കോടതി ഉത്തരവുണ്ടായിട്ടും നടപടിയില്ല

To advertise here,

മൂന്നാർ : ഹൈക്കോടതി ഉത്തരവുകൾ നിലനിൽക്കെ, ടൗണിലെ അനധികൃത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാതെ സംരക്ഷിക്കുന്ന നിലപാടാണ് പഞ്ചായത്ത് അധികൃതർ സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തം.

മൂന്നാർ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് കൈയേറി സ്ഥാപിച്ചിട്ടുള്ള കടകൾ കാൽനടയാത്രക്കാർക്കും വാഹനഗതാഗതത്തിനും വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്.

നേരത്തേ ഒട്ടേറെ തവണ നോട്ടീസ് നൽകിയിട്ടും കച്ചവടക്കാർ സ്വമേധയാ ഒഴിഞ്ഞുപോവാൻ തയ്യാറായിരുന്നില്ല.

തുടർന്ന് ഉയർന്ന ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് 42 കടകൾക്ക് പഞ്ചായത്ത് വീണ്ടും നോട്ടീസ് നൽകി. എന്നാൽ, കച്ചവടക്കാർ ഹൈക്കോടതിയെ സമീപിച്ചതോടെ ഇത് ചൂണ്ടിക്കാട്ടി ഒഴിപ്പിക്കൽ നടപടികൾ പഞ്ചായത്ത് മനഃപൂർവം വൈകിപ്പിക്കുകയാണെന്നാണ് ആരോപണം.

കോടതി നിർദേശപ്രകാരം വ്യാപാരികളോട് വിശദാംശങ്ങൾ ബോധിപ്പിക്കാൻ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നെങ്കിലും 28 പേർമാത്രമാണ് അധികൃതർക്ക് മുന്നിൽ ഹാജരായത്.

വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലായതിനാൽ ഒഴിപ്പിക്കൽ നടപടികൾ എടുക്കാനാകില്ലെന്നാണ് പഞ്ചായത്തിന്റെ ഔദ്യോഗിക വിശദീകരണം.

എന്നാൽ, യാതൊരു മാനദണ്ഡവുമില്ലാതെ റോഡ് കൈയേറി നടത്തുന്ന കച്ചവടത്തെ സാധൂകരിക്കുന്ന നിലപാടാണ് പഞ്ചായത്ത് സ്വീകരിക്കുന്നതെന്നാരോപിച്ച് നാട്ടുകാരും വ്യാപാരികളും പ്രതിഷേധത്തിലാണ്.