ജനകീയ ഹോട്ടലുകൾ അടയുന്നു; 58-ൽ ബാക്കിയുള്ളത് 19

To advertise here,

പത്തനംതിട്ട: സാധാരണക്കാരന്റെ ഊണിടമായിരുന്ന കുടുംബശ്രീ ജനകീയ ഹോട്ടലുകളിൽ ഭൂരിഭാഗത്തിനും പൂട്ടുവീണു. പാടുപെട്ടാണ് മറ്റുള്ളവയുടെ പ്രവർത്തനം. സബ്സിഡിയിൽ ജനകീയ ഹോട്ടലുകൾക്ക് അരി ഉൾപ്പെടെയുള്ളവ ലഭിക്കാത്ത സാഹചര്യം നിലവിലുണ്ട്. പൊതുവിപണിയിൽനിന്ന് കൂടിയവിലയ്ക്ക് അരി വാങ്ങി ഹോട്ടൽ നടത്തുക എളുപ്പവുമല്ല. അഞ്ചുവർഷം മുമ്പ് 58 ജനകീയ ഹോട്ടലുകൾ പ്രവർത്തിച്ചിരുന്ന ജില്ലയിൽ ബാക്കിയുള്ളത് 19 എണ്ണം മാത്രമാണ്. പല സമയങ്ങളിലായി 39 എണ്ണം പൂട്ടി.

2020-21 കാലത്ത് ജില്ലയിലെ എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും ജനകീയ ഹോട്ടലുകൾ ഉണ്ടായിരുന്നു. നാല് നഗരസഭകളിൽ പത്തനംതിട്ടയിൽ മാത്രമാണ് ഇപ്പോൾ ജനകീയ ഹോട്ടലുള്ളത്. 53 പഞ്ചായത്തുകളിൽ ഉണ്ടായിരുന്ന ഹോട്ടലുകൾ 18-ലേക്ക് ചുരുങ്ങി.

‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായാണ് ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. ഡ്രൈവർമാരും ദിവസനവേതനക്കാരും മറ്റും ഏറെ പ്രയോജനപ്പെടുത്തിയിരുന്നു. എന്നാൽ, സാധനങ്ങളുടെ വിലവർധനയും സബ്സിഡി യഥാസമയം കിട്ടാതായതും പ്രതിസന്ധിയ്ക്ക് ഇടയാക്കി. ഇതിനിടെ, 2023 ഓഗസ്റ്റ് ഒന്നുമുതൽ സർക്കാർ സബ്സിഡി നിർത്തി. ജനകീയ ഹോട്ടലുകൾ വഴി നൽകുന്ന ഒരു ഊണിന് 10 രൂപയായിരുന്നു സബ്സിഡിയായി നൽകിയിരുന്നത്. ഇത് ഇല്ലാതായതിനൊപ്പം പാചകവാതകത്തിനും പച്ചക്കറിക്കും വില ഉയർന്നതോടെ ഹോട്ടൽ നടത്തുക എളുപ്പമല്ലാതായി. ഭൗതികസാഹചര്യം ഒരുക്കിനൽകുന്നതിൽ തദ്ദേശസ്ഥാപനങ്ങൾക്കും വീഴ്ചയുണ്ടായി.

തുടക്കത്തിൽ ജനകീയ ഹോട്ടലുകളിൽ ഉച്ചയൂണിന് 20 രൂപയും പാഴ്സൽ ഊണിന് 25 രൂപയുമായിരുന്നു നിരക്ക്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ മിക്ക ഹോട്ടലുകളിലും വില 35-ലേക്കും 40-ലേക്കും ഉയർന്നു.