മാരാമൺ : കോഴഞ്ചേരി പുതിയപാലം ഒക്ടോബർ ആദ്യ ആഴ്ചയിൽ ഗതാഗതത്തിനായി തുറന്നുകൊടുക്കും. അവസാനഘട്ട മിനുക്കുപണികൾ നടന്നുകൊണ്ടിരിക്കുകയാണ്.
മാരാമൺ ഭാഗത്തെ നടപ്പാതയിലെ പാരപ്പെറ്റിന് മുകളിലുള്ള ഹാൻഡ്റെയിൽ ഘടിപ്പിക്കുന്ന പ്രവൃത്തികൾ കുറച്ചുകൂടി ബാക്കിയുണ്ട്. ഒരു വശത്തെ നടപ്പാതയുടെ പാരപ്പെറ്റുകൂടി പെയിന്റ് ചെയ്യാനുണ്ട്. പാലത്തിന്റെ സമീപനപാത തുടങ്ങുന്നിടത്ത് ഓടയിൽ നിൽക്കുന്ന വൈദ്യുതത്തൂൺ മാറ്റി സ്ഥാപിക്കണം. കൂടാതെ പാലത്തിന് കുറുകേ സമീപമുള്ള വീടുകളിലേക്ക് പോകുന്ന സർവീസ് വയർ താഴ്ന്നുകിടക്കുകയാണ്. അതും മാറ്റിസ്ഥാപിക്കണം. വരും ദിവസങ്ങളിൽ കെ.എസ്.ഇ.ബി. ഈ പ്രവൃത്തികൾ പൂർത്തിയാക്കും. റോഡിലെ വരകൾ ഉൾപ്പെടെയുള്ള പ്രവൃത്തികൾ അടുത്താഴ്ച പൂർത്തിയാക്കും.
തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽനിന്നാണ് മാരാമൺ ഭാഗത്തെ പാത തുടങ്ങുന്നത്. പുതിയ പാലത്തിന്റെ കോഴഞ്ചേരി മാരാമൺ ഭാഗങ്ങളിലെ സമീപന പാതയുടെ ടാറിങ്ങും പൂർത്തിയായിട്ടുണ്ട്. തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിനു മുന്നിൽനിന്നാരംഭിച്ച് വണ്ടിപ്പേട്ടയിലെത്തുന്ന പുതിയ റോഡിൽ പമ്പയാറിന് കുറുകേ നിർമിച്ച പുതിയ പാലത്തിന് 198.8 മീറ്റർ നീളവും ഇരുവശത്തും നടപ്പാതയോടെ 12 മീറ്റർ വീതിയുണ്ട്. തോട്ടപ്പുഴശേരി ഭാഗത്ത് 344 മീറ്റർ നീളത്തിലും കോഴഞ്ചേരി ഭാഗത്ത് 90 മീറ്റർ നീളത്തിലുമാണ് അപ്രോച്ച് റോഡ് നിർമിച്ചിട്ടുള്ളത്. മാരാമൺ കൺവെൻഷനോട് അനുബന്ധിച്ച് പമ്പയാറിന്റെ കടവുകളിലേക്കുള്ള വഴികൾ നിലനിർത്തുന്നതിനായി പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡിനു സമീപം നടവഴികളുമുണ്ട്.
പഞ്ചായത്ത് ഓഫീസിന് മുന്നിൽ മീഡിയൻ
പുതിയ റോഡ് ടി.കെ. റോഡിൽ വന്നുചേരുന്നത് തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നിലാണ്. ഗതാഗതം സുഗമമാക്കുന്നതിനുവേണ്ടി രണ്ട് റോഡുകളും കൂടിച്ചേരുന്നിടത്ത് മീഡിയൻ നിർമിക്കുവാൻ പദ്ധതിയുണ്ട്. റോഡ് സുരക്ഷാവിഭാഗം പഠനം നടത്തിയതിനുശേഷം നിർദേശിക്കുന്നിടത്തായിരിക്കും മീഡിയൻ നിർമിക്കുക. ജങ്ഷനിൽ മീഡിയൻ നിർമിക്കേണ്ട ഭാഗത്ത് ടാർചെയ്യാതെ ഒഴിച്ചിട്ടുണ്ട്.
കോഴഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതാണ് പുതിയ പാലം. 1948-ൽ നിർമിച്ച നിലവിലെ വീതികുറഞ്ഞ പാലം ഉണ്ടാക്കുന്ന ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഒരേസമയം വലിയ രണ്ടുവാഹനങ്ങൾക്ക് കടന്നുപോകുവാൻ ബുദ്ധിമുട്ടാണ്. പുതിയ പാലം വരുന്നതോടുകൂടി ഗതാഗതം വൺവേ ആക്കണമോ എന്നുള്ള കാര്യത്തിൽ തീരുമാനമായിട്ടില്ല.
Published: 24 Sept 2026, 01:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented