പ്രക്കാനം : പുത്തൻപീടിക മൈക്രോവേവ്-നിരവേൽപ്പടി ഭാഗത്ത്‌ മലങ്കാവിനും ട്രാൻസ്ഫോർമറിനും സമീപമുള്ള റോഡിന്റെ അശാസ്ത്രീയ നിർമാണം അപകടഭീഷണി ഉയർത്തുന്നു. ആവശ്യമായ വീതിയില്ലാതെ ടാർ ചെയ്തതാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. റോഡിന്റെ വശംതകർന്ന് വലിയ കുഴിയായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല.

To advertise here,

ഏറ്റവും അപകടകരമായ അവസ്ഥ നിലനിൽക്കുന്ന മലങ്കാവ് ഭാഗത്ത് മുമ്പ് പാറ പൊട്ടിച്ചതിനെത്തുടർന്ന് റോഡിന്റെ വശത്ത് വലിയൊരു കുഴി രൂപപ്പെട്ടിരുന്നു. എന്നാൽ, 2019-ൽ റോഡ് നവീകരിച്ചപ്പോൾ വീതി കൂട്ടാനോ സംരക്ഷണമതിൽ നിർമിക്കാനോ തയ്യാറായില്ല. നിലവിൽ നാലുചക്രവാഹനം മാത്രം കടന്നുപോകാൻ ആവശ്യമായ വീതി മാത്രമാണുള്ളത്.

കഴിഞ്ഞാഴ്ച ഈ ഭാഗത്ത് രണ്ട് സ്‌കൂൾ ബസുകൾ സൈഡ് കൊടുക്കുന്നതിനിടെ വലിയ അപകടം ഒഴിവായത് ഭാഗ്യം കൊണ്ടാണ്. സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ വക്കിലെ കല്ലുകൾ ഇളകി ബസ് കുഴിയിലേക്ക് മറിയാൻ തുടങ്ങുകയായിരുന്നു. പ്രദേശത്ത് തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ കുഴിയിലേക്ക് വീഴാനുള്ള സാധ്യതയുമുണ്ട്.

വാഹനയാത്രക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഈ ഭാഗത്ത് ചുവന്ന കൊടി സ്ഥാപിച്ചിട്ടുണ്ട്. ഓമല്ലൂർ പുത്തൻ പീടികയിൽനിന്നും മലങ്കാവ്, നിറവേൻ പടി വഴി പെട്ടെന്ന് പ്രക്കാനത്ത് എത്തിച്ചേരാവുന്ന പ്രധാന റോഡാണിത്.