കോഴിത്തോടും നാൽക്കാലിക്കൽ പഴയപാലവും നശിക്കുന്നു
ആറന്മുള: പമ്പാനദിയുടെ പ്രധാന കൈവഴിയായ കോഴിത്തോടും നാൽക്കാലിക്കൽ പഴയപാലവും സംരക്ഷണമില്ലാതെ നശിക്കുന്നു. നാൽക്കാലിക്കൽ പഴയപാലം കേന്ദ്രീകരിച്ച് പൊതുമരാമത്ത് പുറമ്പോക്കിൽ വഴിയോര വിശ്രമകേന്ദ്രവും കോഴിത്തോട്ടിൽ കൂടിയുള്ള കയാക്കിങ് ഉൾപ്പെട്ട പദ്ധതിയും നടപ്പാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് ആരോഗ്യമന്ത്രി വീണാ ജോർജിന് നിവേദനവും ആറന്മുള എൻജിനിയറിങ് കോളേജിലെ സിവിൽ വിഭാഗം തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ടും നൽകിയിരുന്നു.
ഈ പദ്ധതി നടപ്പാക്കണമെന്ന് അന്നത്തെ ടൂറിസം മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു നടപടിയും ആരംഭിച്ചിട്ടില്ല. ടൂറിസം വകുപ്പ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വിശദമായ ഡി.പി.ആർ. തയ്യാറാക്കാൻ പത്തനംതിട്ട ജില്ലാ ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെടുകയും സർക്കാർ അംഗീകൃത ഏജൻസിയായ സങ്കൽപ്പ് ഡി.പി.ആർ. തയ്യാറാക്കി ടൂറിസം ഡയറക്ടറേറ്റിൽ കൊടുക്കുകയുംചെയ്തു. ടൂറിസം വകുപ്പ് ഈ പദ്ധതി അംഗീകരിച്ചിരുന്നു.
പ്രസ്തുത പദ്ധതിയിൽ പാർക്കിങ് ഏരിയ, ഫുഡ് കോർട്ട്, ശൗചാലയം, കുടിവെള്ളം, ഇരിപ്പിടം ഒരുക്കൽ, കുട്ടികൾക്കുള്ള കളിസ്ഥലം, പാലം സൗന്ദര്യവത്കരണം, ആറന്മുളയിലെ കരകൗശല ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനത്തിനുമുള്ള സൗകര്യം ഒരുക്കൽ എന്നിവയാണ് ഉൾപ്പെടുത്തിയിരുന്നത്. ബന്ധപ്പെട്ട വകുപ്പുകളുടെയെല്ലാം അനുമതിയും ലഭ്യമായിട്ടുണ്ട്.
പദ്ധതി യാഥാർഥ്യമായാൽ ആറന്മുളയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ആറന്മുളക്ഷേത്രം ദർശനം, കണ്ണാടി നിർമാണം, പള്ളിയോടം, തിരുവോണത്തോണി, വാസ്തുവിദ്യാ ഗുരുകുലവിദ്യാലയം എന്നിവിടങ്ങൾ സന്ദർശിച്ച് കോഴിത്തോട്ടിൽ കൂടിയുള്ള കയാക്കിങ്, ചെറുവള്ളങ്ങളിൽ കൂടിയുള്ള യാത്ര എന്നിവ നടത്താം.
പമ്പയുടെ പ്രധാന കൈവഴിയായ കോഴിത്തോട് നാരങ്ങാനം, ഇലന്തൂർ, മല്ലപ്പുഴശ്ശേരി, ആറന്മുള എന്നീ പഞ്ചായത്തിൽകൂടി കോഴിപ്പാലം വഴി പമ്പാനദിയിൽ എത്തിച്ചേരുന്നു. കോഴിപ്പാലത്ത് താത്കാലിക തടയണകൂടി നിർമിച്ചാൽ കോഴിത്തോട്ടിൽ 365 ദിവസവും ഈ പദ്ധതി ആവശ്യത്തിനും കൃഷിക്കും വെള്ളം ലഭിക്കും. ഉൾനാടൻ മത്സ്യബന്ധനത്തിനും കോഴിത്തോടിന്റെ രണ്ട് വശങ്ങളിലും ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിച്ചും സൗന്ദര്യവത്കരിക്കാവുന്നതാണ്.
എല്ലാ അനുമതിയും ലഭ്യമായ ഈ പദ്ധതിക്ക് ഫണ്ട് അനുവദിക്കണമെന്നുകാട്ടി ആറന്മുള വികസനസമിതി അബിൻ വർക്കി എം.എൽ.എ.യ്ക്ക് നിവേദനവും വിശദമായ റിപ്പോർട്ടും സമർപ്പിച്ചു. ആറന്മുള ഗ്രാമപ്പഞ്ചായത്തും ഈ പദ്ധതി നടപ്പാക്കണമെന്ന് കാട്ടി എം.എൽ.എ.യ്ക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാനം കൈമാറിയിട്ടുമുണ്ട്.
ദീർഘവീക്ഷണത്തോടെയുള്ള നടപടികൾ വേണം
ആറന്മുള, മല്ലപ്പുഴശ്ശേരി, ഇലന്തൂർ ഗ്രാമപ്പഞ്ചായത്തുകളിലൂടെ പമ്പാനദിയുടെ കൈത്തോടായി കടന്നുപോകുന്ന കോഴിത്തോട് കൈയ്യേറ്റങ്ങൾകൊണ്ടും മാലിന്യം തള്ളിയും നിർജീവമാകുന്ന സ്ഥിതിയിലാണ്. എന്നാൽ, ഈ നീർത്തടം സംരക്ഷിച്ചു പുനർജീവനം നൽകിയാൽ പൊടുന്നനെ നാട് മുങ്ങുന്നപോലെയുള്ള പ്രളയം ഒഴിവാക്കി, പരിസ്ഥിതിസംരക്ഷണം, വാട്ടർ ടൂറിസം, സായാഹ്ന പാർക്ക് തുടങ്ങി വിവിധ സാധ്യതകളോടെ ഒരു ഗ്രാമപ്രദേശമായ നാൽക്കാലിക്കൽ എന്ന സ്ഥലം ഒരു ചെറിയ ടൂറിസ്റ്റ് കേന്ദ്രമാകാൻവരെയുള്ള ഭാവി പദ്ധതികൾ ആവിഷ്‌കരിക്കാൻ സാധിക്കും.
- ജി.പ്രദീപ് (കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കിടങ്ങന്നൂർ)
Published: 17 Sept 2026, 12:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented