കൂടൽ : ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് പൊതുസ്ഥലം വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്ത് കൂടൽ ജങ്ഷനിൽ സ്ഥാപിച്ച ബോട്ടിൽ ബൂത്ത് ഇപ്പോൾ കാടുകയറി നശിക്കുന്ന അവസ്ഥയിൽ. ബൂത്തിനോട് ചേർന്ന പ്രദേശവും കാടും വള്ളിപ്പടർപ്പും മൂടിയിരിക്കുകയാണ്. ഇതിനൊപ്പം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും ഇവിടെ വ്യാപകമായി കിടക്കുകയാണ്. ബോട്ടിൽ ബൂത്ത് സ്ഥാപിക്കുന്നതിൽ കാണിച്ച ആവേശം അതിന്റെ പരിപാലനത്തിലും മാലിന്യനീക്കത്തിലും കാണുന്നില്ലെന്നതാണ് പ്രധാന പരാതി. കൃത്യമായ ഇടവേളകളിൽ മാലിന്യം നീക്കംചെയ്യുകയും ബൂത്തിന്റെ ചുറ്റുപാട് വൃത്തിയാക്കുകയും ചെയ്തിരുന്നെങ്കിൽ പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന മാതൃകാപരമായ സംവിധാനമായി ഇത് മാറുമായിരുന്നു.എന്നാൽ ഇപ്പോഴത്തെ സ്ഥിതി നേരേ വിപരീതമാണ്. പൊതുജനങ്ങളെ മാലിന്യം വലിച്ചെറിയരുതെന്ന് ബോധവത്കരിക്കുന്ന പഞ്ചായത്തുതന്നെ സ്ഥാപിച്ച മാലിന്യശേഖരണ സംവിധാനത്തിന്റെ പരിസരം കാടുകയറിക്കിടക്കുന്നത് ഗുരുതരമായ അനാസ്ഥയായാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. ജങ്ഷനിൽ ദിവസേന നിരവധി ആളുകൾ എത്തുന്ന പ്രദേശമാണിത്. കാടുപിടിച്ചുകിടക്കുന്ന അവസ്ഥ കാഴ്ചയ്ക്ക് അരോചകമാകുന്നതിന് പുറമേ മാലിന്യം വലിച്ചെറിയാനുള്ള ഇടമായി മാറാനുള്ള സാധ്യതയും വർധിപ്പിക്കുന്നു. കൂടൽ ജങ്ഷനിലെ ബോട്ടിൽ ബൂത്ത് അടിയന്തരമായി വൃത്തിയാക്കി, ചുറ്റുമുള്ള കാടും മാലിന്യങ്ങളും നീക്കി, ബൂത്ത് വീണ്ടും ഉപയോഗപ്രദമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

To advertise here,