രണ്ടു പാലങ്ങളിലായി 'ടൂ വേ' സംവിധാനം

To advertise here,

പുനലൂർ :കൊല്ലം-തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് മേൽപ്പാലത്തോടു ചേർന്ന് പുതിയ പാലം നിർമിക്കുമ്പോഴും നിലവിലെ പാലത്തിൽ ഗതാഗതം തുടരും. പുതിയ പാലത്തിലും പഴയ പാലത്തിലുമായി 'ടൂ വേ' സംവിധാനത്തിൽ ഗതാഗതം ഒരുക്കാനാണ് തീരുമാനം. എങ്കിൽ മാത്രമേ നിലവിലെ വാഹനസാന്ദ്രത അനുസരിച്ച് ഇവിടെ കുരുക്കും സ്തംഭനവുമില്ലാതെ ഗതാഗതം സാധ്യമാകൂ.

അടുത്തിടെ പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ പുനലൂർ മുക്കടവിലും അഞ്ചൽ-ആയൂർ പാതയിൽ അഞ്ചൽ കുരിശിൻമൂട്ടിലും പുതിയ പാലം നിർമിച്ചെങ്കിലും പഴയ പാലംകൂടി ഉപയോഗിച്ച് 'ടൂ വേ' സംവിധാനത്തിലാണ് ഗതാഗതം. ഈ മാതൃകയിൽ വാളക്കോട്ടും പഴയപാലംകൂടി ഗതാഗതത്തിന് ഉപയോഗിക്കാനാണ് തീരുമാനം.

കൊല്ലം-ചെങ്കോട്ട റെയിൽപ്പാതയ്ക്കു കുറുകേ നൂറ്റാണ്ടുമുൻപു നിർമിച്ച നാലരമീറ്റർ മാത്രം വീതിയുള്ള പാലമാണ് വാളക്കോട്ടുള്ളത്. ഇതിനോടു ചേർന്ന് 29.5 മീറ്റർ നീളത്തിലും 8.25 മീറ്റർ വീതിയിലും പുതിയ പാലം നിർമിക്കാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ 5.5 മീറ്റർ വീതി ഗതാഗതത്തിനും 1.5 മീറ്റർ വീതി കാൽനടയ്ക്കുമാണ്. ശേഷിക്കുന്ന ഭാഗത്ത് ​െറയിലും ക്രാഷ് ബാരിയറും നിർമിക്കും. പുതിയ പാലം വരുന്നതോടെ ഫലത്തിൽ ഗതാഗതത്തിന് മൊത്തം 10 മീറ്റർ വീതി ലഭിക്കും.

എൻ.കെ. പ്രേമചന്ദ്രൻ എം.പി., സി. അജയപ്രസാദ് എം.എൽ.എ. തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കളക്ടർ ആനി ജൂലാ തോമസ് വെള്ളിയാഴ്ച പുനലൂരിൽ വിളിച്ചുചേർത്ത യോഗത്തിലാണ് വാളക്കോട്ട്‌ പുതിയ പാലം നിർമിക്കാൻ തീരുമാനിച്ചത്. ഏഴുകോടി രൂപയാണ് പ്രതീക്ഷിക്കുന്ന നിർമാണച്ചെലവ്. ഇതു പൂർണമായും കേന്ദ്രസർക്കാർ വഹിക്കും. രൂപരേഖയും അടങ്കലും തയ്യാറാക്കി ഈ മാസം 20-നുമുൻപ് ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ.)യുടെ അനുമതി വാങ്ങണം.

കിഴക്കൻ മേഖലയിൽനിന്ന് പുനലൂർ പട്ടണത്തിലേക്ക് പ്രവേശിക്കുന്ന കവാടമാണ് വാളക്കോട് പാലം. ദേശീയപാതയിൽതന്നെ ഏറ്റവും വീതി കുറഞ്ഞതും ഇതുവരെ പുനരുദ്ധരിക്കാത്തതുമായ ഈ പാലം പുനലൂരിൽ ഗതാഗതക്കുരുക്കുണ്ടാക്കുന്ന കുപ്പിക്കഴുത്താണ്‌. ഇടുങ്ങിയ ഈ പാലത്തിലൂടെ ഒരു സമയം ഒരു ദിശയിലേക്കു മാത്രമേ വാഹനങ്ങൾ കടത്തിവിടാനാകൂ.

പാലത്തോടു ചേർന്ന് സമാന്തരപാത നിർമിക്കാൻ നേരത്തെ തീരുമാനിക്കുകയും 3.57 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നെങ്കിലും അവസാനനിമിഷം സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി റെയിൽവേ അനുമതി നിഷേധിച്ചു. അതോടെ ആ പദ്ധതി ഉപേക്ഷിച്ചിരുന്നു.