ശരിയായ പാതയിലെന്ന് അഭിനന്ദിച്ച് സിദ്ധരാമയ്യ
ബെംഗളൂരു : ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാർ ശരിയായ പാതയിലൂടെയാണ് നീങ്ങുന്നതെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. വിഭാഗീയതയും പടലപ്പിണക്കവും മാറ്റിവെച്ച് ഡി.കെ. ശിവകുമാറിനെ സിദ്ധരാമയ്യ അഭിനന്ദിക്കുകയും ചെയ്തു.
ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാർ നൂറുദിവസം പിന്നിടുന്നതിന്റെ ആഘോഷമായിരുന്നു വേദി. വിധാൻ സൗധയിൽ നടന്ന ആഘോഷത്തിന് തിരിതെളിയിക്കാൻ ശിവകുമാർ തിരഞ്ഞെടുത്തത് സിദ്ധരാമയ്യയെയാണ്.
ജനങ്ങൾക്കുവേണ്ടി പുതിയ ആശയങ്ങളും പുതിയ പരിപാടികളും നടപ്പാക്കുകയാണ് ശിവകുമാർ സർക്കാർ എന്നുപറഞ്ഞ സിദ്ധരാമയ്യ ശിവകുമാറിനേയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളെയും അഭിനന്ദിച്ചു. സർക്കാരിന് ഇനിയും ഒന്നര വർഷത്തിലധികം ബാക്കിയുണ്ട്. അതിനിടെ ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേർത്തു.
അഞ്ചിന വാഗ്ദാനപദ്ധതികൾ തുടരണമെന്നും വരൾച്ചമൂലമുള്ള ദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.
തന്റെ സർക്കാർ അധികാരത്തിൽവന്നശേഷമുള്ള നേട്ടങ്ങൾ ഡി.കെ. ശിവകുമാർ വിശദീകരിച്ചു.
നൂറ് ദിവസത്തിനുള്ളിൽ 43,000 കോടി രൂപയുടെ നിക്ഷേപങ്ങൾക്ക് അനുമതി നൽകി. ആയിരം പബ്ലിക് സ്‌കൂളുകൾ സ്ഥാപിക്കാൻ നടപടിയെടുത്തു. ആറാം ക്ലാസ് മുതൽ എ.ഐ. വിദ്യാഭ്യാസത്തിന് പദ്ധതി തുടങ്ങി. എ.ഐ. യൂണിവേഴ്‌സിറ്റിക്ക് പദ്ധതിയിട്ടു. തലസ്ഥാനനഗരിയായ ബെംഗളൂരുവിലെ റോഡുകൾക്ക് രണ്ടായിരം കോടി രൂപ അനുവദിച്ചു. പട്ടിക വിഭാഗത്തിൽപെട്ട ഒരു ലക്ഷം കുടുംബങ്ങൾക്ക് ഈ വർഷം ഭൂമി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രി ജി. പരമേശ്വര, മന്ത്രിമാർ, എം.എൽ.എ.മാർ, എം.എൽ.സി.മാർ തുടങ്ങിയവർ പങ്കെടുത്തു.
വനിതാ പ്രാതിനിധ്യമില്ലാതെ നൂറുദിവസം
: കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശപ്രകാരം സിദ്ധരാമയ്യ രാജിവെച്ചതിന്റെ തുടർച്ചയായി കഴിഞ്ഞ ജൂൺ മൂന്നിനാണ് ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിലെത്തിയത്.
ഇരുവിഭാഗങ്ങളും തമ്മിലുള്ള രൂക്ഷമായ വിഭാഗീയ പോരാട്ടത്തിനുശേഷമാണ് അധികാരമാറ്റത്തിന് സിദ്ധരാമയ്യ സന്നദ്ധനായത്.
പുതിയ സർക്കാരിൽ മന്ത്രിമാരെ ഉൾപ്പെടുത്തുന്നതിലും വലിയ പിടിവലി നടന്നു. നൂറുദിവസം പിന്നിട്ടിട്ടും മന്ത്രിസഭയിൽ ഒരു വനിതാ പ്രാതിനിധ്യം പോലും ഉറപ്പാക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.
മുഖ്യമന്ത്രിയെക്കൂടാതെ 32 മന്ത്രിമാരാണ് നിലവിലുള്ളത്. സിദ്ധരാമയ്യ മന്ത്രിസഭയിൽ ഒരു വനിതാമന്ത്രിയുണ്ടായിരുന്നു. വനിതാ ശിശുക്ഷേമത്തിന്റെ ചുമതലയുണ്ടായിരുന്ന ലക്ഷ്മി ഹെബ്ബാൾക്കർ. ഡി.കെ. മന്ത്രിസഭയിൽ പക്ഷേ, ഇവരെ ഉൾപ്പെടുത്തിയില്ല. പകരം വനിതാമന്ത്രി ഉണ്ടായതുമില്ല.
Published: 11 Sept 2026, 12:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented