ആദ്യവർഷം ലാൻഡിങ് ചാർജ് പൂർണമായും ഒഴിവാക്കും
നവിമുംബൈ : പുതുതായി പ്രവർത്തനം ആരംഭിച്ച നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്ന വിമാനക്കമ്പനികൾക്ക് വലിയ താരിഫ് ഇളവ് പ്രഖ്യാപിച്ചു. അന്താരാഷ്ട്ര കണക്ടിവിറ്റി വർധിപ്പിക്കുകയും വിമാനക്കമ്പനികളെ പുതിയ സർവീസുകൾ ആരംഭിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി ആദ്യവർഷം വിമാനങ്ങളുടെ ലാൻഡിങ് ചാർജ് പൂർണമായും ഒഴിവാക്കാൻ വ്യോമയാന നിരക്ക് നിയന്ത്രണ അതോറിറ്റിയായ എ.ഇ.ആർ.എ. തീരുമാനിച്ചു.
എയർപോർട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവിലാണ് നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ആവശ്യപ്പെട്ടതിനെത്തുടർന്ന് വിമാനത്താവളത്തിന്റെ വേരിയബിൾ ടാരിഫ് പ്ലാൻ (വി.ടി.പി.) ഭേദഗതി അംഗീകരിച്ചത്. പുതിയ പദ്ധതിപ്രകാരം നവി മുംബൈ വിമാനത്താവളത്തിൽനിന്ന് സർവീസ് നടത്തുന്ന ഹ്രസ്വദൂരവും ദീർഘദൂരവുമായ അന്താരാഷ്ട്ര വിമാനങ്ങൾക്ക് രണ്ടാം വർഷം 50 ശതമാനവും മൂന്നാം വർഷം ദീർഘദൂര അന്താരാഷ്ട്ര സർവീസുകൾക്ക് 25 ശതമാനവുമാണ് ഇളവ്.
അധിക വിമാനസർവീസുകൾക്ക് പ്രത്യേക ഇളവ്
5,000 കിലോമീറ്റർ വരെയുള്ള റൂട്ടുകൾ ഹ്രസ്വദൂര സർവീസുകളായും അതിനു മുകളിലുള്ളവ ദീർഘദൂര സർവീസുകളായും കണക്കാക്കും. നിലവിലുള്ള അന്താരാഷ്ട്ര റൂട്ടുകളിൽ അധിക വിമാനസർവീസുകൾ ആരംഭിക്കുന്ന വിമാനക്കമ്പനികൾക്കും പ്രത്യേക ഇളവ് ലഭിക്കും. ഹ്രസ്വദൂര സർവീസുകൾക്ക് ആദ്യവർഷം 50 ശതമാനമാണ് നിരക്കിളവ്. ദീർഘദൂര സർവീസുകൾക്ക് ആദ്യ വർഷം 75 ശതമാനം ഇളവ് നൽകും. അന്താരാഷ്ട്ര കാർഗോ/ഫ്രെയ്റ്റർ വിമാനങ്ങൾക്കും വലിയ ഇളവാണ് ലഭിക്കുക. ആദ്യ വർഷം ലാൻഡിങ് ചാർജിൽ 90 ശതമാനം ഇളവും രണ്ടാം വർഷം 50 ശതമാനം ഇളവും ലഭിക്കും.
നിലവിൽ മുംബൈ വിമാനത്താവളത്തിൽനിന്ന് സർവീസ് നടത്തുന്ന റൂട്ടുകൾ നവി മുംബൈയിൽനിന്ന് ആരംഭിച്ചാൽ അവയ്ക്ക് ഇളവ് ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. എന്നാൽ പുതിയ ഭേദഗതി പ്രകാരം മുംബൈ വിമാനത്താവളത്തിൽ അതേ റൂട്ട് നിലവിൽ സർവീസ് നടത്തുന്നുണ്ടോയെന്നത് പരിഗണിക്കാതെ, നവി മുംബൈ വിമാനത്താവളത്തിൽ നിന്നാരംഭിക്കുന്ന പുതിയ അന്താരാഷ്ട്ര റൂട്ടുകൾക്ക് ഈ ആനുകൂല്യം ലഭിക്കും.
മുംബൈ, നവി മുംബൈ വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്. നവി മുംബൈ വിമാനത്താവളത്തിൽ അന്താരാഷ്ട്ര കണക്ടിവിറ്റി വികസിപ്പിക്കാൻ വിമാനത്താവള ഓപ്പറേറ്റർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനാണ് ഈ മാറ്റമെന്ന് എ.ഇ.ആർ.എ. വ്യക്തമാക്കി.
നവി മുംബൈ വിമാനത്താവളത്തിൽനിന്ന് പുതിയ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാനും നിലവിലുള്ള കണക്റ്റിവിറ്റി നിലനിർത്താനും വിമാനക്കമ്പനികളെ പ്രോത്സാഹിപ്പിക്കുകയാണ് ടാരിഫ് പ്ലാൻ മാറ്റത്തിന്റെ പ്രധാന ലക്ഷ്യം. നവി മുംബൈ വിമാനത്താവളത്തെ ഇന്ത്യയിലെ പ്രധാന അന്താരാഷ്ട്ര വ്യോമയാന കേന്ദ്രങ്ങളിലൊന്നാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് ഈ നിരക്കിളവ് ഏറെ ഗുണംചെയ്യുമെന്നാണ് പ്രതീക്ഷ.
Published: 10 Sept 2026, 11:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented