പത്തനംതിട്ട : കാണാക്കാഴ്ചകളുടെ കാടും മേടുമുണ്ട്, ചരിത്രമുറങ്ങുന്ന നാടുണ്ട്, കാലത്തെ അതിജീവിക്കുന്ന കലാരൂപങ്ങളുണ്ട്, സംസ്കാരവും പൈതൃകവും ഒന്നാകുന്ന തീർഥാടന കേന്ദ്രങ്ങളുണ്ട്. എന്നാൽ, പത്തനംതിട്ടയുടെ പെരുമയെ ആഗോളതലത്തിൽ എത്തിക്കുന്ന തലത്തിൽ ടൂറിസം വികസനം ഇന്നും ജില്ലയിൽ സാധ്യമായിട്ടില്ല. ജൈവവൈവിധ്യമാർന്ന വലിയ വനഭൂമിയാണെങ്കിലും അവ വിനോദസഞ്ചാരികളെ വലിയരീതിയിൽ ആകർഷിക്കുന്നില്ല.

To advertise here,

ഗവി, പെരുന്തേനരുവി, മണിയാർ, പമ്പ, കക്കി, കോന്നി ആനക്കൂട്, അടവിയിലെ കുട്ടവഞ്ചി സവാരി തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ ഇടമാണ് ജില്ല. ശബരിമലയും മാരാമൺ കൺവെൻഷനും ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്തും മഞ്ഞനിക്കര, പരുമല തീർഥാടനങ്ങളും പടയണിയും ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളിയും പള്ളിയോടങ്ങളും ആറന്മുള കണ്ണാടിയും പത്തനംതിട്ടയുടെ തിളക്കമാർന്ന പൈതൃകങ്ങളാണ്.

ചാത്തൻതറയ്ക്കു സമീപമുള്ള പനങ്കുടന്ത, കാട്ടാത്തിപ്പാറ, ചുട്ടിപ്പാറ, രാക്ഷസൻപാറ തുടങ്ങിയ പ്രദേശങ്ങൾ സാഹസിക ടൂറിസത്തിന് സാധ്യതകളുള്ള മേഖലയാണെങ്കിലും ഇവിടം വികസിപ്പിക്കാനോ ആഭ്യന്തര ടൂറിസത്തിനുപോലും പ്രയോജനപ്പെടുത്തുവാനോ സാധിക്കുന്നില്ല. ഗവിമേഖലയിൽ ഡാം ടൂറിസത്തിനും നിരണം, മേപ്രാൽ, പെരിങ്ങര തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ച് ഫാം ടൂറിസത്തിനും സാധ്യതയേറെയാണ്.

എടുത്തുപറയാൻ ഇത്രമാത്രം

ഗവിയും അടവി കുട്ടവഞ്ചി സവാരിയുമാണ് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ. കാടിനുള്ളിലിരുന്ന് ജോലിചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി കേരള വനവികസന കോർപ്പറേഷൻ അവതരിപ്പിച്ച ഗവി വർക്കേഷൻ പാക്കേജ് അടുത്തിടെയാണ് ആരംഭിച്ചത്. മൂന്ന് രാത്രിയും നാല് പകലും അടങ്ങുന്നതാണ് അടിസ്ഥാന പാക്കേജ്. അടവി കുട്ടവഞ്ചി സവാരിക്ക് ജില്ലയ്ക്ക് പുറത്തുനിന്നും ആളുകളെത്തുന്നുണ്ട്.

ഇതിനോടുചേർന്നുള്ള കോന്നി ആനക്കൂട്ടിൽ നിലവിൽ മൂന്ന് ആനകൾ മാത്രമേയുള്ളൂ. പ്രധാന ടൂറിസം കേന്ദ്രങ്ങൾക്കു സമീപം സഞ്ചാരികൾക്ക് രാത്രി താമസിക്കാൻ അനുയോജ്യമായ നല്ല ഹോട്ടലുകളോ റിസോർട്ടുകളോ ഹോംസ്റ്റേകളോ ആവശ്യത്തിനില്ല.

ആറന്മുള വള്ളസ്സദ്യ-വള്ളംകളി, പടയണി, ശബരിമല മണ്ഡലകാലം പോലെ സീസൺ ടൂറിസമാണ് ജില്ലയിൽ പ്രധാനം. ബാക്കി മാസങ്ങളിൽ ടൂറിസം സജീവമാക്കാനുള്ള വലിയ പദ്ധതികൾ കുറവാണ്.

കവിയൂർ ഗുഹാക്ഷേത്രം, വേലുത്തമ്പി ദളവ മ്യൂസിയം, മണ്ണീറ വെള്ളച്ചാട്ടം, അരുവിക്കുഴി വെള്ളച്ചാട്ടം പോലെ ചരിത്രപ്രധാനവും പ്രകൃതിരമണീയവുമായ സ്ഥലങ്ങൾ ഒട്ടേറെയാണ്.

എന്നാൽ ‘കണ്ണുനിറയ്ക്കുന്ന കാഴ്ചകളായി’ ഇവയെ മാറ്റാനോ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനോ ഉള്ള പദ്ധതികൾ ഫലം കാണുന്നില്ല.