ആംഗ്യ ഭാഷാദിനത്തിൽ പോലീസിന് പരിശീലനം

To advertise here,

പത്തനംതിട്ട : ഇടതുചൂണ്ടുവിരലിന്റെ മുകളിൽ തൊട്ട് വലതുകൈയിലെ ചൂണ്ടുവിരലും തള്ളവിരലും ചേർത്ത് പിടിച്ച് താഴോട്ടുവലിച്ച് വലതുകൈപ്പത്തി തൊട്ടുതാഴെ കാണിച്ചാൽ പത്തനംതിട്ട. കഴുത്തിൽ കത്തിവെക്കുന്നതുപോലെ വിരലുകൾചേർത്ത് കൈപ്പത്തി മുഴുവൻ കഴുത്തിൽ ചേർത്ത് പിടിച്ചാൽ കൊല്ലം. ആലപ്പുഴയാകട്ടെ ദൂരെനിന്ന് ബോട്ട് കാണുമ്പോൾ മുകളിൽ മുകളിൽ രണ്ട് കിണ്ണം കമഴ്ത്തി വെച്ചതാണ് കാണുന്നത്. അതേപോലെ മാറിമാറി രണ്ടുപ്രാവശ്യം കൈപ്പത്തി കുത്തിക്കാണിച്ചാൽ ആലപ്പുഴയായി. വലതുകൈയിലെ ചൂണ്ടുവിരൽ മൂക്കിനുമുകളിൽ ഇംഗ്ലീഷ് അക്ഷരം ആർ പോലെ വളച്ചുവെച്ചാൽ കോട്ടയമായി.

ഡെഫ് കൺസോർഷ്യം ആംഗ്യഭാഷാദിനത്തിൽ പോലീസകാർക്ക് നൽകിയ ആംഗ്യാവതരണമായിരുന്നു വേദി. മൂകമാണ് ഇവരുടെ ലോകമെന്ന് കാണിച്ചുകൊടുക്കാൻ ഇൗ അവതരണം സഹായിച്ചു. ശബ്ദമില്ലാത്തവരുടെ ലോകത്താണ് ജീവിക്കുന്നത്. നിങ്ങൾ അവരുടെ നാവായി മാറണം. പോലീസ് സ്റ്റേഷനിൽ സഹായം അഭ്യർഥിച്ചുവരുന്നവരുടെ ദയനീയാവസ്ഥ മൂകമായി ആംഗ്യാവതരണത്തോടെ നാടകംപോലെ അവതരിപ്പിച്ചു. പീഡനത്തിനിരയായ വിവരം വളർന്നുകളിയുമ്പോൾ നടന്നത്പീഡനമാണെന്ന് തിരിച്ചറിയുന്ന പെൺകുട്ടി പോലീസ് സ്റ്റേഷനിൽ പോയി തീയതിയും വർഷവും ഉൾപ്പെടെ പറയുന്നു. തൂങ്ങിമരിച്ചുനിൽക്കുന്നത് കണ്ടത്, മരിച്ചുകിടക്കുന്നത് പോലീസ് സ്റ്റേഷനിലെത്തി പറയുന്നത് തുടങ്ങി വിവിധ സാഹചര്യങ്ങൾ പോലീസ് ഉദ്യോഗസ്ഥർക്കുമുന്നിൽ അവതരിപ്പിച്ചു. ആംഗ്യഭാഷാദിനമായ 23-ന് പത്തനംതിട്ട ഡഫ് കൺസോർഷ്യം പോലീസ് ഉദ്യോഗസ്ഥർക്കും നഗരസഭാ ജീവനക്കാർക്കുമാണ് പരിശീലനം നൽകിയത്. കേരള ഡെഫ് കൺസോർഷ്യം കോഡിനേറ്റർ കെ.സി. െഎസക്, ജില്ലാ കോഡിനേറ്റർ കെസിയാ സണ്ണിച്ചൻ, ജില്ലാ പ്രസിഡന്റ് വർഗീസ് കോശി, ഒാൾ കേരള ഫെഡറേഷൻ ഒാഫ് ദി ഡെഫ് ജോയിന്റ് സെക്രട്ടറി ബാബു ഇൗപ്പൻ, ഭാരവാഹികളായ പ്രിൻസ്, ജോൺൺ, അനുവർക്കി, ബിനുകുമാർ എന്നിവർ ആംഗ്യഭാഷ അവതരിപ്പിച്ചു. അച്ചാമ്മ ജോൺസൺ, ദിയാ റെജി എന്നിവർ വാക്കുകളിലൂടെ ആംഗ്യഭാഷ വിശദീകരിച്ചു.