നഷ്ടം രണ്ടുലക്ഷം; നിർത്താതെ പോയ ലോറി തേടി പോലീസ്‌

To advertise here,

അടൂർ : ടോറസിന്റെ പിറകിലെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങിയതോടെ അടൂർ ഹോളിക്രോസ്-ആനന്ദപ്പള്ളി റോഡിൽ ആറ് വൈദ്യുതത്തൂണുകൾ ഒടിഞ്ഞുവീണു. മീറ്ററുകളോളം വൈദ്യുതി ലൈനുകളും അനുബന്ധ ഉപകരണങ്ങളും കേബിൾ ടി.വി. ഉപകരണങ്ങളും തകർന്നു. വൈദ്യുതി തൂണുകൾ റോഡിലേക്ക് വീണതിനെ തുടർന്ന് റോഡിനും കേടുപാടുണ്ടായി. വൈദ്യുതി വകുപ്പിന്റെ കണക്കുപ്രകാരം രണ്ടുലക്ഷം രൂപയിലേറെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. ഹോളിക്രോസ് ജങ്ഷൻ ഭാഗത്തുനിന്ന് ആനന്ദപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസാണ് അപകടമുണ്ടാക്കിയത്. വിളനിലം കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ കയറ്റം കയറുന്നതിനിടെ ടോറസിന്റെ പിറകിലെ ഉയർന്ന ഭാഗം വൈദ്യുതി കമ്പിയിൽ കുരുങ്ങുകയായിരുന്നു. തുടർന്ന് വാഹനം മുന്നോട്ടുപോയതോടെ ഒന്നിനുപിന്നാലെ ഒന്നായി വൈദ്യുതിത്തൂണുകൾ ഒടിഞ്ഞുവീഴുകയായിരുന്നു.

സമീപത്തെ സി.സി.ടി.വി. ക്യാമറയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വൈദ്യുതി തൂണുകൾ ഒടിഞ്ഞുവീഴുന്നതിനൊപ്പം ലൈനുകളും കേബിൾ ടി.വി. ഉപകരണങ്ങളും റോഡിലേക്ക് പതിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടത്തിനുശേഷം ടോറസ് വേഗം കുറച്ചെങ്കിലും നിർത്താതെ കടന്നുപോയി.

സംഭവസമയത്തുതന്നെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ റോഡിന്റെ ഇരുവശത്തും റിബൺ കെട്ടി ഗതാഗതം നിയന്ത്രിച്ചു. പിന്നീട് അടൂർ കെ.എസ്.ഇ.ബി. അധികൃതർ സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ നടത്തി. അടൂർ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് എസ്.ഐ. ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അപകടമുണ്ടാക്കിയ ടോറസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ടിപ്പർ-ടോറസ് ഓട്ടം; റോഡിൽ ഭീതി

ഹോളിക്രോസ്-ആനന്ദപ്പള്ളി റോഡിൽ ടിപ്പറുകളുടെയും ടോറസുകളുടെയും അമിതവേഗത്തിലുള്ള ഓട്ടം പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. പുലർച്ചെ അഞ്ചുമുതൽ മണ്ണും ക്വാറി ഉത്പന്നങ്ങളുമായി വാഹനങ്ങളുടെ ഓട്ടം തുടങ്ങും. സ്കൂൾസമയത്തെ നിയന്ത്രണസമയത്ത് മാത്രമാണ് ഇതിന് അല്പം ശമനം.

വീതി കുറവായ റോഡിൽ പലയിടത്തും വലിയ വളവുകളുമുണ്ട്. വളവുകളിൽ എതിരേവരുന്ന വാഹനങ്ങൾപോലും കാണാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതിനിടെയാണ് ടിപ്പറുകളുടെയും ടോറസുകളുടെയും അമിതവേഗത്തിലുള്ള ഓട്ടം. അപകടസാധ്യത സംബന്ധിച്ച് ആർ.ടി.ഒ.യ്ക്കും പോലീസിനും അറിവുണ്ടെങ്കിലും കാര്യമായ നടപടി ഉണ്ടാകുന്നില്ലെന്ന് ശാന്തിനഗർ റെസിഡെൻസ്‌ അസോസിയേഷൻ സെക്രട്ടറി കെ. വിധു പറഞ്ഞു.