കോഴഞ്ചേരി : പമ്പാനദിയിലെ ജലനിരപ്പ് താഴ്ന്നതോടെ കുളിക്കടവുകൾ അപകടക്കെണികളാകുന്നു. കുളിക്കടവുകളിൽ വ്യക്തമായ അപകട സൂചനാ ബോർഡുകൾ ഇല്ലാത്തതും ബോർഡുകളുള്ള സ്ഥലങ്ങളിലെ ചുഴികളറിയാതെ അന്യദേശത്തുനിന്നെത്തുന്നവർ ഇവിടങ്ങളിൽ കുളിക്കാനിറങ്ങുന്നതും അപകടത്തിന് കാരണമാകുന്നു.

To advertise here,

അയിരൂർ ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത്‌ നഗറിന്റെ കിഴക്കുഭാഗത്തെ വള്ളക്കടവ് മുതൽ മേലുകര കോഴഞ്ചേരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ആറാട്ട് കടവ്, മാരാമൺ മൂലയിൽ കടവ്, കാഞ്ഞിറ്റുകര ധർമശാസ്താ ക്ഷേത്രത്തിന്റെ ആറാട്ട് കടവ്, തുണ്ടിയിൽ കടവ്, കോഴഞ്ചേരി പാലത്തിന് സമീപമുള്ള കടവ് എന്നിവിടങ്ങളിൽ അപകടമരണങ്ങൾ പതിവാണ്. വേനൽ കടുക്കുന്നതോടെ നദിയിലെ ജലനിരപ്പ് താഴ്ന്നതായി മനസ്സിലാക്കി ദൂരെ സ്ഥലങ്ങളിൽനിന്നുള്ള വിദ്യാർഥികളുൾപ്പെടെയുള്ളവർ കൂട്ടംകൂടി നദിയിലിറങ്ങുന്നത് പലപ്പോഴും ജീവാപായത്തിന് കാരണമാകുന്നു. മാരാമൺ, ചെറുകോൽപ്പുഴ കൺവെൻഷനുകളിൽ എത്തുന്ന ആളുകളും കച്ചവടക്കാരും ശബരിമല തീർഥാടകരും ഇത്തരത്തിൽ അപകടത്തിൽപെട്ടിട്ടുണ്ട്.

സമീപ പ്രദേശങ്ങളിലെ നിർമാണത്തൊഴിലാളികളായ അന്യസംസ്ഥാനക്കാർ, വള്ളസ്സദ്യയിൽ പങ്കെടുക്കുന്ന വിവിധ ദേശത്തുനിന്നെത്തുന്നവർ, അങ്ങനെ നദിയുടെ ഗതിയറിയാതെ ഇരയായവർ നിരവധിയാണ്. തുടരെയുള്ള പ്രളയം നിമിത്തം നദിയുടെ ഗതിമാറിയത് നാട്ടുകാർക്കും ആശയക്കുഴപ്പമുണ്ടാക്കുന്നു . എന്നാൽ, ഈ അവസ്ഥയിലും നീന്തലറിയാത്തവരും പ്രദേശവാസികളല്ലാത്തവരും അപകടത്തിൽപെടുന്നത് ഒഴിവാക്കാൻ വ്യക്തമായ അപകട സൂചനാ ബോർഡുകൾ പലയിടത്തുമില്ല. അപകടത്തിൽപെടുന്നവരെ യഥാസമയം രക്ഷപ്പെടുത്താൻ സജ്ജീകരണങ്ങൾ കടവുകൾ കേന്ദ്രീകരിച്ചില്ല. സെപ്റ്റംബർ 14-ന് അതിഥിത്തൊഴിലാളിയായ വിവേക് കോഴഞ്ചേരി പാലത്തിന് അടിവശത്ത് കുളിക്കാനിറങ്ങി മരിച്ചിരുന്നു. ഓഗസ്റ്റ് 17-ന് ആറന്മുള സത്രക്കടവിൽ കുളിക്കാനിറങ്ങിയ ശബരിമല തീർഥാടകരായ മൂന്ന്‌ തമിഴ്നാട് സ്വദേശികൾ നദിയിൽ മുങ്ങിത്താഴുന്നതു കണ്ട പള്ളിയോട സേവാസംഘത്തിന്റെ രണ്ട് റെസ്ക്യൂ അംഗങ്ങളും ഇടശ്ശേരിമല സ്വദേശിയും ചേർന്ന് ഇവരെ രക്ഷപ്പെടുത്തിയിരുന്നു.

ആപതാ രക്ഷാസേനയ്ക്ക് കോഴഞ്ചേരിയിൽ ആസ്ഥാനമില്ലാത്തതിനാൽ 15 കിലോമിറ്ററിലധികം ദൂരെയുള്ള യൂണിറ്റുകൾ എത്തി വേണം അപകടത്തിൽപെട്ടവർക്കായി തിരച്ചിൽ നടത്താൻ. ചെറുകോൽപ്പുഴ മുതൽ മാലക്കര വള്ളപ്പുര കടവ് വരെയുള്ള പ്രദേശങ്ങളിൽ പത്ത് വർഷത്തിനിടയിൽ ഇരുപതോളം മുങ്ങിമരണങ്ങൾ ഉണ്ടായിട്ടും വേണ്ടത്ര മുൻകരുതലുകൾ സ്വീകരിക്കാത്തത് അധികൃതരുടെ അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.