കീഴ്വായ്പൂര് ഗവ. വി.എച്ച്.എസ്. സ്കൂൾ കെട്ടിടം പണി ബാക്കി
കീഴ്‌വായ്പൂര്: കീഴ്‌വായ്പൂര് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം പണി കഴിഞ്ഞ് പൊതുമരാമത്ത് വകുപ്പ് കൈമാറി. സ്കൂൾ പ്രിൻസിപ്പൽ ഏറ്റുവാങ്ങുകയും ചെയ്തു. പക്ഷേ, ഗ്രൗണ്ട് ഫ്ലോറിലെ ഭീമാകാരമായ കുറെ തൂണുകളും അവയെ ബന്ധിപ്പിച്ച് കോൺക്രീറ്റ് മേൽക്കൂരയുമാണ് പുറമേ കാണാനുള്ളത്. ഭിത്തി കെട്ട്, തേപ്പ്, തറയിൽ ടൈൽ പാകൽ, വയറിങ്, പ്ലംബിങ്, പെയിന്റിങ് ഇവയടക്കം ചെയ്യാൻ ബാക്കിയാണ്. 1.54 കോടി രൂപയിലധികം ചെലവായെന്നാണ് കണക്ക്.
പണംകിട്ടിയാൽ പണിയാം
: രണ്ട് ക്ളാസ് മുറികൾ, അധ്യാപകർക്കും പ്രിൻസിപ്പലിനും പ്രത്യേകം മുറികൾ എന്നിവയുടെ തേപ്പ് വരെയുള്ള പണികൾക്കാണ് ഇത്രയും തുക എസ്റ്റിമേറ്റിൽ ഉൾക്കൊള്ളിച്ചിരുന്നത്. ലിഫ്റ്റിന്റെയും സ്റ്റെയർകേസിന്റെയും ഭിത്തികളും മൂന്ന് നിലയ്ക്കുള്ള അടിത്തറയും പൂർത്തിയായപ്പോൾ ചെലവ് അധികമായി. അതിനാൽ നേരത്തേ ഉദ്ദേശിച്ച അത്രയും പൂർത്തിയാക്കാനായില്ല,- നിർവഹണ ചുമതല ഉണ്ടായിരുന്ന പി.ഡബ്ല്യു.ഡി. കെട്ടിടവിഭാഗം വെണ്ണിക്കുളം സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ പറയുന്നു. മൂന്ന് നിലകൾ പൂർണമാക്കാൻ ഇനി 5.23 കോടി രൂപ കൂടി വേണം. എസ്റ്റിമേറ്റ് എടുത്ത് കൊടുത്തിട്ടുണ്ട്. തുക കിട്ടിയാൽ പണിയാം.
തുടക്കം 2018-ൽ
: ഹയർ സെക്കൻഡറി ക്ലാസുകൾ നടത്തുന്നതിന് കെട്ടിടം തീർക്കാൻ സംസ്ഥാന ബജറ്റിൽ നീക്കിവെച്ച തുകയിൽനിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് 2018 ജൂലായ് 23-നാണ് ഭരണാനുമതി നൽകിയിരുന്നത്. തദ്ദേശസ്വയംഭരണ വകുപ്പിനായിരുന്നു അന്ന് നിർമാണച്ചുമതല. എസ്റ്റിമേറ്റ് എടുക്കാൻ ജില്ലാപഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിന് ഭരണാനുമതി കൈമാറിയിരുന്നു. ഇതിന് കൺസൾട്ടൻസിയായി കൊല്ലം ടി.കെ.എം. എൻജിനീയറിങ് കോളേജിനെ ചുമതലപ്പെടുത്തുകയാണ് ഇവർ ചെയ്തത്.
മണ്ണ് പരിശോധനയും മറ്റും നടത്താൻ നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റാൻ നിർദേശിച്ചു. 1975-76 കാലഘട്ടത്തിൽ നിർമിച്ച ഓടിട്ട കെട്ടിടമാണ് ഒഴിവാക്കിയത്. ഇതിന്റെ ഉരുപ്പടികളും മറ്റും 2019 സെപ്റ്റംബറിൽ ലേലം ചെയ്തു. ഹൈസ്കൂൾ ക്ലാസുകളും ലാബോറട്ടറിയുമാണ് മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്നത്. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചപ്പോൾ തുടങ്ങിയത് ഇതിലായിരുന്നു.അന്ന് മണ്ണ് പരിശോധന നടത്തി പ്ലാൻ തയ്യാറാക്കിയെങ്കിലും ഫീസിനത്തിൽ 1.64 ലക്ഷം രൂപ നൽകാതെ ജില്ലാപഞ്ചായത്ത് ഒഴിഞ്ഞുമാറി. ഇതോടെ പ്രവൃത്തി കടലാസിൽ ഒതുങ്ങുകയും ചെയ്തു. നാലുവർഷമായി പ്ലാനും ഫയലിൽവെച്ച് കെടുകാര്യസ്ഥത കാട്ടിയ ജില്ലാപഞ്ചായത്തിനെ ഇതോടെ നിർമാണച്ചുമതലയിൽനിന്ന് ഒഴിവാക്കി. 154.90 ലക്ഷം രൂപയുടെ മന്ദിരം പണിയാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തെ ചുമതലപ്പെടുത്തി 2022 മാർച്ച് 30-ന് സർക്കാർ ഉത്തരവാകുകയും ചെയ്തു.
പുതിയ ഭരണാനുമതിയിൽ ഉൾപ്പെടുത്തി വീണ്ടും മണ്ണ് പരിശോധന നടത്തിയാണ് പി.ഡബ്ള്യു.ഡി. കെട്ടിടം പണി തുടങ്ങിയത്. മൂന്ന് നിലകളിലായി ഡിജിറ്റൽ സംവിധാനമുള്ള പത്ത് ക്ലാസ് മുറികളും ലാബും സെമിനാർ ഹാളും ഓഫീസും പ്രഥമശുശ്രൂഷാ മുറിയും ശൗചാലയങ്ങളും ഇവിടെയുണ്ടാകുമെന്നൊക്കെയായിരുന്നു പ്രഖ്യാപനങ്ങൾ. കിട്ടിയ 154 ലക്ഷം രൂപ തീർന്നതല്ലാതെ പണി എങ്ങുമെത്തിയിട്ടില്ല.
ഞെരുക്കത്തിലാണ് ഹയർസെക്കൻഡറി
: കെട്ടിടം പണി പൂർത്തിയാകാത്തതിനാൽ ഹയർസെക്കൻഡറി വിഭാഗം ഏഴുവർഷമായി ഞെരുങ്ങിയാണ് കഴിയുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ നാല് ക്ളാസ് മുറികൾ കടം വാങ്ങിയാണ് ലാബും ക്ലാസും ഓഫീസും ഒക്കെ നടത്തുന്നത് പി.ഡബ്ലു.ഡി. തന്ന പുതിയ എസ്റ്റിമേറ്റ് ഹയർസെക്കൻഡറി ഡയറക്ടറേറ്റിനും എം.എൽ.എ.യ്ക്കും സമർപ്പിച്ചിട്ടുണ്ട്.
- എസ്. രജനി, പ്രിൻസിപ്പൽ
Published: 11 Sept 2026, 12:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented