മൈസൂരു : കർഷകരുടെയും പരിസ്ഥിതി വാദികളുടെയും ശക്തമായ പ്രതിഷേധങ്ങൾ മറികടന്ന് ദസറയിൽ പോത്തോട്ട മത്സരത്തിനായുള്ള (കമ്പള) ഒരുക്കം തകൃതി. മൈസൂരിലെ ഔട്ടർ റിങ് റോഡിനോട് ചേർന്നുള്ള സതഗള്ളിയിൽ 18 ഏക്കർ സ്ഥലമാണ് മത്സരത്തിനായി ആകെ ഏറ്റെടുത്തത്. പോത്തോട്ടത്തിനാവശ്യമായ ട്രാക്കിന്റെ നിർമാണപ്രവർത്തനമാണ് ഇപ്പോൾ പ്രധാനമായും നടക്കുന്നത്. ട്രാക്കിന്റെ ഏകദേശം 40 ശതമാനത്തിലധികവും പ്രവൃത്തി പൂർത്തിയായി. ഇതിനുപുറമേ ഗാലറികൾ, ഫുഡ് കോർട്ടുകൾ, പാർക്കിങ് സൗകര്യങ്ങൾ, പോത്തുകൾക്കായുള്ള ആലകൾ എന്നിവയ്ക്കുകൂടിയാണ് ഇത്രയും സ്ഥലം ഏറ്റെടുത്തത്.
നാട് കടുത്ത വരൾച്ച നേരിടുമ്പോൾ നൂറു കണക്കിന് മരങ്ങൾ വെട്ടിമാറ്റിയും ലക്ഷക്കണക്കിന് ലിറ്റർ ജല ചൂഷണത്തിനും ഇടവരുത്തുന്ന കമ്പള നടത്തരുതെന്നാണ് കർഷകരുടെയും പരിസ്ഥിതി വാദികളുടെയും ശക്തമായ ആവശ്യം. കമ്പള നടത്തരുതെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽഗാന്ധിക്ക് പരിസ്ഥിതിവാദികൾ കഴിഞ്ഞദിവസം കത്തയച്ചിരുന്നു. എന്നാൽ, ഇതൊന്നും വകവെക്കാതെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്.
എന്നാൽ, ദസറയ്ക്കിടെ മൈസൂരുവിൽ കമ്പള സംഘടിപ്പിക്കുന്നതിനുള്ള ഔദ്യോഗിക ക്ഷണമോ നിർദേശമോ ജില്ലാ കമ്പള കമ്മിറ്റിക്ക് ലഭിച്ചിട്ടില്ലെന്ന് കർണാടക കമ്പള അസോസിയേഷൻ പ്രസിഡന്റ് ഡോ. ദേവി പ്രസാദ് അറിയിച്ചു. ഇതിനിടെ കമ്പളയ്ക്കുള്ള അന്തിമ ക്രമീകരണങ്ങളെക്കുറിച്ച് മൂന്ന് ദിവസത്തിനുള്ളിൽ വ്യക്തത ഉണ്ടാകുമെന്ന് ദസറ കമ്പള ഉപസമിതി ചെയർമാൻ കൂടിയായ മൈസൂരു ജില്ലാ പഞ്ചായത്ത് സി.ഇ.ഒ. എസ്. ഉകേഷ് കുമാർ പറഞ്ഞു.
പരമാവധി 150 ജോഡി പോത്തുകളെ മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അനുവദിക്കൂ. മത്സരത്തിൽ മുതിർന്നവർക്കും ജൂനിയർമാർക്കും പ്രത്യേക വിഭാഗങ്ങൾ ഉണ്ടായിരിക്കും. ഫുഡ് കോർട്ടുകൾ, വേദി ശുചിത്വ ജോലി, ശുചീകരണ സേവനങ്ങൾ എന്നിവയ്ക്കായി ടെൻഡറുകൾ ക്ഷണിച്ചുവരികയാണ്. രജിസ്‌ട്രേഷൻ ഫോമുകളും ഔദ്യോഗിക ക്ഷണക്കത്തുകളും ഉടൻ അന്തിമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 11 മുതൽ 21 വരെയാണ് മൈസൂരുവിൽ ദസറ. ഇതിൽ 18, 19 തീയതികളിൽ കമ്പള നടത്താനാണ് സർക്കാർ തീരുമാനം.
Published: 11 Sept 2026, 12:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented