കൊല്ലം : ദേശീയപാതയിൽ പലയിടത്തും രാത്രിയിൽ വെളിച്ചമില്ല. വാഹനാപകടങ്ങൾ വർധിക്കുമ്പോഴും അടിസ്ഥാനസൗകര്യങ്ങൾപോലും ഒരുക്കാൻ ദേശീയപാത അതോറിറ്റിയും നിർമാണ കമ്പനിയും തയ്യാറാകുന്നില്ലെന്ന്‌ ആരോപണമുണ്ട്. സർവീസ് റോഡുകളിലും മതിയായ വെളിച്ചമില്ല. പലയിടത്തും മുന്നറിയിപ്പ് ബോർഡുകളുടെ അഭാവവും ട്രാഫിക് നിയന്ത്രണത്തിലെ വീഴ്ചകളും അപകടം ക്ഷണിച്ചുവരുത്തുന്നു.

To advertise here,

ഏറ്റവുമൊടുവിൽ തിങ്കളാഴ്ച രാത്രി കുരീപ്പുഴയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക്‌ യാത്രികരിൽ ശക്തികുളങ്ങര സ്വദേശി വിനോദ് മരിച്ചതും വെളിച്ചമില്ലാത്ത ഭാഗത്താണ്. രാത്രിസമയങ്ങളിൽ ദേശീയപാതയിൽനിന്ന് സർവീസ് റോഡിലേക്കു പ്രവേശിക്കുന്ന ഭാഗങ്ങളിൽ അപകടങ്ങൾ നിത്യസംഭവമാണ്. ദേശീയപാതകളിലൂടെയുള്ള രാത്രികാല യാത്രകളിൽ വാഹനങ്ങളിലെ ഹൈ ബീം ഹെഡ് ലൈറ്റുകൾതന്നെയാണ് ഇവിടത്തെ പ്രധാന വെളിച്ചം. മേവറംമുതൽ കുരീപ്പുഴവരെയുള്ള ഭാഗത്തെ രാത്രികാഴ്ചകളിലേക്ക്...

മേവറം അടിപ്പാത

രാത്രിയായാൽ അടിപ്പാതയിൽ വെളിച്ചമില്ലാത്തതിനാൽ ഏറെ ദുരിതമാണ്. സർവീസ് റോഡുവഴി വരുന്ന വാഹനങ്ങൾ അടിപ്പാതയിലേക്ക് കയറിവരുമ്പോൾ എതിരേ വരുന്ന വാഹനങ്ങൾ എങ്ങോട്ട്‌ തിരിയണമെന്ന വെപ്രാളവും. ചെറിയ ഉരസലും പോറലും പതിവുകാഴ്ചയാണെന്ന് വാഹനങ്ങൾ നിയന്ത്രിക്കാൻ നിൽക്കുന്ന കരാർ കമ്പനിയുടെ ജീവനക്കാർതന്നെ പറയുന്നു.

കല്ലുംതാഴം ഉയരപ്പാത

അതിവേഗത്തിൽ പാഞ്ഞുവരുന്ന വാഹനങ്ങൾ കല്ലുംതാഴം ഉയരപ്പാതയിലെത്തുമ്പോൾ ഇരുട്ടാണ്. റോഡിലെ കുഴികൾപോലും കാണാനാകാത്തത്ര ഇരുട്ട്. ഇരുചക്രവാഹനങ്ങൾമുതൽ കണ്ടെയ്‌നർ ലോറികൾവരെ ഉയരപ്പാതയിലെ ഒരുവശത്തുകൂടിയാണ് കടന്നുപോകുന്നത്. ഇവിടാണെങ്കിൽ വീതിക്കുറവുമാണ്. റോഡിൽ മെറ്റലുകൾ ചിതറിക്കിടക്കുന്നു. വെളിച്ചമില്ലാത്തതിനാൽ റോഡിലെ കുഴികളും കാണാനാകില്ല. സമീപത്ത് നിർമാണജോലികൾക്കായി പാർക്ക് ചെയ്തിരിക്കുന്ന വലിയ വാഹനങ്ങളും കോൺക്രീറ്റ് തൂണുകളും അടുത്തുവരുമ്പോഴേ കാണാനാകൂ.

കുരീപ്പുഴ അപകടപ്പാത

അടിക്കടി അപകടമുണ്ടാകുന്ന ഭാഗമാണ് കുരീപ്പുഴ. തിങ്കളാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ശക്തികുളങ്ങര സ്വദേശി വിനോദാണ് ഒടുവിലത്തെ രക്തസാക്ഷി. അങ്ങനെ എത്രയോ പേർ. കാവനാട്-കുരീപ്പുഴ പാലത്തിൽ വെളിച്ചവും തീരേയില്ല.തെറ്റായ ദിശയിൽ വാഹനങ്ങൾ കയറിവരുന്നതാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്ന് അഞ്ചാലുംമൂട് പോലീസ് പറയുന്നു.

വളവിലെ പാർക്കിങ്

:ആറുവരിപ്പാതയിൽ പാർക്കിങ് നിരോധിച്ചെന്നാണ് നിയമപാലകരും ദേശീയപാത അധികൃതരും പറയുന്നത്. തിങ്കളാഴ്ച രാത്രി കണ്ട കാഴ്ചകളിൽ പലയിടത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. കടവൂർ-മങ്ങാട് പാലത്തിൽ മങ്ങാട് ഭാഗത്ത് ടാങ്കർലോറി പാർക്ക് ചെയ്യുന്നിടം കൂരിരുട്ടാണ്. അതും പാലം ഇറങ്ങിവരുന്ന വളവുഭാഗത്താണ്.

അല്പം മാറി മറ്റൊരു ലോറിയും പാർക്ക് ചെയ്യുന്നത് അധികൃതർ കണ്ടിട്ടേയില്ല. ഓടിവരുന്നതിനിടെ കേടായതാകാമെന്നു പറയുന്നുണ്ടെങ്കിലും മുന്നറിയിപ്പ്‌ സൂചകങ്ങൾ സ്ഥാപിച്ചിട്ടില്ല. വേഗത്തിൽ വരുന്ന വാഹനങ്ങൾ തൊട്ടടുത്തെത്തുമ്പോഴാണ് ലോറി കാണുക. പിന്നിലിടിച്ച് അപകടമുണ്ടായാൽ ജീവൻവരെ നഷ്ടപ്പെടാം.