മുംബൈ : കുവൈത്തിലെ മംഗഫിൽ രണ്ടുവർഷംമുൻപ് തീപ്പിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി കരുണാകരന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച സഹായധനം ലഭിച്ചില്ലെന്ന് പരാതി. മൃതദേഹം മുംബൈയിൽ സംസ്കരിച്ചതും രേഖകളിലെ മുംബൈ വിലാസവുമാണ് സഹായം ലഭിക്കുന്നതിന് തടസ്സമാകുന്നതെന്നാണ് കുടുംബത്തിന്റെ പരാതി.
2024-ൽ കുവൈത്തിലെ മംഗഫിൽ എൻ.ബി.ടി.സി. കമ്പനിയുടെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിലാണ് ഡെന്നി ബേബി കരുണാകരൻ മരിച്ചത്. ദുരന്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ പലതും കേരളത്തിൽ സംസ്കരിച്ചപ്പോൾ വർഷങ്ങളായി മുംബൈയുമായി ബന്ധമുള്ള ഡെന്നിയുടെ മൃതദേഹം മുംബൈയിലാണ് സംസ്കരിച്ചത്. ഇതിന്റെപേരിൽ കേരളസർക്കാർ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപയും വ്യവസായികളായ എം.എ. യൂസഫലി പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപയും രവിപിള്ള പ്രഖ്യാപിച്ച രണ്ടുലക്ഷം രൂപയും ഇതുവരെ കുടുംബത്തിന് ലഭിച്ചിട്ടില്ലെന്നാണ് പിതാവ് ബേബിക്കുട്ടി കരുണാകരന്റെ പരാതി.
ഒട്ടേറെത്തവണ പരാതി നൽകിയിട്ടും സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലംകണ്ടില്ല. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് ജനറൽസെക്രട്ടറി ജോജോ തോമസ് ഇവരുടെ പരാതി വീണ്ടും കേരള സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. പ്രവാസിയായതിന്റെ പേരിൽ അർഹമായ സഹായം തടയരുതെന്ന് അദ്ദേഹം സർക്കാരിനോട് അഭ്യർഥിച്ചു.
1984-ൽ ജോലിതേടി മുംബൈയിലെത്തിയ ബേബിക്കുട്ടി കരുണാകരൻ വർഷങ്ങളോളം ഇവിടെ താമസിച്ചശേഷം 2022-ൽ കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. നിലവിൽ കരുനാഗപ്പള്ളി മരുതൂർകുളങ്ങരയിലെ ലക്ഷ്മി ഭവനിലാണ് താമസം. മക്കൾ കേരളത്തിൽ ജനിച്ചവരാണെങ്കിലും പഠനം മുംബൈയിലായിരുന്നു. അതിനാൽ രേഖകളിൽ മുംബൈ വിലാസം വന്നതായി ബേബിക്കുട്ടി പറയുന്നു.
Published: 24 Sept 2026, 12:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented