മഞ്ഞക്കടമ്പ് : മുരിംഗമംഗലം-മെഡിക്കൽകോളേജ് റോഡിലെ വാഴത്തോപ്പിൽ ആരംഭിച്ച പാറമടയ്‌ക്കെതിരേ ചൊവ്വാഴ്ച ജനകീയ ഉപരോധസമരം നടന്നു. ജനകീയ സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.

To advertise here,

കോന്നി പഞ്ചായത്തിലെ 10,11 വാർഡുകളിലെ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിലാണ് ക്വാറി പ്രവർത്തിക്കുന്നത്. കാച്ചാനം, മഞ്ഞക്കടമ്പ്, ആനകുത്തി, വട്ടമൺ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അമിതമായ ഖനനവും പൊടിശല്യവും കാരണം ജനങ്ങൾ പൊറുതിമുട്ടുന്നു. അനിയന്ത്രിതമായ ഖനനമാണ് നടക്കുന്നത്. സമീപത്തുള്ള വീടുകളിലെ ഭിത്തികൾക്ക് കേടുപാടുകൾ ഉണ്ടായിത്തുടങ്ങി.

ഉന്നത നിലവാരത്തിൽ നിർമിച്ച മെഡിക്കൽ കോളേജ് റോഡിനും ഭീഷണിയാണ്. ജലനിധിയുടെ കോന്നിതാഴം ശുദ്ധജല പദ്ധതിക്കും തകരാർ സംഭവിക്കാം. 350 കുടുംബങ്ങൾക്ക് കുടിവെള്ളം വിതരണംചെയ്യുന്ന ജലസംഭരണി പാറമടയോട് ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ പാറമടയ്‌ക്കെതിരേ സ്ഥലവാസികൾ രോക്ഷാകുലരാണ്. ഉപരോധസമരം പഞ്ചായത്തംഗം ജയകുമാർ ഉദ്ഘാടനംചെയ്തു. ഡാനിയേൽ ബാബു അധ്യക്ഷതവഹിച്ചു. എസ്.സന്തോഷ്‌കുമാർ, അനിതാ ബിജു, പി. ഗീത, എ.ദീപകുമാർ, എം.എസ്. ഗോപിനാഥൻ, രവിപിള്ള, സണ്ണിക്കുട്ടി, റോയി കുഴിക്കാംതടം, സാബു, അജിത്ത് അരവിന്ദൻ, ടി.പി.അയ്യപ്പൻ നായർ, രമാമോഹൻ എന്നിവർ പ്രസംഗിച്ചു.