പരവൂർ : കല്ലുംകുന്ന് സുനാമി ഫ്ളാറ്റ് സമുച്ചയത്തിലെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ ഭവനരഹിതർക്ക് നൽകാനുള്ള പദ്ധതി മുടങ്ങി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടങ്ങിയ നടപടികൾ നിലച്ചതോടെ 220 ഫ്ലാറ്റുകളാണ് ഉപയോഗിക്കാതെ നശിക്കുന്നത്.
രണ്ടുവർഷംമുൻപ് അന്നത്തെ മന്ത്രി പരവൂരിലെത്തിയപ്പോൾ ഫ്ളാറ്റുകൾ ഭവനരഹിതർക്ക് നൽകാനുള്ള വഴിതേടിയിരുന്നു. തുടർന്ന് കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നതിന്റെ അടങ്കലും ഗുണഭോക്തൃപ്പട്ടികയും തയ്യാറാക്കാൻ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. കെട്ടിടങ്ങൾ അറ്റകുറ്റപ്പണി ചെയ്യാൻ ഒന്നരക്കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. എന്നാൽ തുടർനടപടികളുണ്ടായില്ല.
കല്ലുംകുന്ന് സുനാമി ഫ്ളാറ്റ് സമുച്ചയത്തിൽ 274 കുടുംബങ്ങൾക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. 59 കുടുംബങ്ങളാണ് നിലവിൽ താമസിക്കുന്നത്. ബാക്കിയുള്ള കെട്ടിടങ്ങൾ തകർന്നും പരിസരം കാടുമൂടിയും ശോച്യാവസ്ഥയിലാണ്. ഇഴജന്തുക്കൾക്കും തെരുവുനായകൾക്കും പുറമേ ലഹരിസംഘങ്ങളും കെട്ടിടങ്ങൾ െെകയേറിയതായി പരാതിയുണ്ട്. ജനാലകളെല്ലാം അടിച്ചുതകർത്തനിലയിലാണ്. വാതിലുകളുൾെപ്പടെ കവർന്നിട്ടുമുണ്ട്. ഇത് പരിസരത്തെ താമസക്കാർക്കും ബുദ്ധിമുട്ടാകുകയാണ്.
ശാസ്ത്രീയ മാലിന്യസംസ്‌കരണസംവിധാനമോ അഴുക്കുചാലുകളോ ഒരുക്കാതെയാണ് 22 വർഷംമുൻപ് സമുച്ചയം നിർമിച്ചത്. ഫ്ളാറ്റ് സമുച്ചയം ഇതുവരെ കൈമാറാത്തതിനാൽ നഗരസഭയ്ക്ക് ഇവിടെ തുക ചെലവാക്കാൻ കഴിയില്ല. രണ്ടുവർഷംമുൻപ് നടന്ന തീരസദസ്സിൽ ഇരവിപുരം, പരവൂർ സുനാമി ഫ്ളാറ്റ് സമുച്ചയങ്ങളുടെ നവീകരണത്തിന് 12 കോടി രൂപ അനുവദിക്കുമെന്ന് അറിയിച്ചിരുന്നു. പുക്കുളം സുനാമി ഫ്ളാറ്റ് അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ കല്ലുംകുന്ന് സുനാമി ഫ്ളാറ്റുകളുടെ മേൽക്കൂരയും ചുവരുകളുമടക്കം അടർന്നനിലയിലാണ്. അതിനാൽ നവീകരണം എത്രത്തോളം ഫലപ്രദമാകുമോയെന്ന കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നു.
Published: 30 Sept 2026, 01:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented