വർഷങ്ങളായി കറന്റില്ല; അഗ്നിസുരക്ഷാസംവിധാനവും

To advertise here,

മല്ലപ്പള്ളി : അധ്യയനവർഷം തുടങ്ങിയിട്ട് നാലുമാസം തീരാറായി. എഴുമറ്റൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ കെട്ടിടം തുറക്കാൻ നീക്കമില്ല. മൂന്നരക്കോടി രൂപ ചെലവഴിച്ച് നിർമിച്ച മന്ദിരത്തിന്റെ ഉദ്‌ഘാടനം 2023 മേയ് 23-ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് നിർവഹിച്ചത്. ഇതിൽ അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താത്തതിനാൽ

തദ്ദേശസ്വയംഭരണ വകുപ്പ് കെട്ടിട നമ്പർ ഉൾപ്പെടുന്ന പ്രവർത്തനാനുമതി നൽകിയിട്ടില്ല. വൈദ്യുതിബന്ധവും സ്ഥാപിച്ചിട്ടില്ല. ഇന്നേവരെ ക്‌ളാസുകൾ തുടങ്ങിയിട്ടുമില്ല. ക്‌ളാസ് മുറിയിലേക്ക് കാട് കടന്നുകയറുന്നു. വള്ളിച്ചെടികൾ പടരുന്നുമുണ്ട്.

നിലവിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികളും അധ്യാപകരും പരീക്ഷണശാലകൾ അടക്കമുള്ള മറ്റ് വിഭാഗങ്ങളും ഹൈസ്കൂൾ കെട്ടിടത്തിലെ മുറികളിൽ ഞെരുങ്ങിയാണ് കഴിയുന്നത്. പഠനസൗകര്യത്തെ ഇത് ബാധിക്കുന്നു. ‘വാപ്‌കോസ്’ എന്ന കമ്പനിയാണ് കിഫ്‌ബി ഫണ്ടിൽ കെട്ടിടം പണിതത്. കിഫ്‌ബി ഫണ്ടിൽ മൂന്നുകോടിയും രാജു എബ്രഹാം എം.എൽ.എ. ആയിരുന്നപ്പോൾ അനുവദിച്ച അരക്കോടിയുമാണ് പദ്ധതിക്കായി വിനിയോഗിച്ചത്. രണ്ട് ബ്ലോക്കുകളിൽ ഒന്നിന് രണ്ടും അടുത്തതിന് മൂന്നും നിലകളുണ്ട്. ഹാൾ, ക്ലാസ് മുറികൾ, പരീക്ഷണശാലകൾ, അധ്യാപകർക്കും ജീവനക്കാർക്കും പ്രത്യേക മുറികൾ. ശൗചാലയങ്ങൾ എന്നിവയാണ് പ്രധാന ഘടകങ്ങൾ.പുതിയ കെട്ടിടത്തിന് അഗ്നിരക്ഷാസൗകര്യങ്ങൾ ഒരുക്കാൻ 20 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചിരുന്നു. ഇതിന്റെ സിവിൽ പ്രവൃത്തികൾക്കായി മൂന്നുമാസം മുൻപ് 14 ലക്ഷം രൂപയുടെ കരാറും വെച്ചു. 5.82 ലക്ഷം രൂപയുടെ ഇലക്ട്രിക്കൽ ജോലികൾക്ക് ആരും മുന്നോട്ട് വന്നില്ല. ഒക്ടോബർ മൂന്ന് അവസാന തീയതിയായി വീണ്ടും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഇവ രണ്ടും പൂർത്തിയായാൽ മാത്രമേ വിവിധ അനുമതികൾക്കായി അപേക്ഷിക്കാൻ കഴിയൂ എന്നതാണ് അവസ്ഥ.