രാജി സ്വീകരിച്ചില്ലെന്ന് സ്പീക്കർ
ബെംഗളൂരു : സംസ്ഥാനത്ത് വരൾച്ചബാധിതപ്രദേശങ്ങൾ പ്രഖ്യാപിച്ചപ്പോൾ തന്റെ മണ്ഡലത്തെ അവഗണിച്ചെന്ന് ആരോപിച്ച് കർണാടകത്തിലെ കോൺഗ്രസ് എം.എൽ.എ. യശ്വന്ത്‌രായ ഗൗഡ പാട്ടീൽ രാജിവെച്ചു. വിജയപുര ജില്ലയിലെ ഇൻഡി മണ്ഡലത്തിലെ എം.എൽ.എ.യാണ്. ഇൻഡി താലൂക്കിനെയും വരൾച്ചബാധിതപ്രദേശമായി പ്രഖ്യാപിക്കണമെന്ന ആവശ്യം സർക്കാർ അവഗണിച്ചതാണ് എം.എൽ.എ.യെ ചൊടിപ്പിച്ചത്. അതേസമയം, നടപടിക്രമങ്ങൾ പാലിക്കാതെ സമർപ്പിച്ച രാജി സ്വീകരിച്ചിട്ടില്ലെന്ന് സ്പീക്കർ അറിയിച്ചു.
ഭരണപക്ഷ എം.എൽ.എ.യായിട്ടും ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് പ്രവർത്തിക്കാൻ കഴിയാത്തതിനാലാണ് രാജിയെന്ന് സ്പീക്കർക്ക് നൽകിയ കത്തിൽ പാട്ടീൽ വ്യക്തമാക്കി. ഇൻഡി താലൂക്കിനെ വരൾച്ചബാധിതമെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും റവന്യൂവകുപ്പിന്റെ ചുമതലവഹിക്കുന്ന ഉപമുഖ്യമന്ത്രി ജി. പരമേശ്വരയ്ക്കും നിവേദനം നൽകിയിരുന്നു.
തന്റെ വാക്കുകൾക്ക് ഒരു വിലയും സർക്കാർ നൽകുന്നില്ലെന്ന് വ്യക്തമായി. നിലവിലെ രാഷ്ട്രീയസാഹചര്യത്തിൽ അധികാരമുള്ളവർക്കും സമ്മർദതന്ത്രം പയറ്റുന്നവർക്കുംമാത്രമാണ് കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കുന്നത്. മാന്യമായി പ്രവർത്തിക്കുന്നവർക്ക് ഒരു സ്ഥാനവുമില്ലെന്നും എം.എൽ.എ. കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ വരൾച്ചാപ്രശ്നം ചർച്ചചെയ്യുന്നതിനുള്ള പ്രത്യേക നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് എം.എൽ.എ.യുടെ രാജി. ഇത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സമ്മേളനത്തിൽ ബഹളമുണ്ടാക്കി. സംസ്ഥാനത്ത് ഒരു സർക്കാർ നിലവിലുണ്ടോയെന്ന് സംശയിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് ആർ. അശോക ചോദിച്ചു. എന്നാൽ, കേന്ദ്രസർക്കാരിന്റെ മാനദണ്ഡങ്ങളാണ് വരൾച്ചബാധിതപ്രദേശങ്ങൾ പ്രഖ്യാപിക്കുന്നതിന് തടസ്സംനിൽക്കുന്നതെന്ന് ഉപമുഖ്യമന്ത്രി പരമേശ്വര മറുപടി പറഞ്ഞു.
വരൾച്ചബാധിതപ്രദേശങ്ങൾ പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റംവരുത്തണമെന്ന് ആവശ്യപ്പെട്ട് 10 തവണ കേന്ദ്രസർക്കാരിന് കത്തയച്ചു. എന്നാൽ, കേന്ദ്രം അതിന് തയ്യാറാകുന്നില്ലെന്നും പരമേശ്വര പറഞ്ഞു. വരൾച്ചബാധിതപ്രദേശങ്ങൾ പ്രഖ്യാപിക്കുന്നതിൽ തനിക്ക് സ്വന്തമായി ഇത് തീരുമാനിക്കാൻ കഴിയില്ലെന്നും ഇതിന് പ്രത്യേക മാനദണ്ഡങ്ങളുണ്ടെന്നും മുഖ്യമന്ത്രി ശിവകുമാർ പറഞ്ഞു.
ഒട്ടേറെ എം.എൽ.എ.മാർ തങ്ങളുടെ മണ്ഡലത്തിലെ പ്രദേശങ്ങൾ വരൾച്ചബാധിതമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇൻഡി എം.എൽ.എ. വൈകാരികമായി എടുത്ത നടപടിയാകാമെന്നും അദ്ദേഹത്തെ അനുനയിപ്പിച്ചിട്ടുണ്ടെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
Published: 24 Sept 2026, 12:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented