകിയ മുറ്റത്തിന്റെ ഭാഗവും ഗേറ്റുമടക്കം റോഡിൽ പതിച്ചത്. വീടിന്റെ പോർച്ചിനുസമീപംവരെ വിള്ളലുണ്ടായി. വഴിയിലും വീട്ടുമുറ്റത്തും ആളുകൾ ഇല്ലാതിരുന്നതിനാലാണ് ദുരന്തം ഒഴിവായത്.

To advertise here,

വീടിനുമുൻപിൽ 25 മീറ്റർ നീളത്തിലും നാലുമീറ്റർ പൊക്കത്തിലും ഉണ്ടായിരുന്ന മതിൽവീണ് റോഡ് നിറഞ്ഞതോടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. അവശിഷ്ടങ്ങൾ യന്ത്രസഹായത്താൽ നീക്കംചെയ്തശേഷമാണ് ഇതുവഴി യാത്ര പുനരാരംഭിക്കാനായത്. പഞ്ചായത്തംഗങ്ങളായ അലക്സാണ്ടർ വർഗീസ്, റോണി എം. സ്കറിയ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറി, അസി. എൻജിനിയർ, ഓവർസീയർ, വില്ലേജ് ഓഫീസർ എന്നിവർ സ്ഥലം സന്ദർശിച്ച് നഷ്ടം വിലയിരുത്തി.