അടൂർ : എം.സി. റോഡിലെ അടൂർ ബൈപ്പാസിൽ വഴിവിളക്കുകൾ പലതും മിഴിയടച്ചു. റോഡിന്റെ പല ഭാഗങ്ങളും ഇരുട്ടിലാകുന്നു. നെല്ലിമൂട്ടിൽപ്പടി മുതൽ കരുവാറ്റവരെയുള്ള ഭാഗത്ത് പലയിടത്തും വഴിവിളക്കുകൾ കത്താത്തതാണ് യാത്രക്കാർക്ക് ദുരിതമാകുന്നത്.
സുരക്ഷാ ഇടനാഴി പദ്ധതിയുടെ ഭാഗമായി ബൈപ്പാസിൽ പലയിടത്തും വഴിവിളക്കുകൾ സ്ഥാപിച്ചിരുന്നു. ഒട്ടേറെ പഠനങ്ങൾക്കുശേഷം സേഫ് സോൺ പദ്ധതിയിൽ കെ.എസ്.ടി.പി.യുടെ മേൽനോട്ടത്തിൽ നവീകരിച്ച എം.സി.റോഡിൽ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകിയിരുന്നെങ്കിലും വഴിവിളക്കുകളുടെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്.
വാഹനത്തിരക്ക് കുറയുന്ന രാത്രി റോഡിൽ വെളിച്ചം കൂടിയില്ലാതാകുന്നതോടെ അപകടസാധ്യത വർധിക്കുന്നു. ഇതിനുപുറമേ ബൈപ്പാസിന്റെ പല ഭാഗങ്ങളിലും രാത്രി വലിയ ചരക്കുവാഹനങ്ങൾ റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർമാർ വിശ്രമിക്കുന്ന പതിവുമുണ്ട്. ഇരുട്ടിൽ ഇത്തരം വാഹനങ്ങൾ മറ്റു വാഹനയാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാൻ വൈകുന്നതും അപകടഭീഷണി ഉയർത്തുന്നു.
ബൈപ്പാസിലൂടെ വാഹനങ്ങൾ വേഗത്തിൽ പാഞ്ഞുവരുന്നതിനിടെ ഉപറോഡുകളിൽനിന്ന് പ്രധാന റോഡിലേക്ക് കയറുന്ന വാഹനങ്ങളും അപകടസാധ്യത സൃഷ്ടിക്കുന്നുണ്ട്. മുന്നിലെ വാഹനം കടന്നുപോകട്ടെയെന്ന കാത്തിരിപ്പില്ലാതെ പ്രധാന റോഡിലേക്ക് കയറുന്ന ചെറുതും വലുതുമായ വാഹനങ്ങൾ ഇരുട്ടിൽ പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്തത് അപകടത്തിന് കാരണമാകാം.
മുൻപ് വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി അധികൃതർ കൃത്യമായി നടത്തിയിരുന്നു. എന്നാൽ, അടുത്തകാലത്തായി അറ്റകുറ്റപ്പണി കാര്യമായി നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
എം.സി.റോഡിന്റെ സംരക്ഷണച്ചുമതല കെ.എസ്.ടി.പി.ക്കാണ്. റോഡിന്റെ അറ്റകുറ്റപ്പണിക്കായി നേരത്തേയുണ്ടായിരുന്ന കരാർ അടുത്തിടെ അവസാനിച്ചിരുന്നു. പുതിയ കരാർ നൽകാനുള്ള നടപടി നടക്കേണ്ടതുണ്ട്. പുതിയ കരാറിനൊപ്പം വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികൾക്കും ചുമതല നൽകുമെന്നാണ് പ്രതീക്ഷ. അതുവരെ ബൈപ്പാസിലെ പല ഭാഗങ്ങളിലും വെളിച്ചമില്ലാത്ത യാത്രയാണ് വാഹനയാത്രികർക്ക് മുന്നിലുള്ളത്.
Published: 08 Sept 2026, 02:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented