ദുരിതമകലാൻ റോഡ് ഉയർത്തണം

To advertise here,

കീഴ്വായ്പൂര് : തകർച്ചയുടെ നെല്ലിപ്പടിയിലാണ് കീഴ്വായ്പൂര് - പടുതോട് റോഡ്. കോട്ടയം- കോഴഞ്ചേരി സംസ്ഥാനപാതയിലെ ഉപറോഡായിട്ടും ഗതികേട് മാറുന്നില്ല. ഏറ്റവും ദുർഘടമാണ് നാറാണത്ത് പടി മുതൽ പടുതോട് പള്ളിപ്പടി വരെയുള്ള ഭാഗം. അഞ്ഞൂറ് മീറ്റർ നീളത്തിൽ ടാർ ഉപരിതലം അവശേഷിക്കുന്നില്ല. മെറ്റൽ ഇളകി റോഡിൽ നിരന്നുകിടക്കുന്നു. ഇരുചക്ര വാഹനങ്ങളിൽ സൂക്ഷിച്ചുപോയില്ലെങ്കിൽ അപകടം ഉറപ്പ്.

മഴയൊന്നുപെയ്താൽ നിലയില്ലാക്കയത്തിലാകാനാണ് ഈ റോഡിന് വിധി. കഴിഞ്ഞ മാസവും അഞ്ച് ദിവസം വെള്ളത്തിനടിയിലായിരുന്നു. നൂറിലധികം കുടുംബങ്ങളാണ് ഈ വഴി സ്ഥിരമായി ഉപയോഗിക്കുന്നത്. പ്രധാന പാതയുടെ കുറുക്കുവഴിയാകയാൽ എളുപ്പത്തിനായി കടന്നുവരുന്നവരുമുണ്ട്. വീതിക്കുറവും വളവും തിരിവും വഴിയിലേക്ക് ഇറങ്ങിനിൽക്കുന്ന കാടും ഇളകിക്കിടക്കുന്ന മെറ്റലും ഓരോ ചുവടിലും അപകടക്കെണിയൊരുക്കി കാത്തിരിക്കുന്നു. കടന്നുകിട്ടിയാൽ ഭാഗ്യം എന്നുപറയാം. പഞ്ചായത്ത് ഫണ്ടിൽ അല്പദൂരം വീതം ടാർ ചെയ്യാറുണ്ട്. എന്നാൽ, ചെയ്തിടം തകരുമ്പോഴാണ് ബാക്കിഭാഗം നന്നാക്കുക. സംസ്ഥാന സർക്കാരിന്റെ ആസ്തി വികസന ഫണ്ട്, എം.എൽ.എ. ഫണ്ട്, വെള്ളപ്പൊക്കദുരിതാശ്വാസ ഫണ്ട് തുടങ്ങിയ ഇനങ്ങളിൽ ഇത്രയും ദൂരം നവീകരിക്കാം. ജില്ലാ പഞ്ചായത്തിനും തുക അനുവദിക്കാം.

പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന എന്ന കേന്ദ്രസർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തിയും പുനരുദ്ധരിക്കാമായിരുന്നു. പഞ്ചായത്ത് ഇതിനായി നിർദേശിച്ച് തീരുമാനമെടുത്തതായി നേരത്തേ പ്രഖ്യാപിക്കുകയും ചെയ്തതാണ്. ഈ പദ്ധതിയിൽ ഏറ്റെടുക്കാൻ കുറഞ്ഞത് മൂന്ന് കിലോമീറ്റർ നീളം വേണമെന്നതിനാൽ പള്ളിപ്പടി മുതൽ കീഴ്വായ്പൂര് ചന്ത വരെയും അവിടെനിന്ന് പവ്വത്തിപ്പടി വരെയുമെത്തുന്ന റോഡ് ഭാഗമാണ് ഉൾപ്പെടുത്തിയതായി പറഞ്ഞിരുന്നത്. എന്നാൽ, ഇതുവരെ ഒന്നും നടപ്പായില്ല.

കല്ലുപാലവും പമ്പഴപ്പാലവും മുങ്ങുന്നതിനാൽ കീഴ്വായ്പൂര് തെക്കേഭാഗം നിവാസികൾ വെള്ളപ്പൊക്കകാലത്ത് ദ്വീപിലെന്ന പോലെ ഒറ്റപ്പെടുന്ന അവസ്ഥയാണ്. ഇതിന് പരിഹാരമായി നാറാണത്ത് പടി മുതൽ പടുതോട് വരെ രണ്ട് മീറ്റർ പൊക്കത്തിൽ ഉയർത്തി ടാർചെയ്യാനാണ് നടപടി വേണ്ടത്.