കവിയൂർ-ചങ്ങനാശ്ശേരി, നടയ്ക്കൽ-കവിയൂർ പാതകളിൽ പലയിടത്തും വഴിയിലേക്ക് ഇറക്കി നിർമാണം
പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടി ഇഴയുന്നു
കാണാത്തമട്ടിൽ പൊതുമരാമത്ത്
കവിയൂർ : കവിയൂരിലൂടെ കടന്നുപോകുന്ന പ്രധാനപാതകൾ കൈയേറി നടത്തുന്ന നിർമാണങ്ങൾ ഗതാഗതത്തിന് തടസ്സമാകുന്നു. കവിയൂർ-ചങ്ങനാശ്ശേരി, നടയ്ക്കൽ-കവിയൂർ പാതകളിലാണ് ഇത്തരം പ്രവൃത്തികൾ. ഇവിടങ്ങളിൽ വഴിയിലേക്ക് ഇറക്കി നടത്തിയിട്ടുള്ള നിർമാണങ്ങൾ അപകടഭീഷണിയാകുന്നു.
കവിയൂർ എൻ.എസ്.എസ്. ജങ്ഷനിൽനിന്ന് നടയ്ക്കലേക്ക് പോകാനുള്ള വഴിക്ക് വീതി കുറവാണ്. 14 കൊടുംവളവുകളോടുകൂടിയ പാതയാണ്. പുളിയിൽകീഴ് പാടശേഖരത്തിലെ വെള്ളമൊഴിഞ്ഞ് പോകുന്നതിനായി കോട്ടാമുണ്ടകത്തിൽ മൂന്നു കലുങ്കുകൾ പൊതുമരാമത്ത് പണിതിരുന്നു. അതിന് അടിയിലൂടെ സുഗമമായി നീരൊഴുകി മാറിയിരുന്നതാണ്. ഇതിപ്പോൾ എവിടെയാണെന്ന് കണ്ടെത്താൻ കവടി നിരത്തിയാലേ കഴിയൂ.
കലുങ്കിന്റെ ഭാഗങ്ങൾ കൈയേറിയ വ്യക്തി കടയുടെ ഭാഗമാക്കി. മഴയത്തെ വെള്ളക്കെട്ട് കാലങ്ങളായി ഇവിടെ തുടരുന്നു. കോട്ടൂർ ഭാഗത്തു നടത്തിയിട്ടുള്ള നിർമാണങ്ങളും പ്രശ്‌നമാകുന്നു. ഈ പാതയിൽ 12.5 കോടിയുടെ പണികൾ ഇപ്പോൾ നടക്കുകയാണ്. വീതികൂട്ടി ടാറിങ്ങും കലുങ്ക് നിർമാണവും അടക്കമാണിത്. ഇക്കൂട്ടത്തിൽ അനധികൃത നിർമാണങ്ങൾ നീക്കാൻ പൊതുമരാമത്ത് തയ്യാറായാൽ നല്ലൊരു വഴിയുണ്ടാകും. അതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കോട്ടൂർ ജനകീയ സമിതിയുടെ ആവശ്യം.
.വസ്തുപോയത് മിച്ചം
:കവിയൂർ-ചങ്ങനാശ്ശേരി റോഡിലെ കൈയേറ്റങ്ങളും ഒഴിപ്പിക്കാനായിട്ടില്ല. പുനരുദ്ധാരണത്തിന്റെ ഭാഗമായി തോട്ടഭാഗം മുതൽ പായിപ്പാടുവരെ വീതികൂട്ടിയ വഴിയാണ്. ഓടകൾ കൈയേറിയുള്ള പ്രവൃത്തികൾ അടക്കം നടന്നിട്ട് വർഷമൊന്നായി. ലക്ഷങ്ങൾ വിലവരുന്ന വസ്തു സൗജന്യമായി വിട്ടുകൊടുത്തവർ ഇവിടെയുണ്ട്. വഴിയുടെ വികസനം ലക്ഷ്യമാക്കിയാണ് അവരിത് ചെയ്തത്. ഇവരെ നിരാശരാക്കുന്ന തരത്തിലാണ് ഈ പാതയുടെ കിടപ്പ്. ഇവിടങ്ങളിലെ അനധികൃത നിർമാണങ്ങൾക്കെതിരേ കവിയൂർ പഞ്ചായത്തിൽ പലരും പരാതികൾ നൽകിയിട്ടും ഫലമുണ്ടായില്ലെന്നാണ് ആക്ഷേപം. ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതർ അന്വേഷണം നടത്തിയാൽ കാര്യങ്ങൾ വ്യക്തമാകും.
പൊതുമരാമത്തും ഇവയൊന്നും കാണാത്ത മട്ടിൽ കഴിയുന്നു. നിയമം നടപ്പാക്കേണ്ടവർ കണ്ണടയ്ക്കുന്നത് കാരണം ദുരിതം മുഴുവൻ പൊതുജനത്തിന്. അതിനാൽ ഇവയൊക്കെ പൊളിച്ചുനീക്കി ഗതാഗതം സുഗമമാകാൻ വേണ്ടുന്ന നടപടികൾ സ്വീകരിക്കണമെന്നാണ് ജനപ്രതിനിധികൾ ഉൾപ്പെടെ ആവശ്യപ്പെടുന്നത്.
Published: 09 Sept 2026, 02:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented