സീതത്തോട് : പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് മലയോരമേഖലയിൽ വൻ പ്രതിഷേധം ഉയരുന്നു. വിവിധ രാഷ്‌ട്രീയ പാർട്ടികളും, കർഷക സംഘടനകളും, പഞ്ചായത്ത് ഭരണസമിതികളും പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ മലയോരമേഖല വൻ സമരച്ചൂടിലേക്ക് മാറുകയാണ്. സീതത്തോട്, ചിറ്റാർ, തണ്ണിത്തോട് പഞ്ചായത്തുകളിലാണിപ്പോൾ പ്രതിഷേധം രൂക്ഷമായിട്ടുള്ളത്. പ്രതിഷേധം ഒരു ഭാഗത്ത് ഉയരുമ്പോഴും മേഖലയിലെ കർഷകരും, സാധാരണക്കാരും വലിയ ആശങ്കയിലാണ്.
ഇ.എസ്.എ. നടപടിയിൽ പ്രതിഷേധിച്ച് സീതത്തോട് ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്‌ച സീതത്തോട്ടിൽ പ്രതിഷേധറാലിയും, യോഗവും നടക്കും. കെ.യു.ജനീഷ് കുമാർ ഉദ്‌ഘാടനം ചെയ്യും. പഞ്ചായത്തിനെ പൂർണമായും പരിസ്ഥിതിലോല പട്ടികയിൽനിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി കഴിഞ്ഞദിവസം പ്രമേയം പാസാക്കിയിരുന്നു. ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം.
അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ ചിറ്റാറിൽ വൻ പ്രതിഷേധ റാലിയും യോഗവും നടത്തി. ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിൽ ഒപ്പ്‌ശേഖരണ പരിപാടിയുടെ ഉദ്‌ഘാടനവും ചിറ്റാറിൽ നടത്തി. കർഷകരുടെയും സാധാരണ ജനങ്ങളുടെയും ഉപജീവനത്തെ ബാധിക്കുന്ന പ്രശ്‌നമെന്ന നിലയിൽ പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിനെതിരേ ജനങ്ങൾ ഒന്നിക്കണമെന്ന് കിസാൻ സഭ സംസ്ഥാന സെക്രട്ടറി എ.പി.ജയൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ആർ.രാജചന്ദ്രൻപിള്ളയുടെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി ടി.മുരുകേഷ്, അഡ്വ.സത്യാനന്ദപണിക്കർ, ഷൈലജാ ബീവി, എ.പി.സന്തോഷ്, കെ.ജി. അനിൽകുമാർ, രാജൻമാത്യു, സന്തോഷ് ചാണ്ടി, തുളസീധരൻനായർ, സുജ പി.എസ്. എന്നിവർ പ്രസംഗിച്ചു. 18, 19, 20 തീയതികളിൽ വിവിധ പഞ്ചായത്തുകളിൽ കിസാൻസഭ യോഗം ചേരുന്നുണ്ട്.
സീതത്തോട് പഞ്ചായത്തിലെ ജനവാസമേഖലകളെ പൂർണമായി ഒഴിവാക്കികൊണ്ട് വനാതിർത്തിക്കുള്ളിൽ പരിസ്ഥിതിലോല മേഖല നിജപ്പെടുത്തുവാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്‌ഡലം കമ്മിറ്റി മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകി. അനാവശ്യ ആശങ്കകൾ വേണ്ടെന്നും, ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും മണ്‌ഡലം പ്രസിഡന്റ് രതീഷ് കെ.നായർ പറഞ്ഞു.
മലയോര ജനകീയ കർഷക സമിതിയുടെ നേതൃത്വത്തിൽ 20-ന് ചിറ്റാറിൽ പ്രതിഷേധറാലിയും യോഗവും നടക്കും. മറ്റ് സംഘടനകളും വരും ദിവസങ്ങളിൽ സമര രംഗത്ത് എത്തുമെന്ന് സൂചന നൽകിക്കഴിഞ്ഞു.
കോൺഗ്രസിന്റെ പ്രതിഷേധം ശനിയാഴ്ച
പത്തനംതിട്ട : പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലയായി കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ജില്ലയിലെ ജനവാസ പ്രദേശങ്ങളായ കൊല്ലമുള, പെരുനാട്, വടശ്ശേരിക്കര, സീതത്തോട്, ചിറ്റാർ, തണ്ണിത്തോട്, അരുവാപ്പുലം വില്ലേജുകളെ ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ശനിയാഴ്ച ചിറ്റാറിൽ കൂട്ടായ്മ നടത്തും. വൈകീട്ട് നാലിന് ചിറ്റാർ സ്വകാര്യ ബസ്‌സ്റ്റാൻഡിൽ പ്രതിഷേധക്കൂട്ടായ്മ ആൻറോ ആൻറണി എം.പി. ഉദ്ഘാടനം ചെയ്യും. ഡി.സി.സി. പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിക്കും. പഴകുളം മധു എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും.
പരിസ്ഥിതിലോല പ്രദേശങ്ങളായി കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വില്ലേജുകളിലെ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികളും പങ്കെടുക്കും.
Published: 17 Sept 2026, 01:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented