ജില്ലയിൽ ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ നടക്കുന്ന പാതകളിലൊന്നാണ് പുനലൂർ- മൂവാറ്റുപുഴ റോഡ്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ പാതയിൽ റോഡുവികസനം പൂർത്തിയായതിനു പിന്നാലെ അപകടങ്ങളും മരണങ്ങളും ഉയരുന്നതാണ് പ്രധാന ആശങ്ക.

To advertise here,

കലഞ്ഞൂർ: പുനലൂർ മുതൽ പൊൻകുന്നംവരെയുള്ള റോഡ് 748.57 കോടി രൂപ ചെലവിൽ വികസിപ്പിച്ച് ദേശീയപാതാ നിലവാരത്തിലേക്ക് ഉയർത്തിയെങ്കിലും അടിസ്ഥാന സുരക്ഷാസംവിധാനങ്ങൾ പല ഭാഗങ്ങളിലും തകർന്ന നിലയിലാണ്. കലഞ്ഞൂർ മുതൽ കുമ്പഴവരെ എട്ട് മാസത്തിനിടെ 16 അപകടമരണങ്ങളാണ് ഉണ്ടായത്.

പൊലിയുന്നത് ഒട്ടേറെ ജീവൻ

പുനലൂർ- മൂവാറ്റുപുഴ റോഡ് ജില്ലയിലേക്ക് പ്രവേശിക്കുന്ന കലഞ്ഞൂർ ഒന്നാംകുറ്റി മുതൽ മുറിഞ്ഞകൽ വരെയുള്ള ഭാഗം ഭീതിജനകമായ അപകടമേഖലകളിലൊന്നാണ്. എട്ട് മാസത്തിനിടെ മാത്രം ഈ ഭാഗത്ത് 13 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കലഞ്ഞൂർ, ഇടത്തറ, കലഞ്ഞൂർ വലിയപള്ളി ജങ്ഷൻ, ഇഞ്ചപ്പാറ, മുറിഞ്ഞകൽ, കൊല്ലംപടി, മല്ലശ്ശേരി മുക്ക്, കോന്നി ചിറ്റൂർമുക്ക്, ഇളകൊള്ളൂർ എന്നിവിടങ്ങളെല്ലാം സ്ഥിരം അപകടമേഖലകളാണ്.

അടുത്തിടെ മുറിഞ്ഞകൽ ജങ്ഷന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നവദമ്പതിമാരുൾപ്പെടെ നാലുപേർ മരിച്ചതും കലഞ്ഞൂർ വലിയപള്ളിക്ക്‌ സമീപമുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ രണ്ടുപേർക്ക് ജീവൻ നഷ്ടമായതും അപകടഭീഷണിയുടെ ഗൗരവം വ്യക്തമാക്കുന്നു.

റോഡിനൊപ്പം തകർന്നത് സുരക്ഷ

കലഞ്ഞൂർ മല്ലങ്കഴ മുതൽ കുമ്പഴവരെ സഞ്ചരിച്ചാൽ റോഡിന്റെ ഇരുവശങ്ങളിലും തകർന്നുകിടക്കുന്ന സുരക്ഷാവേലികൾ കാണാം. വാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയും വേർതിരിക്കുന്ന സംവിധാനങ്ങൾ പലയിടത്തും തകർന്ന നിലയിലാണ്. റോഡരികിൽ സ്ഥാപിച്ചിരുന്ന സോളാർ തെരുവിളക്കുകളുടെ പോസ്റ്റുകൾ വാഹനമിടിച്ച് തകർന്നതും നടപ്പാതകളിൽ ഒടിഞ്ഞുകിടക്കുന്നതും പലയിടത്തും കാണാം. ചില ഭാഗങ്ങളിൽ നടപ്പാതകളുടെ അരികിലേക്ക് ഡിവൈഡറുകൾ തള്ളിനിൽക്കുന്നുണ്ട്. റോഡിനും നടപ്പാതയ്ക്കുമിടയിൽ സ്ഥാപിച്ചിരുന്ന സംരക്ഷണവേലി തകർന്നിട്ടും പല സ്ഥലങ്ങളിലും അത് പുനഃസ്ഥാപിച്ചിട്ടില്ല.

അപകടങ്ങളുടെ നേർക്കാഴ്ച

മുറിഞ്ഞകൽ ജങ്ഷന് സമീപം അടുത്തിടെ അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയും കൂടൽ പോലീസ് സ്റ്റേഷന് സമീപം റോഡിൽത്തന്നെ തകർന്നുകിടക്കുന്ന ബൈക്കും അപകടപരമ്പരയുടെ നേർക്കാഴ്ചകളായി മാറുന്നു. അപകടം നടന്നാൽ വാഹനം മാറ്റുകയും താത്കാലിക പരിശോധന നടത്തുകയും ചെയ്യുന്നതിൽ മാത്രം നടപടികൾ ഒതുങ്ങുന്നു. എന്നാൽ, അപകടത്തിന് കാരണമാകുന്ന റോഡിന്റെ ഘടനാപരമായ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്ന നടപടികൾ എവിടെയെന്നതാണ് നാട്ടുകാരുടെ ചോദ്യം.

പരിശോധന വേണം; പരിഹാരവും

കലഞ്ഞൂർമുതൽ കുമ്പഴവരെയുള്ള ഭാഗത്ത് അപകടങ്ങൾ തുടർച്ചയായി വർധിച്ചിട്ടും മോട്ടോർവാഹന വകുപ്പ്, പോലീസ്, പൊതുമരാമത്ത് വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുടെ ഭാഗത്തുനിന്ന് ഫലപ്രദമായ ഏകോപിത ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് പരാതി.

വാഹനപരിശോധനകളും വേഗപരിശോധനകളും മാത്രം നടത്തിയാൽ അപകടങ്ങൾ അവസാനിക്കില്ല. അപകടമേഖലകൾ ശാസ്ത്രീയമായി കണ്ടെത്തി റോഡ് രൂപകല്പനയിലെ പിഴവുകൾ പരിശോധിക്കുകയും തകർന്ന സംരക്ഷണവേലികൾ പുനഃസ്ഥാപിക്കുകയും നടപ്പാതകൾ സുരക്ഷിതമാക്കുകയും തകർന്ന തെരുവുവിളക്കുകളും റോഡ് സുരക്ഷാ സംവിധാനങ്ങളും പുനഃസ്ഥാപിക്കുകയും വേണം. ശബരിമല തീർഥാടനകാലത്ത് വാഹനത്തിരക്ക് ഇനിയും വർധിക്കാനിരിക്കെ ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ അപകടങ്ങളുടെ എണ്ണം വീണ്ടും ഉയരാനുള്ള സാധ്യതയാണ് നാട്ടുകാരെ ആശങ്കപ്പെടുത്തുന്നത്.

(തുടരും...)