കോഴഞ്ചേരി : കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് സെന്റർ കോഴഞ്ചേരിക്ക് അന്യമായിട്ട് മൂന്ന് പതിറ്റാണ്ടിലേറെയാകുന്നു. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം കെ.എസ്.ആർ.ടി.സി. യിൽ നിരവധി പരിഷ്‌കാരങ്ങളും സൗകര്യങ്ങളും വർധിപ്പിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കോഴഞ്ചേരിയെ കെ.എസ്.ആർ.ടി.സി.യുടെ ഭൂപടത്തിലേക്ക് തിരികെ എത്തിക്കുമോ എന്നാണ് യാത്രക്കാരുടെ ചോദ്യം.
കോഴഞ്ചേരിയിൽ 1990 വരെ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ തസ്തികയിലുള്ള ഉദ്യോഗസ്ഥന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഓപ്പറേറ്റിങ് സെന്റർ പ്രവർത്തനം അവസാനിപ്പിച്ചതിന്റെ കാരണം കാലാകാലങ്ങളിൽ മാറിവന്ന മന്ത്രിസഭകൾ പറഞ്ഞിട്ടില്ല.
പഴയ പത്തനംതിട്ട മണ്ഡലത്തിലും പിന്നീട് ആറന്മുള മണ്ഡലത്തിലും നിലനിൽക്കുന്ന കോഴഞ്ചേരിയിലെ ഈ ദുരവസ്ഥ ജനപ്രതിനിധികൾ ഗൗരവത്തിലെടുത്തില്ല. 1982-ൽ പത്തനംതിട്ട ജില്ല രൂപവത്കരിച്ചശേഷം പേരിനൊരു കോഴഞ്ചേരി താലൂക്ക് രൂപം കൊണ്ടെങ്കിലും മറ്റ് മേഖലകളിലുണ്ടായ അവഗണന പോലെ കെ.എസ്.ആർ.ടി.സി.യും കോഴഞ്ചേരിയെ അവഗണിക്കുകയായിരുന്നു. ഇപ്പോഴത്തെ പഞ്ചായത്ത് സ്വകാര്യബസ് സ്റ്റാൻഡിനോട് ചേർന്ന കെട്ടിടത്തിൽ 1990 വരെ കെ.എസ്.ആർ.ടി.സി. ഓഫീസ് പ്രവർത്തിച്ചിരുന്നു. കൊല്ലം ജില്ലയുടെ ഭാഗമായിരുന്നപ്പോൾ ജില്ലാ ആസ്ഥാനത്തേക്കും തിരുവനന്തപുരത്തേക്കും നിരവധി സർവീസുകൾ നടന്നിരുന്നു.
കോഴഞ്ചേരി വഴി കടന്നുപോകുന്ന സർവീസ് ബസുകളെ ആശ്രയിക്കുന്നവർക്കും ഈ ഓഫീസ് ഏറെ ഉപകാരപ്രദമായിരുന്നു. നിലവിൽ രാവിലെ 5.10-ന് കോഴഞ്ചേരിയിൽ നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം ഫാസ്റ്റാണ് ഇവിടെ നിന്നും പുറപ്പെടുന്ന ഏക സർവീസ്. ഇതിലെ ജീവനക്കാർക്ക് വിശ്രമിക്കാനും പ്രാഥമികകൃത്യം നിർവഹിക്കുന്നതിനുമുള്ള സൗകര്യമില്ലാത്തതിന്റെ പേരിൽ ഇടക്കാലത്ത് ഈ സർവീസും നിലച്ചിരുന്നു.
പഞ്ചായത്ത് അധികൃതർ ഇടപെട്ട് പ്രശ്നം പരിഹരിച്ചതോടെയാണ് സർവീസ് പുനരാരംഭിച്ചത്. കോട്ടയം-കറുകച്ചാൽ-മല്ലപ്പള്ളി വഴി കോഴഞ്ചേരിയിലേക്കും തിരിച്ചും നടത്തുന്ന 14 കെ.എസ്.ആർ.ടി.സി. സർവീസുകൾ നടക്കുന്നുണ്ട്. എന്നാൽ കോഴഞ്ചേരി കോളേജ് - ഇലവുംതിട്ട ബസ് സർവീസ് ഉൾപ്പടെ ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണ സർവീസുകൾ ഓർമ്മയായിട്ട് പതിറ്റാണ്ടുകളായി. പത്തനംതിട്ട - കോഴഞ്ചേരി - ചെങ്ങന്നൂർ ചെയിൻ സർവീസ് ആരംഭിച്ചിരുന്നെങ്കിലും കോവിഡ് സമയത്ത് നിർത്തലാക്കിയത് പിന്നീട് പുനരാരംഭിച്ചില്ല.
ഏറെ സ്വകാര്യബസ് സർവീസുകൾ നിലനിൽക്കുന്ന ഈ റൂട്ടിൽ ഇത് പൊതുജനങ്ങളെ ബാധിച്ചിട്ടില്ലെങ്കിലും പുലർകാലത്തും രാത്രി വൈകിയുമുള്ള സർവീസുകൾ നടത്താൻ സ്വകാര്യബസുകൾ തയ്യാറാകാത്തത് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന ജില്ലയുടെ കിഴക്കൻ മേഖലയിലുളള ട്രെയിൻ യാത്രികർ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതിന് പരിഹാരമായി പുലർച്ചെ 4.30-ന് പത്തനംതിട്ടയിൽനിന്നും രാത്രി 9.30-ന് ചെങ്ങന്നൂരിൽനിന്നും ആരംഭിക്കുന്ന വിധത്തിൽ കോഴഞ്ചേരിവഴി സെപറ്റംബർ മുതൽ കെ.എസ്.ആർ.ടി.സി. സർവീസ് ആരംഭിച്ചിട്ടുണ്ട്. മാരാമൺ കൺവെൻഷൻകാലത്ത് താത്‌കാലിക ഓപ്പറേറ്റിങ് സ്റ്റേഷൻ സ്ഥാപിച്ചാണ് കെ.എസ്.ആർ.ടി.സി. സർവീസ് നിയന്ത്രിക്കുന്നത്. അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷന്റെ ആതിഥേയ പട്ടണവും കോഴഞ്ചേരിയാണ്. ഒന്നാം പിണറായി സർക്കാരിലെ ഗതാഗത മന്ത്രിയായിരുന്ന തോമസ് ചാണ്ടിക്ക് മുൻപിൽ കാലം ചെയ്ത ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത മുൻപോട്ട് വച്ച കോഴഞ്ചേരിയിലെ കെ.എസ്.ആർ.ടി.സി. കേന്ദ്രം മന്ത്രി തത്വത്തിൽ അംഗീകരിച്ചിരുന്നു.
Published: 02 Oct 2026, 12:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented